Top

നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ട സംഭവം കേരളത്തിന് അപമാനമെന്ന് ജനപ്രതിനിധികള്‍; യോഗം വിളിക്കാന്‍ സിയാലിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപെടുന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണം. ചെങ്ങല്‍ തോടിലെ തടസങ്ങള്‍ നീക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍)നോട് ആവശ്യപ്പെടുമെന്നും ഇതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം വിളിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി

നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ട സംഭവം കേരളത്തിന് അപമാനമെന്ന് ജനപ്രതിനിധികള്‍; യോഗം വിളിക്കാന്‍ സിയാലിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി
X

കൊച്ചി: മഴക്കാലത്ത് വെള്ളം കയറി നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപെടുന്നത് തടയണമെന്ന് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തന അവലോകന യോഗം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപെടുന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ചാലക്കുടി എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹനാന്‍ പറഞ്ഞു.ആവശ്യമായ മുന്‍കരുതലുകള്‍ വിമാനത്താവള അധികൃതര്‍ സ്വീകരിക്കാത്തതാണ് വിമാനത്താവളം അടയ്ക്കാന്‍ കാരണമാക്കിയത്. വിമാനത്താവള അധികൃതര്‍ സ്വീകരിച്ച നടപടികള്‍ ജനപ്രതിനിധികളെ അറിയിക്കണം. വിമാനത്താവളത്തിന് സമീപമുള്ള തോടുകളില്‍ സോളാര്‍ പദ്ധതിക്കായി തൂണുകള്‍ കെട്ടി വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയെന്നും ബെന്നി ബഹനാന്‍ എംപി ആരോപിച്ചു




.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചെങ്ങല്‍ തോടിലെ തടസങ്ങള്‍ നീക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍)നോട് ആവശ്യപ്പെടുമെന്നും ഇതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം വിളിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മഴ ശക്തമായതിനെ തുടര്‍ന്ന് ചെങ്ങല്‍ തോട് കരകവിഞ്ഞ് വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഒമ്പതു മുതല്‍ വിമാനത്താവളം അടച്ചിരുന്നു. തുടര്‍ന്ന് മഴകുറയുകയും പെരിയാറിലെ ജലനിരപ് താഴുകയും ചെയ്തതിനു ശേഷം ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്.കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിലും വിമാനത്താവളം ഇതേ രീതിയില്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു.വിമാനത്തവാളം അടച്ചതോടെ വിദേശത്തേയ്ക്ക് പോകേണ്ടിയിരുന്നതും വിദേശത്ത് നിന്നും വരുന്നവരുമടക്കം നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്്.ഈ പശ്ചാത്തലത്തിലായിരുന്നു യോഗത്തില്‍ ജനപ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്.തുടര്‍ന്നാണ് വിഷയം പരിഹരിക്കാന്‍ യോഗം വിളിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

മഴക്കെടുതിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കന്നവരെ സഹായിക്കാന്‍ സ്വകാര്യ വ്യക്തികളും വിവിധ സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ക്യാംപുകളും സംഭരണ കേന്ദ്രങ്ങളും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.ഔദ്യോഗിക സംവിധാനങ്ങളുമായി ചേര്‍ന്ന് സഹായമെത്തിക്കുന്നതിനുള്ള സ്ജജീകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരോ ജില്ലയിലും സജ്ജീകരിച്ചിട്ടുണ്ടെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ഹൈബി ഈഡന്‍എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍. വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, പി ടി തോമസ്, വി ഡി സതീശന്‍, അനൂപ് ജേക്കബ്, വി കെ ഇബ്രാഹിം കുഞ്ഞ്, കെ ജെ മാക്സി, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കലക്ടര്‍ എസ് സുഹാസ് വിവിധ വകുപ്പ് മേധാവികള്‍, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it