Kerala

എന്‍ആര്‍സി ബഹിഷ്‌കരിക്കാന്‍ പ്രസ്ഥാനങ്ങള്‍ ആഹ്വാനം നല്‍കണം: പി അബ്ദുല്‍ മജീദ് ഫൈസി

എന്‍ആര്‍സി നടപ്പായാല്‍ വയനാട് ജില്ലയില്‍ ആദിവാസി, ദലിത് വിഭാഗങ്ങളായിരിക്കും ഏറ്റവുമധികം പുറത്താക്കപ്പെടുന്നത്. അവര്‍ക്ക് എന്തു രേഖയാണ് പൗരത്വം തെളിയിക്കാന്‍ ഹാജരാക്കാനാവുന്നത്.

എന്‍ആര്‍സി ബഹിഷ്‌കരിക്കാന്‍ പ്രസ്ഥാനങ്ങള്‍ ആഹ്വാനം നല്‍കണം: പി അബ്ദുല്‍ മജീദ് ഫൈസി
X

മാനന്തവാടി: എന്‍ആര്‍സി ബഹിഷ്‌കരിക്കാന്‍ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. രാജ്യത്ത് നടക്കുന്നത് കേവലം സിഎഎക്കും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭം മാത്രമല്ല, ഫാഷിസത്തിനെതിരായ സമ്പൂര്‍ണ വിപ്ലവമാണ്. ഫാഷിസത്തെ കെട്ടുകെട്ടിച്ചാലല്ലാതെ ഈ വിപ്ലവം അവസാനിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ വയനാട് ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സംഘപരിവാര്‍ അധികാരത്തിലെത്തിയതു മുതല്‍ സവര്‍ണാധിപത്യം സ്ഥാപിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്.

‌എന്‍ആര്‍സി നടപ്പായാല്‍ വയനാട് ജില്ലയില്‍ ആദിവാസി, ദലിത് വിഭാഗങ്ങളായിരിക്കും ഏറ്റവുമധികം പുറത്താക്കപ്പെടുന്നത്. അവര്‍ക്ക് എന്തു രേഖയാണ് പൗരത്വം തെളിയിക്കാന്‍ ഹാജരാക്കാനാവുന്നത്. ഒരു പക്ഷേ രേഖ കാണിച്ച് കുറച്ചുപേര്‍ക്ക് നിലനില്‍ക്കാനാവും. എന്നാല്‍ രേഖ കാണിക്കാന്‍ കഴിയാത്ത ഉറ്റവരെ പുറത്താക്കാന്‍ നമുക്ക് കഴിയുമോ. അതിനാല്‍ പുറത്താക്കപ്പെടുകയാണെങ്കിലും തടവിലാക്കപ്പെടുകയാണെങ്കിലും നമുക്ക് ഒരുമിച്ച് തന്നെ പോകാം. അതിനാല്‍ രേഖ കാണിക്കുകയില്ല എന്ന തീരുമാനമെടുക്കാന്‍ നാം തയ്യാറാവണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ ഹംസ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ കര്‍ണാടക സംസ്ഥാന സമിതിയംഗം അഡ്വ. ടി എച്ച് അബൂബക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പികെ രാധാകൃഷ്ണന്‍, ഓള്‍ ഇന്ത്യ എസ് സി, എസ് ടി കോണ്‍ഫെഡറേഷന്‍ സംസ്ഥാന രക്ഷാധികാരി എന്‍ മണിയപ്പന്‍, പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എസ് മുനീര്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ കമ്മറ്റി അംഗം അബൂബക്കര്‍ ഫൈസി, വെല്‍ഫെയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് കെ സൈദ് തുടങ്ങിയവർ സംസാരിച്ചു.

സമാപനസമ്മേളനത്തിനു മുന്നോടിയായി കണിയാരം ടിടിഐ യുപി സ്‌കൂള്‍ ജങ്ഷനില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് എരുമത്തെരുവ്, ന്യൂ ടാക്കീസ് വഴി പഞ്ചായത്ത് ബസ് സ്റ്റാന്റിലൂടെ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.

Next Story

RELATED STORIES

Share it