Kerala

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം

കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലക്കാട് നെന്‍മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ  ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം
X

കൊച്ചി: കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന ഉപാധിയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പാലക്കാട് നെന്‍മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അമീഷ, മണികണ്ഠന്‍, എസ് ശ്യാമേഷ്, എസ് അജയകുമാര്‍, ആദര്‍ശ്, അക്ഷയ്, സുജിത്, അജിത്, എം ശ്രീഹരി, രാകേഷ്, മുഹമ്മദ് അന്‍ഫല്‍, വി വീരേന്ദ്രന്‍, വി എം വരുണ്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഈ വര്‍ഷം ഫെബ്രുവരി 21ന് ഉച്ചക്ക് രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ അക്രമിച്ച കേസിലെ പ്രതികളാണിവര്‍. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പ്രതികളെല്ലാവരും 19നും 21നും ഇടയില്‍ മാത്രം പ്രായമുള്ളവരാണെന്നതും മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടില്ലെന്നതും കണക്കിലെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാല്‍, കാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ കോളജിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമ പ്രവര്‍ത്തനമാണ് ഇവരില്‍ നിന്നുണ്ടായതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാംപസിനകത്ത് തുടരാന്‍ അനുവദിച്ചാല്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എതിര്‍ വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇവര്‍ അക്രമിച്ചത്്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ വിനാശകരമായ പ്രവണത കാംപസുകളിലെ സമാധാനാന്തരീക്ഷത്തെ മലിനമാക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാലും സംഘടനാ പ്രവര്‍ത്തനം തുടരാന്‍ ഇവരെ അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, നിലവിലെ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് ഈ വിദ്യാര്‍ഥികളെ വിലക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ജാമ്യ ഉപാധികളിലൊന്നായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.അറസ്റ്റ് ചെയ്യുന്നപക്ഷം 35,000 രൂപയ്ക്ക് സമാനമായ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തില്‍ പോലിസ് സ്റ്റേഷനില്‍ നിന്നു തന്നെ വിട്ടയക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.അറസ്റ്റുണ്ടായില്ലെങ്കില്‍ പത്ത് ദിവസത്തിനകം ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം. മൂന്ന് മാസത്തേക്ക് എല്ലാ ഞായറാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത്, അന്വേഷണത്തെ ബാധിക്കുന്ന നടപടികള്‍ പാടില്ല, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നപക്ഷം കീഴ്‌കോടതിക്ക് തുടര്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it