Kerala

പാലാരിവട്ടം മേല്‍പ്പാലം നാളെ തുറന്നേക്കും

പാലത്തിലെ ഗുരുതരമായ കേടുപാടുകള്‍ പരിഹരിച്ചെന്നും ജൂണ്‍ ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കാമെന്നും പാലത്തില്‍ പരിശോധന നടത്തിയ മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ പറഞ്ഞതായാണ് വിവരം. മഴയ്ക്ക് ശേഷം പണികള്‍ വീണ്ടും തുടരും

പാലാരിവട്ടം മേല്‍പ്പാലം നാളെ തുറന്നേക്കും
X

കൊച്ചി: ബലക്ഷയത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലം ജൂണ്‍ ഒന്നിന് തുറന്നേക്കും.പാലത്തിലെ ഗുരുതരമായ കേടുപാടുകള്‍ പരിഹരിച്ചെന്നും ജൂണ്‍ ഒന്നിന് പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കാമെന്നും പാലത്തില്‍ പരിശോധന നടത്തിയ മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ പറഞ്ഞതായാണ് വിവരം. മഴയ്ക്ക് ശേഷം പണികള്‍ വീണ്ടും തുടരും. ഡെക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യയില്‍ പണിത പാലത്തിന്റെ എക്സ്പാന്‍ഷന്‍ ജോയിന്റുകള്‍ ഉറപ്പിക്കല്‍, പ്രൊഫൈല്‍ കറക്ഷന്‍, ടാറിംഗ് ജോലികള്‍ എന്നിവ പൂര്‍ത്തിയായി. മദ്രാസ് ഐഐടിയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പണിയും അവസാനവട്ട പരിശോധനയും നടന്നത്.

പാലത്തിന്റെ ബലക്ഷയം, വിള്ളല്‍ എന്നിവയ്ക്കും താല്‍ക്കാലിക പരിഹാരം കണ്ടിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നത് കണക്കിലെടുത്താണ് തിടുക്കപ്പെട്ട് പാലം തുറക്കുന്നത്. മഴക്കാലം മാറിയ ശേഷം വീണ്ടും പണി തുടങ്ങും. മൂന്ന് മാസക്കാലത്തെ ജോലികള്‍ ഇനിയും ബാക്കിയുണ്ട്. പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് പ്രാഥമിക റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപോര്‍ട്ട് പരിശോധിച്ച് വിജിലന്‍സ് ഡയറക്ടറാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തീരുമാനം എടുക്കുക.

പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് എറണാകൂളം യൂനിറ്റ് എസ് പി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ആര്‍ അശോക് കുമാറാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പാലം നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന കിറ്റ്‌കോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേന്‍ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നു.ഇതു കൂടാതെ പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനി അധികൃതരുടെയും മൊഴി രേഖപെടുത്തിയിരുന്നു.പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം കൂടി ലഭ്യമായതിന് ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്.

പാലം നിര്‍മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റും കമ്പികളുമാണെന്നും കോണ്‍ക്രീറ്റിങ്ങില്‍ വീഴ്ച വന്നുവെന്നും പരിശോധന റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഗര്‍ഡറുകളില്‍ നിരവധി വിള്ളലുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഈ വിള്ളലുകള്‍ വലുതാകുന്നുണ്ടോ എന്നും പരിശോധിച്ചു. പാലത്തിന്റെ ഒരു തൂണിലെ ബെയറിങ്ങിന്റെ നിര്‍മ്മാണത്തിലും അപാകതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അറിയുന്നു.

Next Story

RELATED STORIES

Share it