Kerala

സര്‍ക്കാര്‍ ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നത് : മന്ത്രി കെ രാജന്‍

സംസ്ഥാനത്തെ ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ ഏകീകൃത പോര്‍ട്ടലിന് വഴിതുറക്കും. രണ്ട് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്വന്തം ഭൂമിയില്‍ ഏകീകൃത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും

സര്‍ക്കാര്‍ ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നത് : മന്ത്രി കെ രാജന്‍
X

കൊച്ചി: എല്ലാവര്‍ക്കും ഭൂമി നല്‍കുകയും എല്ലാ ഭൂമിക്കും രേഖ നല്‍കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 1.63 ലക്ഷം പേര്‍ക്ക് പട്ടയം വിതരണം ചെയ്തിരുന്നു. അതിന്റെ ഇരട്ടിപ്പേര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള സാധ്യത മുന്നിലുണ്ടെന്നും അത് വിനിയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊടുക്കാന്‍ തീരുമാനിച്ചാല്‍ പോര കൊടുത്തിരിക്കണം എന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ ഏകീകൃത പോര്‍ട്ടലിന് വഴിതുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്വന്തം ഭൂമിയില്‍ ഏകീകൃത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. സത്യസന്ധമായ അപേക്ഷകളില്‍ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്ത:സത്ത പാലിച്ച് സാധാരണക്കാരനെ ഭൂമിയുടെ ഉടമയാക്കുക എന്നത് ചെറിയ കാര്യമല്ലെന്നും പരമാവധി ആളുകള്‍ക്ക് ഭൂമി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മിച്ചഭൂമിയും അനധികൃത ഭൂമിയും കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.എറണാകുളം ജില്ലയില്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച 83.92 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും മന്ത്രി ഉറപ്പുനല്‍കി.

ജില്ലയില്‍ 2500 ലേറെ പട്ടയങ്ങള്‍ ലാന്റ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇവയില്‍ കഴിയുന്നത്ര അപേക്ഷകളില്‍ വിചാരണപൂര്‍ത്തിയാക്കി പട്ടയങ്ങള്‍ അനുവദിക്കും. ജീവനക്കാരുടെ അധിക ജോലിഭാരം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. താലൂക്ക് ലാന്റ് ബോര്‍ഡിലെ മിച്ചഭൂമി കേസുകളിലും നടപടികള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു.അവലോകനവും നടപടിക്രമങ്ങളുടെ തുടര്‍ച്ചയും പരിശോധനയും ഉറപ്പാക്കുന്ന പ്രവര്‍ത്തന സംവിധാനമാണ് റവന്യു വകുപ്പില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലാ മാസവും കലക്ടര്‍, ഡെപ്യൂട്ടികളക്ടര്‍ എന്നിവരുമായും രണ്ട് മാസം കൂടമ്പോള്‍ തഹസില്‍ദാര്‍മാരുമായും വില്ലേജ് ഓഫീസര്‍മാരുമായും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അറിയിച്ചു.

ഡിജിറ്റല്‍ അളവ് പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള നടപടികള്‍ക്ക് തടക്കം കുറിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 95 വില്ലേജ് ഓഫീസുകളില്‍ ഏകീകൃത ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കും. ഓണ്‍ലൈനില്‍ ഒറ്റ തണ്ടപ്പേരില്‍ ഭൂമി നികുതി ഒടുക്കുന്നതിനുള്ള സംവിധാനവും ഉടന്‍ യാഥാര്‍ഥ്യമാകും.യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, എഡിഎം എസ് ഷാജഹാന്‍, എച്ച് എസ് ജോര്‍ജ് ജോസഫ്,ഡെപ്യൂട്ടി കലക്ടര്‍മാര്‍ പങ്കെടുത്തു. പട്ടയവിതരണം, ഭൂമിയേറ്റെടുക്കല്‍, ഫയല്‍ നീക്കം തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

Next Story

RELATED STORIES

Share it