Kerala

രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാർത്തി നിശബ്ദമാക്കരുത്: സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ

ഹിന്ദുത്വ ദേശീയവാദികളുടെ ചുവടുപിടിച്ച് കേരളത്തെയും നിയമബാഹ്യ കൂട്ടക്കൊലകളുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും ഇടമാക്കി മാറ്റുന്നതിനെതിരേ രാഷ്ട്രീയ ജാഗ്രത ഉയർന്നുവരണം.

രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാർത്തി നിശബ്ദമാക്കരുത്: സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ
X

കോഴിക്കോട്: രാഷ്ടീയ വിസമ്മതങ്ങളെയും എതിർസ്വരങ്ങളെയും ഭീകരമുദ്ര കുത്തി നിശബ്ദമാക്കരുതെന്ന് സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ. ജനാധിപത്യ ഇടങ്ങളെ നിർവീര്യമാക്കാനുള്ള കേരള സർക്കാരിന്റെ ഈ ശ്രമങ്ങൾ അപലപനീയമാണ്. ദേശസുരക്ഷ ഉയർത്തി വിമർശനങ്ങളെ അമർച്ച ചെയ്യുകയും പൗരജീവിതത്തെ നിരന്തരമായി നിരീക്ഷണത്തിൽ വെച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന ഭയാനകമായ സാഹചര്യം കേരളത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നെന്ന് പൊതു പ്രസ്താവനയിലൂടെ പറഞ്ഞു.

ഹിന്ദുത്വ ദേശീയവാദികളുടെ ചുവടുപിടിച്ച് കേരളത്തെയും നിയമബാഹ്യ കൂട്ടക്കൊലകളുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും ഇടമാക്കി മാറ്റുന്നതിനെതിരേ രാഷ്ട്രീയ ജാഗ്രത ഉയർന്നുവരണം. 42 യുഎപിഎ കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു അതിൽ നിന്ന് പിന്മാറിയ സർക്കാർ പൗരസമൂഹത്തെ വഞ്ചിച്ചു. യുഎപിഎ കേസുകളും വ്യാജ ഏറ്റുമുട്ടലുകളും കേരളത്തിൽ നിരന്തരം ആവർത്തിക്കപ്പെടുകയുമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിൽ തന്നെ ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ യുഎപിഎ കേസുകൾ ചുമത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 165 ലേറെ യുഎപിഎ കേസുകളാണ് കേരളത്തിൽ പോലീസ് എടുത്തിരിക്കുന്നത്. ഒരേ സമയം ഇത്തരം ഭീകര നിയമങ്ങൾക്കെതിരെയാണ് തങ്ങളുടെ നിലപാട് എന്നു പറയുകയും എന്നാൽ സകല വിയോജിപ്പുകൾക്കെതിരെയും ഇത്തരത്തിലുള്ള നിയമങ്ങൾ ആയുധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതുപക്ഷ സർക്കാർ വെച്ചു പുലർത്തുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

മനുഷ്യാവകാശ പൗരാവകാശ പ്രവർത്തകരായ ഗ്രോ വാസു, സികെ അബ്ദുൽ അസീസ്, കെ മുരളി, ഒ അബ്ദുറഹ്മാൻ, ഡോ ആസാദ്, ഗോപാൽ മേനോൻ, കെ കെ രമ, പി അംബിക തുടങ്ങിയ നിരവധി പേരാണ് പൊതുപ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it