Kerala

മരട് ഫ്ളാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ക്രെഡായ്

തകര്‍ക്കാനല്ല പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കേണ്ടത്. ഏതാനും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയ്ക്ക് നിരപരാധികളാണ് ബലിയാടാക്കപ്പെട്ടത്. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്താനുണ്ടായ കാരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം ഇതിനായി റിട്ട.സുപ്രിം കോടതി ജഡ്ജിയെ തന്നെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

മരട് ഫ്ളാറ്റ് പൊളിക്കല്‍: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്  ക്രെഡായ്
X

കൊച്ചി: മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള ദുരവസ്ഥയ്ക്ക് കാരണമായതിനെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തകര്‍ക്കാനല്ല പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കേണ്ടത്. ഏതാനും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയ്ക്ക് നിരപരാധികളാണ് ബലിയാടാക്കപ്പെട്ടത്. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്താനുണ്ടായ കാരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം ഇതിനായി റിട്ട.സുപ്രിം കോടതി ജഡ്ജിയെ തന്നെ നിയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.യഥാര്‍ഥ വസ്തുതകള്‍ആരും ചര്‍ച്ച ചെയ്യുന്നില്ല.പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട അഞ്ച് ഫ്ളാറ്റുകളില്‍ ഹോളിഡേ ഹെറിറ്റേജ് നിര്‍മ്മിച്ചിട്ടു പോലുമില്ല. ഗോള്‍ഡന്‍ കായലോരം 1991 ലെ ആദ്യ സിആര്‍ഇസഡ് പ്രകാരമുള്ള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ തയാറാക്കും മുന്‍പ് നിര്‍മ്മിച്ചതാണ്. ആല്‍ഫാ വെഞ്ച്വേഴ്സ്, ഹോളി ഫെയ്ത് എന്നിവ 2006 ല്‍ ബില്‍ഡിങ്ങ് പെര്‍മിറ്റെടുത്ത് 2012 ല്‍ പണി പൂര്‍ത്തിയാക്കിയതാണ്. ജെയിന്‍ ഹൗസിങ്ങ് 2006 ല്‍ ബില്‍ഡിങ്ങ് പെര്‍മിറ്റ് ലഭിച്ചു 2010 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എട്ടോ പത്തോ വര്‍ഷമായി ഫ്‌ളാറ്റ് ഉടമകള്‍ കൃത്യമായി നികുതി അടച്ച് താമസിച്ചു വന്നിരുന്ന സ്ഥലമാണ് പൊളിക്കാന്‍ തീരുമാനിച്ചത്.

വ്യക്തതയില്ലാത്ത സിആര്‍ഇസഡ് നോട്ടിഫിക്കേഷന്‍, കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാനിലെ അപാകത, ആശയക്കുഴപ്പം നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ വിവിധ ഘട്ടങ്ങളിലുണ്ടായ നോട്ടിഫിക്കേഷനില്‍ വന്ന മാറ്റങ്ങള്‍ എന്നിവയാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് നയിച്ചത്. സാധാരണക്കാരായ ജനങ്ങള്‍ക്കാണ് ഇത് മൂലം നീതി നിഷേധിക്കപ്പെട്ടതെന്നും ക്രെഡായ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയ 1996 ലെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാനിലെ അപാകതകള്‍ 23 വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കപ്പെട്ടില്ല. ഇത്തരമൊരു രേഖയെ അടിസ്ഥാനമാക്കി കേരളത്തിലെ നിര്‍മ്മാണങ്ങള്‍ സിആര്‍ഇസഡ് നിയമം ലംഘിച്ചു നിര്‍മ്മിച്ചവയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും ക്രെഡായ് ഭാരവാഹികള്‍ ചോദിച്ചു.2018 നവംബര്‍ 27 നാണ് മരട് സി ആര്‍ ഇസഡ് രണ്ടിലാണോ മുന്നിലാണോ ഉള്‍പെടുന്നതെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ ഈ മൂന്നംഗ സമിതിയാകട്ടെ, നാല് പേരടങ്ങുന്ന മറ്റൊരു സബ്കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്.സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച് വാദികളായ തീരദേശ പരിപാലന അതോറിറ്റിയുടെ രണ്ടംഗങ്ങളും സബ്കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരാകട്ടെ സ്വയം രക്ഷയ്ക്കായി മരട് സിആര്‍ഇസഡ് മൂന്നിലാണെന്ന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു.

2019 ഫെബ്രുവരി 28 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എറണാകുളം ജില്ലയുടെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് മാപ്പ് അംഗീകരിക്കുകയും മരട് പ്രദേശത്തെ സിആര്‍ഇസഡ് രണ്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 2019 മാര്‍ച്ച് ഒന്നിനു തന്നെ ഈ വിവരം കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിക്ക് ലഭിച്ചിട്ടും ഇക്കാര്യം മാര്‍ച്ച് 12 ന് ഇവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നിന്ന് മറച്ചു വച്ചുവെന്നും ക്രഡായ് ഭാരവാഹികള്‍ പറഞ്ഞു.ഫ്ളാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാനോ അവര്‍ക്ക് ഒരു നോട്ടീസ് പോലും നല്‍കാനോ തയാറാകാതെയാണ് സബ് കമ്മിറ്റി സുപ്രീം കോടതിക്ക് റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി മെയ് എട്ടിന് ഉത്തരവിട്ടതെന്നും ക്രെഡായ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മാപ്പിങ്ങില്‍ വന്ന അപാകതയും അതോറിറ്റിക്ക് വന്ന വീഴ്ചയും കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തിയിരുനെങ്കില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടയാന്‍ കഴിയുമായിരുന്നു.

ശരിയായ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ ഇനിയെങ്കിലും തയാറാക്കിയില്ലെങ്കില്‍ കൂടുതല്‍ നിരപരാധികള്‍ ക്രൂശിക്കപ്പെട്ടേക്കാം. സര്‍ക്കാര്‍ ഇപ്പോള്‍ വിചാരിച്ചാലും കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടയാന്‍ കഴിയും. കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്ത ശേഷം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചാല്‍ പ്രത്യേക ഉത്തരവിലൂടെ അത് അംഗീകരിപ്പിക്കാന്‍ കഴിയുമെന്ന് ക്രെഡായ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിക്കും ഉദ്യോഗസ്ഥര്‍ക്കും വന്ന വീഴ്ചയുടെ പേരില്‍ ബില്‍ഡര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ക്രൂരതയാണ്. നിലനില്‍ക്കാത്ത ഒരു നിയമ ലംഘനത്തിന്റെ പേരില്‍ വിജിലന്‍സ് കേസെടുക്കുന്നതും ബില്‍ഡര്‍മാരെ ജയിലില്‍ അടയ്ക്കുന്നതും നീതിയുക്തമല്ലെന്നും നിലവിലുള്ള സമ്പ്രദായങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവത്തിന്റെ പേരില്‍ ബില്‍ഡര്‍മാര്‍ക്കെതിരായി നിലവില്‍ സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും നിര്‍ത്തി വെയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ക്രെഡായ് ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍, മുന്‍ ദേശീയ ഖജാന്‍ജി അബ്ദുള്‍ അസീസ്, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, മുന്‍ ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ്, കെ ശ്രീകാന്ത്, പരിസ്ഥിതി കണ്‍സള്‍ട്ടന്റ് പി ഇസഡ്. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it