Kerala

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപോര്‍ട് സമര്‍പ്പിച്ചതെന്ന് ഫ്‌ളാറ്റുടമകള്‍

സുപ്രീംകോടതി വിധി നടപ്പാക്കുക വഴി നാനൂറോളം കുടുംബങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിനും തങ്ങളുടെ ഭാഗംകേള്‍ക്കുന്നതിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. തങ്ങളുടെ പ്രയാസങ്ങള്‍ സമൂഹത്തെയും മരട് നഗരസഭ ഭരണസമിതി അംഗങ്ങളെയുംബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിന് ഈ മാസം 30-ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ മരട് നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപോര്‍ട് സമര്‍പ്പിച്ചതെന്ന് ഫ്‌ളാറ്റുടമകള്‍
X

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപോര്‍ട് സമര്‍പ്പിച്ചതെന്നും ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലിക അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്നും ഫ്‌ളാറ്റുടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക വഴി നാനൂറോളം കുടുംബങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിനും തങ്ങളുടെ ഭാഗംകേള്‍ക്കുന്നതിനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടും തെരുവിലേക്കിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. തങ്ങളുടെ പ്രയാസങ്ങള്‍ പൊതുസമൂഹത്തെയും നഗരസഭ ഭരണസമിതി അംഗങ്ങളെയും മറ്റ് ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിന് ഈ മാസം 30-ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ മരട് നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താന്‍ മരട് ഭവന സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുകയാണ്. മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ധര്‍ണ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

2011-ലെ സിആര്‍ഇസെഡ് നോട്ടിഫിക്കേഷന്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് 2019 ഫെബ്രുവരി 28-ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതുമായ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാനില്‍ മരട് ഉള്‍പ്പെടുന്ന പ്രദേശത്തെ സിആര്‍ഇസെഡ്-2-ലാണ് പെടുത്തിയിരുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം മറച്ചുവെച്ചാണ് 1996-ലെ അവ്യക്തതകള്‍ ഉള്ള പ്ലാന്‍ പ്രകാരം പ്രദേശം ിആര്‍ഇസെഡ്-3-ലാണെന്ന് കാണിച്ച് കോടതിക്ക് റിപോര്‍ട്ട് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. അങ്ങനെയാണെങ്കില്‍ മരട് പ്രദേശത്തെ 2019 ഫെബ്രുവരിക്ക് മുമ്പ് നിര്‍മിച്ചിട്ടുള്ള 2000-ലേറെ വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതായി വരും. സുപ്രീംകോടതി വിധി സംസ്ഥാനത്താകെ നടപ്പായാല്‍ തീരദേശ മേഖലയിലെ പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകും. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്ത് വന്‍ സാമൂഹ്യ-പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതമാണ് ഉണ്ടാക്കുക. തങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും മറ്റനേകരുടെ വീടുകള്‍ സംരക്ഷിക്കാനും അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, സി.എം. വര്‍ഗീസ്, ജോര്‍ജ് കോവൂര്‍, ബിയോജ് ചേന്നാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it