Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക; കോണ്‍ഗ്രസ് നേതാക്കളുടെ ഹരജി ഹൈക്കോടതി തള്ളി; അപ്പീല്‍ പോകുമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍,എം മുരളി,അഡ്വ.സുരേഷ് ബാബുഎന്നിവരാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നും ഒപ്പം 2020 ല്‍ 18 വയസ് പൂര്‍ത്തിയായവരെക്കൂടി പട്ടികയില്‍ ചേര്‍ക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം.2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടത്തുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെയക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക; കോണ്‍ഗ്രസ് നേതാക്കളുടെ ഹരജി ഹൈക്കോടതി തള്ളി; അപ്പീല്‍ പോകുമെന്ന് കോണ്‍ഗ്രസ്
X

കൊച്ചി: വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് നേതാക്കളായ എന്‍ വേണുഗോപാല്‍,എം മുരളി,അഡ്വ.സുരേഷ് ബാബുഎന്നിവരാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.വരാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നും ഒപ്പം 2020 ല്‍ 18 വയസ് പൂര്‍ത്തിയായവരെക്കൂടി പട്ടികയില്‍ ചേര്‍ക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം.2015 ല്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയാണ് ഉപയോഗിച്ചതെന്നും ഒപ്പം 2015 ല്‍ 18 വയസ് പൂര്‍ത്തിയായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ഇവര്‍ വാദിച്ചു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പലരും 2015 ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നും ഹരജിക്കാര്‍ വാദിച്ചു.

എന്നാല്‍ ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടത്തുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെയക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.ഇതു കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഹരജി കോടതി തള്ളിയത്. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള തീരുമാനം തിരഞ്ഞെടുപ്പു കമ്മീഷന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും ഇതില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എന്‍ വേണുഗോപാല്‍ തേജസ്് ന്യൂസിനോട് പറഞ്ഞു.തങ്ങള്‍ ഉയര്‍ത്തിയ വാദം ഹൈക്കോടതി തള്ളിയിട്ടില്ല.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമ്പോള്‍ നിരവധി പേര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാതെ പോകും.വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ പലരും സ്ഥലത്തുണ്ടാവില്ല.അതിനാല്‍ തന്നെ അവര്‍ക്ക് പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയാതെ വരും ഇത്തരത്തില്‍ 30ലക്ഷത്തലധികം പേരെങ്കിലും പട്ടികയില്‍ നിന്നൊഴിവായിപോകുന്ന സാഹചര്യമുണ്ടാകുമെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it