Kerala

എംഎസ്എഫില്‍ നടക്കുന്നത് മോദി സ്റ്റൈല്‍: മുന്‍ വനിതാ നേതാവ്

നമ്മുടെ പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാര്‍ കവര്‍ന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നമ്മള്‍ നോക്കി നില്‍ക്കുകയാണ്.

എംഎസ്എഫില്‍ നടക്കുന്നത് മോദി സ്റ്റൈല്‍: മുന്‍ വനിതാ നേതാവ്
X

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ ബഹളത്തിന് പിന്നാലെ പുതിയ വിവാദങ്ങള്‍. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. റിയാസിനെ നീക്കിയതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി.

നടപടി തന്നെ അറിയിച്ചില്ലെന്നും പത്രത്തിലൂടെ മാത്രമാണ് തന്നെ നീക്കിയ വാര്‍ത്ത അറിഞ്ഞതെന്നും റിയാസ് പ്രതികരിച്ചു. അതേസമയം ജില്ലാ കമ്മിറ്റിയിലെ പകുതിയോളം ഭാരവാഹികള്‍ സംസ്ഥാന കമ്മിറ്റിക്ക് രാജി സമര്‍പ്പിച്ചതായി സൂചനയുണ്ട്. പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ തലത്തിലെത്തിയത്.

ഡിസംബറില്‍ കോഴിക്കോട്ട് നടന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, സമാവായത്തിലെത്താതിനാല്‍ അന്ന് നടന്നില്ല. ഇതോടെ ഈ മാസം ഒമ്പതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ കൂടി. എന്നാല്‍, കൗണ്‍സിലില്‍ പുതിയ പ്രസിഡന്റിനെ ചൊല്ലി തര്‍ക്കമായി. മലപ്പുറത്ത് നിന്നുള്ള നിഷാദ് കെ സലീമിനെ പ്രസിഡന്റാക്കാന്‍ ഒരു വിഭാഗവും പികെ നവാസിനെ പ്രസിഡന്റാക്കാന്‍ മറ്റൊരു വിഭാഗവും വാദിച്ചതോടെ കൗണ്‍സിലില്‍ ബഹളമായി. ഇതോടെ കൗണ്‍സില്‍ പിന്നീട് നടത്തുമെന്ന് അറിയിച്ചു. പിന്നാലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും റിട്ടേണിങ് ഓഫീസര്‍ പിഎം സാദിഖലി അടക്കമുള്ള നേതാക്കളെ തടഞ്ഞുവെച്ചു. എംകെ മുനീറടക്കമുള്ള നേതാക്കളെത്തിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.

അതേസമയം എംഎസ്എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോള്‍ സംഘടനാ നേതൃത്വത്തിനെതിരേ സാമൂഹിക മാധ്യമത്തിലൂടെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. സത്യത്തില്‍ നമ്മുടെ പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാര്‍ കവര്‍ന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നമ്മള്‍ നോക്കി നില്‍ക്കുകയാണെന്ന് അവര്‍ പ്രതികരിച്ചു. സ്തുതി പാടുന്നവര്‍ക്കും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളൂ എന്നുള്ള മോദി സ്റ്റൈല്‍ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്നും ഹഫ്‌സ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Next Story

RELATED STORIES

Share it