Kerala

കൊച്ചിയില്‍ നാല് കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍

അസം കാമരൂപ്, രങ്കിയ സ്വദേശി രത്‌നബാലി ബോറൊ(22), ധമാജി, ഖാനമുഖ് സ്വദേശി ഗീതാര്‍ഥ ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്.എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിവിധ മേഖലകളിലുള്ള ഹിന്ദിക്കാരായ തൊഴിലാളികള്‍ക്കും ,മലയാളികള്‍ മുഖേന വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് രത്‌നബാലി ബോറയെന്ന് പോലിസ് പറഞ്ഞു

കൊച്ചിയില്‍ നാല് കിലോ കഞ്ചാവുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍
X

കൊച്ചി: അസം സ്വദേശികളായ രണ്ട് യുവാക്കളെ നാലു കിലോ കഞ്ചാവുമായി കൊച്ചി സിറ്റി ഡാന്‍സാഫും, എറണാകുളം സെന്‍ട്രല്‍ പോലിസും ചേര്‍ന്ന് പിടികൂടി. അസാം കാമരൂപ്, രങ്കിയ സ്വദേശി രത്‌നബാലി ബോറൊ(22), ധമാജി, ഖാനമുഖ് സ്വദേശി ഗീതാര്‍ഥ ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്.എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിവിധ മേഖലകളിലുള്ള ഹിന്ദിക്കാരായ തൊഴിലാളികള്‍ക്കും ,മലയാളികള്‍ മുഖേന വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് രത്‌നബാലി ബോറയെന്ന് പോലിസ് പറഞ്ഞു.തൊഴില്‍ തേടി കേരളത്തിലെത്തിയ ഇയാള്‍ ഭാര്യയുടെ നാടായ ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് 800 രൂപ വിലയ്ക്ക് കഞ്ചാവ് വാങ്ങി വന്‍ വിലയ്ക്കാണ് കൊച്ചിയില്‍ വിറ്റഴിക്കുന്നത്. ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എ സി കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്ന ഇവര്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാന്യമായ വേഷത്തിലാണ് വരുന്നത്. മാസത്തില്‍ മൂന്നു നാല് പ്രാവശ്യം ഇവര്‍ കൊച്ചിയില്‍ എത്തും.


പത്തു കിലോ വീതം നിറയ്ക്കാവുന്ന ട്രോളിബാഗുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാര്‍ക്ക് കഞ്ചാവ് നല്‍കിയ ശേഷം തിരിച്ചു അസമിലേക്ക് പോകും. ഇവരുടെ മൊബൈലിലേക്ക് വിളിക്കുന്ന ആവശ്യക്കാര്‍ക്ക് ഭാര്യയുടെയോ, മാതാവിന്റെയോ അക്കൗണ്ട് നമ്പര്‍ കൊടുത്ത്, പണം അക്കൗണ്ടില്‍ വന്നതിന് ശേഷം കൊച്ചിയിലെ ഏജന്റുമാര്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറും. കുറച്ചു മാസങ്ങള്‍ കൊണ്ട് വീടും വാഹനങ്ങളുമൊക്കെയായി അസമില്‍ ആര്‍ഭാട ജീവിതം നയിക്കുകയാണിവരെന്നും പോലിസ് പറഞ്ഞു. ആഴ്ചകളായി ഇവര്‍ സ്‌പെഷ്യര്‍ സ്‌ക്വാഡായ ഡാന്‍സാഫിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. പുതുവല്‍സര ആഘോഷവും ക്രിസ്തുമസിനുമായി കൊച്ചിയിലേക്ക് ധാരാളമായി ലഹരിമരുന്നും, കഞ്ചാവും എത്തുന്നതായി കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെക്ക് ലഭിച്ച വിവരത്തില്‍ കൊച്ചിയുടെ പ്രധാനപ്പെട്ട ഭാഗങ്ങളായ കെഎസ്ആര്‍ടിസി, റെയിവേ സ്റ്റേഷന്‍ പരിസരങ്ങള്‍, വൈറ്റില ഹബ്ബ് ,ഫോര്‍ട്ട് കൊച്ചി, മാളുകളെല്ലാം രഹസ്യ നിരീക്ഷണത്തിലാണ്.

ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ,പി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍ ,സെന്‍ട്രല്‍ എസ് ഐ എസ് സനല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും ഭാവിയെ ബാധിക്കുന്ന മാരകമായ ലഹരിയില്‍ നിന്ന് ഇവരെ രക്ഷിക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.അറിയിക്കുന്ന ആളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it