Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 22 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഫ്‌ളാറ്റുടമകള്‍

പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. 266 പേരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്.രണ്ടു ദിവസം മുമ്പ് അമ്പതിലേറെ പേര്‍ക്ക് നഷ്ടപരിഹാരം കിട്ടാനുണ്ടായിരുന്നെങ്കിലും മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കുറച്ചു പേര്‍ക്ക് ധൃതിപിടിച്ച് നഷ്ടപരിഹാരം നല്‍കി.ഫ്ളാറ്റുകള്‍ പൊളിക്കുംമുമ്പ് പ്രാഥമിക നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കണം അല്ലാത്ത പക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കും.ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കും മുമ്പ് സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കോടതി നിയോഗിച്ച ഉന്നത സമിതിക്കോ കഴിഞ്ഞിട്ടില്ലെന്ന് ഫ്ളാറ്റുടമകള്‍ കുറ്റപ്പെടുത്തി

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 22 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഫ്‌ളാറ്റുടമകള്‍
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിംകോടതി നിര്‍ദേശ പ്രകാരം മരടിലെ മൂന്ന് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നാളെ പൊളിച്ചുനീക്കാനിരിക്കെ കോടതി നിര്‍ദേശിച്ച നഷ്ടപരിഹാരം മുഴുവന്‍ പേര്‍ക്കും ലഭിച്ചിട്ടില്ലെന്ന് ഫ്ളാറ്റുടമകള്‍. പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. 266 പേരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. ഇതില്‍ 22 ഫ്ളാറ്റ് ഉടമകള്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഫ്ളാറ്റുടമകള്‍ രൂപീകരിച്ച മരട് ഭവന സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു ദിവസം മുമ്പ് അമ്പതിലേറെ പേര്‍ക്ക് നഷ്ടപരിഹാരം കിട്ടാനുണ്ടായിരുന്നെങ്കിലും മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കുറച്ചു പേര്‍ക്ക് ധൃതിപിടിച്ച് നഷ്ടപരിഹാരം നല്‍കി.ഫ്ളാറ്റുകള്‍ പൊളിക്കുംമുമ്പ് പ്രാഥമിക നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കണമെന്നും അല്ലാത്ത പക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സമിതി ചെയര്‍മാന്‍ അഡ്വ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വ്യക്തമാക്കി.

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കും മുമ്പ് സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കോടതി നിയോഗിച്ച ഉന്നത സമിതിക്കോ കഴിഞ്ഞിട്ടില്ലെന്ന് ഫ്ളാറ്റുടമകള്‍ കുറ്റപ്പെടുത്തി. പ്രാഥമിക നഷ്ടപരിഹാരം അനുവദിക്കുന്നത് മുതല്‍ അലംഭാവ പൂര്‍ണമായ സമീപനമാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടേത്. സമിതി ആദ്യം നിശ്ചയിച്ച തുച്ഛമായ നഷ്ടപരിഹാരം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചപ്പോഴാണ് 25 ലക്ഷം രൂപ അനുവദിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. എന്നിട്ടും മുഴുവന്‍ പേര്‍ക്കും നഷ്ട പരിഹാരം ലഭ്യമാക്കാന്‍ സമിതി നടപടി സ്വീകരിച്ചില്ല. രേഖകളില്‍ അവ്യക്തതയുണ്ടെന്നും ഒന്നിലധികം ഫ്ളാറ്റുകള്‍ ഉള്ളത് കൊണ്ട് ഇക്കാര്യത്തില്‍ കോടതിയിയുടെ വ്യക്തത വേണമെന്നുമാണ് നഷ്ടപരിഹാരം വൈകുന്നതിനെ കുറിച്ച് സമിതിയുടെ നിലപാട്. സമിതി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചതിന് ശേഷമുള്ള ഈ നിലപാട് ശരിയല്ല. എല്ലാ ഫ്ളാറ്റ് ഉമടകള്‍ക്കും പ്രാഥമിക നഷ്ടപരിഹാരം ലഭിച്ചെന്നും സമര രംഗത്ത് നിന്ന് ഉടമകള്‍ പൂര്‍ണമായും പിന്‍മാറിയെന്നുമുള്ള വാദം തെറ്റിദ്ധാരണാജനകമാണ്. ഒരു മാസത്തിനകം നിലവിലെ കമ്പോള വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരം ലഭിക്കണം. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കില്‍ ഫ്ളാറ്റുടമകള്‍ വീണ്ടും സമര രംഗത്തിറങ്ങും. ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് കാരണമായത്. അതിനാല്‍ സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും സുപ്രിംകോടി നിയോഗിച്ച സമിതി ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. കെട്ടിടം നിര്‍മിക്കുന്നതിന് മുമ്പുള്ള തരിശ് ഭൂമിയുടെ മൂല്യം നിര്‍ണയിച്ചാണ് സമിതി നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇത് സ്വീകാര്യമല്ല. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും നിലവിലുള്ള മൂല്യം അടിസ്ഥാനമാക്കിയാണ് തുടര്‍ നഷ്ടപരിഹാരം നിര്‍ണയിക്കേണ്ടത്. സുപ്രിംകോടതിയില്‍ നിന്ന് ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനുണ്ടെന്നാണ് സമിതി പറയുന്നത്. സമിതിയുടെ കാലാവധി നീട്ടികിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. എല്ലായ്പ്പോഴും ശത്രുത മനേഭാവത്തോടെയാണ് സമിതി ഫ്ളാറ്റ് ഉടമകളോട് പെരുമാറുന്നത്. സുപ്രിംകോടതി നിര്‍ദേശിച്ചത് പോലെ കേരളത്തിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളുടെയും വിവരങ്ങള്‍ ചീഫ് സെക്രട്ടറി എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കണം. മരടില്‍ മാത്രം ആയിരത്തിലേറെ അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. സംസ്ഥാനമൊട്ടാകെയും നിരവധി അനധികൃത നിര്‍മാണങ്ങളുണ്ട്. ഇതേ കുറിച്ച് സര്‍ക്കാര്‍ അടിയന്തിരമായി റിപോര്‍ട്ട് സമര്‍പ്പിക്കണം. ഇനിയും മൗനം തുടര്‍ന്നാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും 13ന് മരട് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഭവന സംരക്ഷ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it