Kerala

പാലാരിവട്ടം പാലം: നിര്‍മ്മാണത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ റിപ്പോര്‍ട്ട്

പരിശോധന റിപ്പോര്‍ട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലാരിവട്ടം പാലം:  നിര്‍മ്മാണത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ശ്രീധരന്റെ  റിപ്പോര്‍ട്ട്
X

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ഇ ശ്രീധരന്റെ പരിശോധന റിപ്പോര്‍ട്ട്. നിര്‍മാണത്തിലെ അപാകതയും ക്രമക്കേടും നിമിത്തം തകര്‍ച്ചയിലായ പാലാരിവട്ടം മേല്‍പ്പാലത്തില്‍ പരിശോധന നടത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പാലത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധന റിപ്പോര്‍ട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.

ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂര്‍ണമായും പൊളിച്ചു നീക്കിയതിനു ശേഷം വീണ്ടും നിര്‍മിക്കണോ അതോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കോടികള്‍ മുടക്കി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്നു വര്‍ഷം പിന്നിടുന്നതിനു മുമ്പേ തകര്‍ച്ചയിലാകുകയായിരുന്നു. ഇതേ തുര്‍ന്ന് കഴിഞ്ഞ മെയ് മുതല്‍ പാലം അടച്ചിട്ടിരിക്കുകയാണ്.


പാലത്തിന്റെ തകരാറ് സംബന്ധിച്ച് ചെന്നൈ ഐഐടി സംഘം പരിശോധന നടത്തി സര്‍ക്കാരിന് റിപോർട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നുവെങ്കിലും ഇതുകൊണ്ടു മാത്രം പാലത്തിന്റെ തകരാര്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരനെ സര്‍ക്കാര്‍ പരിശോധനയ്ക്കായി നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ,കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി ശ്രീധരന്റെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തിയിരുന്നു.

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ, നിര്‍മാണം കരാറിനെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 17 പേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. ഇതു പ്രകാരമുള്ള നടപടികള്‍ നടന്നു വരികയാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it