Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ പോലിസ് ഹാജരാക്കിയപ്പോള്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്

ഹൈക്കോടതി രജിസ്ട്രാര്‍ സബോര്‍ഡിനേറ്റിന് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ പകര്‍പ്പാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഡി ബി ബിനുവിനു വിവരാവകാശ നിയമ പ്രകാരം ലഭിച്ചത്. രാജ്കുമാറിനെ പരിശോധിച്ച മെഡിക്കല്‍ രേഖകളില്‍ നിന്നു അയാള്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണെന്ന വിവരം മജിസ്ട്രേറ്റ് അവഗണിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ പോലിസ് ഹാജരാക്കിയപ്പോള്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്
X

കൊച്ചി: നെടുങ്കണ്ടത്ത് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പോലിസ് ഹാജരാക്കിയപ്പോള്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്. ഹൈക്കോടതി രജിസ്ട്രാര്‍ സബോര്‍ഡിനേറ്റിന് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ പകര്‍പ്പാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഡി ബി ബിനുവിനു വിവരാവകാശ നിയമ പ്രകാരം ലഭിച്ചത്. രാജ്കുമാറിനെ പരിശോധിച്ച മെഡിക്കല്‍ രേഖകളില്‍ നിന്നു അയാള്‍ നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണെന്ന വിവരം മജിസ്ട്രേറ്റ് അവഗണിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 16 നു രാജ്കുമാറിനെ ഡോക്ടര്‍ രണ്ടു തവണ പരിശോധിച്ച വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു പരിശോധനയിലും രാജ്കുമാറിനു നില്‍ക്കാന്‍ പോലും ശേഷിയിലാത്ത അവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

രാജ്കുമാറിന്റെ ആരോഗ്യനില സംബന്ധിച്ചു മജിസ്ട്രേറ്റു ശ്രദ്ധിച്ചിട്ടില്ല.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ പ്രതി രാജ്കുമാറിനെ ജൂണ്‍ 12ന് പോലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും 15ന് വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. രാജ്കുമാര്‍ ഇടുക്കി പോലിസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്നത് ഇടുക്കി മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല. നെടുംകണ്ടത്തു നിന്നും ഇടുക്കി മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും കാലതാമസം സംബന്ധിച്ച പോലിസ് രേഖപ്പെടുത്താത്തതിനെപ്പറ്റി മജിസ്ട്രേറ്റ് പരിശോധനയ്ക്കു വിധേയമാക്കിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചില്ല. രാജ്കുമാറിന്റെ ആശുപത്രി രേഖകള്‍ പരിശോധിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് മജിസ്ട്രേറ്റിന് സംഭവിച്ചത്.

16ന് രാത്രിയില്‍ ഹാജരാക്കിയപ്പോള്‍ പോലിസ്് ജീപ്പില്‍ വച്ചാണ് ഇടുക്കി മജിസ്ട്രേറ്റ് പ്രതി രാജ്കുമാറിനെ കാണുന്നത്. ് പ്രതിയുമായി വന്ന വാഹനത്തിനു മജിസ്ട്രേറ്റിന്റെ വസതിയുടെ മുറ്റത്തേക്ക് പ്രവേശിക്കുന്നതിനു യാതൊരുവധ തടസവുമില്ല. എന്നിട്ടും ഗേറ്റ് തുറന്നു പ്രതിയെ മജിസ്ട്രേറ്റിന്റെ അടുത്തു കൊണ്ടുവരുന്നതിനു പോലിസിനു നിര്‍ദ്ദേശം നല്‍കിയില്ല. മജിസ്ട്രേറ്റിന്റെ വീടിന്റെയും പരിസരത്തിന്റെയും ഫോട്ടോഗ്രാഫുകള്‍ പരിശോധിച്ചു നോക്കിയെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നടക്കാന്‍ കഴിയാത്തതെന്താണെന്നു പോലിസിനോട് മജിസ്ട്രേറ്റ് ചോദിച്ചിരുന്നുവെന്നും അയാള്‍ വീണതുകൊണ്ടു നടക്കാന്‍ കഴിയില്ലെന്നു പോലിസ് മറുപടി നല്‍കിയതായും മജിസ്ട്രേറ്റ് സി ജെ എമ്മിനോട് ബോധിപ്പിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ റിമാന്റ് വാറണ്ടില്‍ ആവശ്യമായ വൈദ്യപരിശോധന നല്‍കണമെന്നു ജയില്‍ സൂപ്രണ്ടിനു നിര്‍ദ്ദേശം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it