Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ജനുവരി 11ന് ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത് എച്ച് ടു ഒ;പിന്നാലെ ആല്‍ഫ സെറിന്‍

ജനുവരി 11 ന് രാവിലെ 11ന് പൊളിക്കാന്‍ തുടങ്ങും. ഹോളി ഫെയ്ത്ത് ഫളാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക.ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ആല്‍ഫ സെറീനും പൊളിക്കും. 12ന് രാവിലെ 11ന് ഗോള്‍ഡന്‍ കായലോരവും ഉച്ചകഴിഞ്ഞ് രണ്ടിന് ജെയ്ന്‍ കോറല്‍കോവും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ നിലംപതിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ അറിയിച്ചു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ജനുവരി 11ന്  ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത് എച്ച് ടു ഒ;പിന്നാലെ ആല്‍ഫ സെറിന്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റുകളില്‍ ആദ്യത്തേത് ജനുവരി 11 ന് രാവിലെ 11ന് പൊളിക്കാന്‍ തുടങ്ങും.ഹോളി ഫെയ്ത്ത് ഫളാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ആല്‍ഫ സെറീനും പൊളിക്കും. 12ന് രാവിലെ 11ന് ഗോള്‍ഡന്‍ കായലോരവും ഉച്ചകഴിഞ്ഞ് രണ്ടിന് ജെയ്ന്‍ കോറല്‍കോവും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ നിലംപതിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ അറിയിച്ചു.ഫ്‌ളാറ്റുകള്‍ പൊളിക്കാനായി കലക്ടര്‍ എന്‍ഒസി നല്‍കിയിട്ടുണ്ട്. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിയും ഉടന്‍ ലഭിക്കും. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റാനും സുരക്ഷയൊരുക്കാനുമുള്ള നടപടിയായി. മുന്‍കരുതലായി ആവശ്യമെങ്കില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തും. ഫ്‌ളാറ്റുകളുടെ തൂണുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങള്‍ ഇടുന്നത് തുടരുകയാണ്. പ്രത്യേക വാഹനത്തിലാണ് സ്ഫോടകവസ്തുക്കളെത്തിക്കുക.ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ പരിസരവാസികള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക് പരിഹാരമായി നല്‍കുന്ന ഇന്‍ഷുറന്‍സിന് കാര്യത്തില്‍ അധികൃതര്‍ ധാരണയില്‍ എത്തി.

സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആല്‍ഫ ടവര്‍ ഒന്ന്, രണ്ട് എന്നിവയ്ക്കും എച്ച്ടുഒ ഹോളി ഫെയ്ത്തിന്നും 25 കോടി വീതവും ജെയ്ന്‍ കോറല്‍ കോവിനും ഗേള്‍ഡന്‍ കായലോരത്തിനും പത്ത് കോടി രൂപവീതവുമാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. സാങ്കേതിക സമിതിയുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. പൊളിക്കുന്ന ഫ്ളാറ്റുകളുടെ സമീപത്തെ വീടുകളുടെയും സ്ട്രക്ച്ചറല്‍ ഓഡിറ്റ് നടത്തും. വീടുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ഫ്ളാറ്റുകള്‍ പൊളിച്ച് കഴിഞ്ഞ ശേഷം കരാര്‍ ഏറ്റെടുത്ത കമ്പനി പരിഹരിക്കും. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ നഷ്ട പരിഹാരം കാലതാമസം കൂടാതെ കൈമാറും. പൊളിക്കുന്ന സമയത്ത് മൂന്നോ നാലോ മണിക്കൂര്‍ നേരത്തെക്കാണ് സമീപവാസികള്‍ മാറി നില്‍ക്കേണ്ടതുള്ളു.പൊളിക്കല്‍ നടപടികളുടെ അന്തിമ വിലയിരുത്തല്‍ ജനുവരി മൂന്നിന് നടക്കും. പോലിസ്, ട്രാഫിക്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

പൊളിക്കുന്നതിനു മുന്നോടിയായി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതു സംബന്ധിച്ച് മരട് നഗരസഭാ അധികൃതരും പരിസരവാസികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതാനും ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു.ഇതിന്റെ ഭാഗമായി ക്രിസ്മസ് ദിനത്തില്‍ സമര സമിതി നടത്താനിരുന്ന പട്ടിണി സമരം മാറ്റി വെച്ചിരുന്നു.ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായുള്ള സമീപവാസികളുടെ ആശങ്കകള്‍ സംബന്ധിച്ച് നിവേദനം സമര സമിതി ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനസാന്ദ്രത കുറവുള്ള പ്രദേശത്തെ ഫ്‌ളാറ്റുകളായ ജെയിനും ഗോള്‍ഡന്‍ കായലോരവും ആദ്യം പൊളിക്കണമെന്നാണ് സമരസമിതി മുന്നോട്ടു വെച്ച് ആവശ്യങ്ങളില്‍ ആദ്യത്തേത്.ഇന്‍ഷുറന്‍സ് പരിരക്ഷ, നിലവില്‍ വീടുകള്‍ക്ക് വന്നിരിക്കുന്ന വിള്ളലുക്ള്‍ പരിഹരിക്കാനുള്ള നടപടി ആര് സ്വീകരിക്കും എന്നടതടക്കമുള്ള വിഷയങ്ങളില്‍ വ്യക്തത വേണം എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.ഇത് പഠി്ച്ച ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 30 വരെ സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ തീരുമാനം അറിഞ്ഞതിനു ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനൊപ്പം സുപ്രിം കോടതിയെ സമീപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്.

Next Story

RELATED STORIES

Share it