Kerala

വയനാട് 'ലെഗസി ഹോംസ്' റിസോര്‍ട്ട് ആക്രമണ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍

അട്ടമലയിലെ ലെഗസി ഹോംസ് റിസോര്‍ട്ട് പാര്‍ട്ടി തീരുമാനപ്രകാരം നാടുകാണി വിമോചന ഗറില്ലാ സേനയിലെ സഖാക്കള്‍ ആക്രമിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

വയനാട് ലെഗസി ഹോംസ് റിസോര്‍ട്ട് ആക്രമണ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍
X

കല്പറ്റ: വയനാട് മേപ്പാടി അട്ടമലയിലെ സ്വകാര്യ റിസോര്‍ട്ടിന് നേരേയുണ്ടായ ആക്രമണ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍. മാവോവാദി നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരില്‍ ആക്രമണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പത്രക്കുറിപ്പ് കല്‍പ്പറ്റ പ്രസ് ക്ലബില്‍ ലഭിച്ചു. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള താക്കീതാണ് ആക്രമണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

അട്ടമലയിലെ ലെഗസി ഹോംസ് റിസോര്‍ട്ട് പാര്‍ട്ടി തീരുമാനപ്രകാരം നാടുകാണി വിമോചന ഗറില്ലാ സേനയിലെ സഖാക്കള്‍ ആക്രമിച്ചതായി പ്രസ്താവനയില്‍ പറയുന്നു. അട്ടമല ഏറാട്ടുകുണ്ട് പണിയ ഊരിലെ അമ്മയേയും മകളേയും ബന്ധുവായ സ്ത്രീയേയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ റിസോര്‍ട്ട് ഉടമ ശ്രമിച്ചെന്ന് മാവോവാദികള്‍ ആരോപിക്കുന്നു.

റിസോര്‍ട്ട് നടത്തിപ്പുകാരന്‍ ഈ ആദിവാസി ഊരില്‍ അനാവശ്യ ക്ഷേമാന്വേഷണ സന്ദര്‍ശനം നടത്താറുണ്ട്, സ്ത്രീകളോട് മോശമായി പെരുമാറിയതിനുമാണ് ആക്രമണം. എന്നാല്‍ ടൂറിസം മേഖലയില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ആക്രമണത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ച് സമീപത്ത് അന്ന് തന്നെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ജനുവരി 15ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. റിസോര്‍ട്ടിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും കസേരകളില്‍ ചിലത് പുറത്തിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍, ടൂറിസം മാഫിയക്ക് എതിരേ ഒന്നിക്കണമെന്ന പോസ്റ്ററുകളും പതിച്ചിരുന്നു.

Next Story

RELATED STORIES

Share it