Kerala

എംബിബിഎസ് അഡ്മിഷന്റെ മറവില്‍ തട്ടിപ്പ്: വിദേശ മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

പോണ്ടിച്ചേരിയിലെ കോളജില്‍ സെന്റാക് വഴി എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച എളംകുളം സ്വദേശിയായ വിദേശമലയാളിയുടെ മകളുടെ ഇന്റര്‍വ്യൂ വിനായി കോളജില്‍ എത്തിയ സമയത്താണ് തട്ടിപ്പിന്റെ തുടക്കം. എംബിബിഎസിന് നിശ്ചയിച്ചിരിക്കുന്ന ഫീസായ ഒരു കോടി 10 ലക്ഷം രൂപ 80 ലക്ഷം ആയി ചുരുക്കുന്ന സ്‌കീം ഉണ്ടെന്നും ഈ സ്‌കീമില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്നും ഉറപ്പുനല്‍കിയാണ് ഇയാള്‍ പണം തട്ടിയത്

എംബിബിഎസ് അഡ്മിഷന്റെ മറവില്‍  തട്ടിപ്പ്: വിദേശ മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍   തട്ടിയ യുവാവ് അറസ്റ്റില്‍
X

കൊച്ചി: എംബിബിഎസ് അഡ്മിഷന്റെ മറവില്‍ വിദേശമലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര സ്വദേശി ജോബിന്‍ (32) ആണ് അറസ്റ്റിലായത്. പോണ്ടിച്ചേരിയിലെ കോളജില്‍ സെന്റാക് വഴി എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച എളംകുളം സ്വദേശിയായ വിദേശമലയാളിയുടെ മകളുടെ ഇന്റര്‍വ്യൂ വിനായി കോളജില്‍ എത്തിയ സമയത്താണ് തട്ടിപ്പിന്റെ തുടക്കം. കോളജില്‍ എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഇയാള്‍ കോളേജില്‍ വച്ച് പരിചയപ്പെടുകയും കോളജ് മാനേജ്മെന്റിലും രാഷ്ട്രീയ നേതാക്കളിലും വലിയ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എംബിബിഎസിന് നിശ്ചയിച്ചിരിക്കുന്ന ഫീസായ ഒരു കോടി 10 ലക്ഷം രൂപ 80 ലക്ഷം ആയി ചുരുക്കുന്ന സ്‌കീം ഉണ്ടെന്നും ഈ സ്‌കീമില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്നും ഇയാള്‍ ഉറപ്പുനല്‍കി. ഇതില്‍ സംശയം തോന്നാതിരുന്ന പരാതിക്കാരന്‍ ആദ്യ വര്‍ഷത്തെ ഫീസ് ആയി 40 ലക്ഷം രൂപ കോളജില്‍ അടയ്ക്കുന്നതിന് പ്രതിയുടെ അക്കൗണ്ട് വഴി നല്‍കുകയും ചെയ്തു. ആ തുകയില്‍ 25 ലക്ഷം രൂപ കോളേജില്‍ അടക്കുകയും ബാക്കി തുക ഇയാള്‍ കൈക്കലാക്കുകയുമായിരുന്നു.

ഒന്നാം വര്‍ഷ ക്ലാസ് അവസാനിക്കുന്ന സമയം മുഴുവന്‍ ഫീസും അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്ന സാഹചര്യത്തില്‍ എത്തി. തുടര്‍ന്ന് ഇന്റേണല്‍ എക്സാം എഴുതാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായപ്പോഴാണ് പ്രതിയുടെ തട്ടിപ്പ് മനസിലാകുന്നത്. തുടര്‍ന്ന് വിവരം വിദ്യാര്‍ഥിനി വീട്ടില്‍ അറിയിക്കുകയായിരുന്നു.കോളജ് അഡ്മിഷന്‍ സമയത്ത് അഡ്മിഷന്‍ കാര്യങ്ങളില്‍ ഇടപെട്ട പ്രതി രക്ഷിതാക്കള്‍ അറിയാതെ ലോക്കല്‍ ഗാര്‍ഡിയന്‍ ആയി സ്വന്തം പേരു നല്‍കിയിരുന്നു. തന്മൂലം കോളജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാതിക്കാരായ രക്ഷിതാക്കള്‍ക്ക് യഥാസമയം ലഭിച്ചില്ല. കോളജില്‍ നിന്നും ലോക്കല്‍ ഗാര്‍ഡിയനെന്ന നിലയില്‍ പ്രതിയേയായിരുന്നു വിവരങ്ങള്‍ അറിയിച്ചിരുന്നത്.

വിവരങ്ങള്‍ അറിഞ്ഞ പരാതിക്കാരന്‍ പ്രതിയുമായി ബന്ധപ്പെട്ടപ്പോള്‍ 15 ലക്ഷം രൂപ അയച്ചിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങളാലാണ് കോളജിന്റെ കണക്കില്‍ വരാത്തതെന്നും പ്രതി പറഞ്ഞു. പിന്നീട് കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് 25 ലക്ഷം രൂപ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് അറിഞ്ഞത്.തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് ഇയാള്‍ പറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ പോലിസില്‍ പരാതി നല്‍കിയത്. ഇയാള്‍ വൈക്കം, തിരുവനന്തപുരം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍, എസ്‌ഐ കെ സുനുമോന്‍, എഎസ്‌ഐ അരുള്‍, എസ്‌സിപിഓമാരായ അനില്‍, ജാക്സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it