Kerala

പാലാരിവട്ടം പാലം: ടി ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു ;ഇബ്രാഹിംകുഞ്ഞിനെതിരെ കുടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന

രാവിലെ 10 നു ശേഷം ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് അവസാനിച്ചത്.അന്വേഷണം നടന്നു വരികയാണെന്നും ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

പാലാരിവട്ടം പാലം:  ടി ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു ;ഇബ്രാഹിംകുഞ്ഞിനെതിരെ കുടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന
X

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ സൂരജില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായിട്ടാണ് സൂചന. കോടതിയുടെ അനുമതിയോടെ ഇന്ന് രാവിലെ ജെയിലിലെത്തിയായിരുന്നു വിജിലന്‍സ്് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ സൂരജിനെ ചോദ്യം ചെയ്തത്. നേരത്തെ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍,ബെന്നി പോള്‍, എം ടി തങ്കച്ചന്‍ എന്നിവരെ വിജിലന്‍സ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലും മാധ്യമ പ്രവര്‍ത്തകരോടും മുന്‍ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

എഗ്രിമെന്റില്‍ ഇല്ലാതിരുന്നിട്ടും വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് കരാറുകാരന് മുന്‍കൂറായി പണം നല്‍കിയതെന്നതടക്കമുള്ള ആരോപണമാണ് ടി ഒ സൂരജ് ഉന്നയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാരിന്റെ ഉപകരണം മാത്രമായിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു. സൂരജിന്റെ ആരോപണങ്ങള്‍ ഇബ്രാഹിംകുഞ്ഞ് തള്ളിയിരുന്നുവെങ്കിലും ആരോപണങ്ങളില്‍ വ്യക്തത വരുത്തി ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കുന്നതിനായിരുന്നു വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍.രാവിലെ 10 നു ശേഷം ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് അവസാനിച്ചത്.അന്വേഷണം നടന്നു വരികയാണെന്നും ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ഡിവൈഎസ്പി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Next Story

RELATED STORIES

Share it