Top

കൃതി രാജ്യാന്തര പുസ്തകോല്‍സവം 2020 ഫെബ്രു 6 മുതല്‍ കൊച്ചിയില്‍

25 കോടി രൂപ വില്‍പ്പനാലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 50,000 ച അടി വിസ്തൃതിയുള്ള പ്രദര്‍ശനശാല. സാഹിത്യോല്‍സവവേദികളായി 5000 ച അടി വീതം വലിപ്പുമുള്ള രണ്ട് വേദികള്‍.ലക്ഷ്യമിടുന്നത് 250 സ്റ്റാളുകള്‍, 150-ലേറെ പ്രസാധകര്‍.രണ്ട് പതിപ്പുകളിലും വന്‍വിജയമായ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ 1.5 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാന്‍ ലക്ഷ്യം.കൃതിക്കായി ഒന്നര കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയെന്നും മന്ത്രി

കൃതി രാജ്യാന്തര പുസ്തകോല്‍സവം 2020 ഫെബ്രു 6 മുതല്‍  കൊച്ചിയില്‍

കൊച്ചി: കൃതി രാജ്യാന്തര പുസ്തകമേളയുടേയും സാഹിത്യോല്‍സവത്തിന്റേയും മൂന്നാം പതിപ്പ് 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ പ്രത്യേകം തയ്യാറാക്കിയ പ്രദര്‍ശനവേദിയില്‍ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൃതി മൂന്നാം പതിപ്പിന്റെ സ്വാഗതസംഘം രൂപീകരണയോഗം കൊച്ചയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സഹകരണ വകുപ്പും സാഹിത്യപ്രവര്‍ത്തകസഹകരണസംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൃതിയുടെ നടത്തിപ്പിനായി ഒന്നര കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കുറി മേളയിലൂടെ 25 കോടിയുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് പതിപ്പുകളിലും വന്‍വിജയമായ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനും ഉദ്ദേശിക്കുന്നു. 1945-ല്‍ സ്ഥാപിക്കപ്പെട്ട എസ്പിസിഎസ്സ് എഴുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വര്‍ഷമാണ് 2020 എന്ന സവിശേഷതയും കൃതിയുടെ മൂന്നാം പതിപ്പിനുണ്ട്. സംസ്‌കാരകത്തിന്റെ നേരറിവ് എന്നതായിരിക്കും ഇത്തവണത്തെ മേളയുടെ ഇതിവൃത്തം.

ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. 250-ലേറെ സ്റ്റാളുകളിലായി 150-ലേറെ പ്രസാധകരെയാണ് ലക്ഷ്യമിടുന്നത്. ഹിന്ദി, ഗുജറാത്തി, ബംഗാളി പ്രസിദ്ധീകരണങ്ങളുടെ സ്റ്റാളുകള്‍ ഇത്തവണത്തെ സവിശേഷതയാകും. കേരളത്തില്‍ ജീവിക്കുന്ന മറുനാട്ടുകാരെ ഉദ്ദേശിച്ചാണിത്. ഫോട്ടോഗ്രാഫി, ചിത്രരചനാ മല്‍സരങ്ങള്‍, കലാപ്രദര്‍ശനങ്ങള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. മുന്‍വര്‍ഷങ്ങളിലേതു പോലെ മേള നടക്കുന്ന 11 ദിവസവും വ്യത്യസ്തമായ കലാപരിപാടികള്‍ അരങ്ങേറും. കെപിഎസിയുടെ നാടകം, കര്‍ണാടക സംഗീതക്കച്ചേരി, യക്ഷഗാനം, മ്യൂസിക് ബാന്‍ഡ്, ഫോക്ക് മ്യൂസിക്, സര്‍വകലാശാല കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന പരിപാടി, മാജിക് ഷോ, വയലാര്‍ പി ഭാസ്‌കരന്‍ ഓഎന്‍വി ഗാനങ്ങളുടെ ഗാനമേള, കഥകളി, തായമ്പക, ജെറി അമല്‍ദേവ് നയിക്കുന്ന സംഗീതപരിപാടി എന്നിവയാണ് ഇക്കുറി ഒരുക്കുന്നത്.

50,000 ച അടി വിസ്തൃതിയുള്ള പ്രദര്‍ശനശാല മേളയ്ക്കായി സജ്ജീകരിക്കും. അതിനൊപ്പം സാഹിത്യോല്‍സവ വേദികളായി 5000 ച അടി വീതം വലിപ്പുമുള്ള രണ്ട് വേദികള്‍, വൈകീട്ടുള്ള കലാപരിപാടികള്‍ക്കുള്ള ഓപ്പണ്‍ സ്റ്റേജ് എന്നിവയുമുണ്ടാകും. ഫെബ്രുവരി 13, 14, 15 തീയതികളിലാണ് സാഹിത്യോല്‍സവം നടക്കുക. ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ്, ഭൈരപ്പ, ശിവറെഡ്ഡി, രാമചന്ദ്രഗുഹ തുടങ്ങി കേരളത്തിനു പുറത്തു നിന്നും അകത്തു നിന്നുമുള്ള 75-ലേറെ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന 25-ലേറെ സെഷനുകള്‍ സാഹിത്യോല്‍സവത്തിന്റെ ഭാഗമായുണ്ടാകും.മുഖ്യമന്ത്രിയെ മുഖ്യരക്ഷാധികാരിയായും ാ്രഫ. എം കെ സാനു, ഡോ. എം ലീലാവതി, കൊച്ചി മേയര്‍ സൗമിനി ജയിന്‍, വൈശാഖന്‍, സേതു, പി രാജീവ്, സി എന്‍ മോഹനന്‍ എന്നിവരെ രക്ഷാധികാരികളായും മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചെയര്‍മാനായും സി രാധാകൃഷ്ണനെ ഫെസ്റ്റിവല്‍ ഡയറക്ടറായും ഏഴാച്ചേരി രാമചന്ദ്രനെ കണ്‍വീനറായുമാണ് സ്വാഗതസംഘം രൂപികരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it