Kerala

കൊച്ചി മുന്‍ മേയര്‍ സോമസുന്ദര പണിക്കര്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന സോമസുന്ദരപണിക്കറുടെ അന്ത്യം ഞായറാഴ്ച വൈകിട്ട് ആറരയോടെ വീട്ടില്‍ വെച്ചായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍

കൊച്ചി മുന്‍ മേയര്‍ സോമസുന്ദര പണിക്കര്‍ അന്തരിച്ചു
X

കൊച്ചി:കൊച്ചി മുന്‍മേയറും സിപിഎം നേതാവുമായ എളമക്കര പേരണ്ടൂര്‍ റോഡ് തട്ടാഴത്ത് പത്മവിലാസത്തില്‍ കെ കെ സോമസുന്ദരപണിക്കര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരന്ന സോമസുന്ദരപണിക്കറുടെ അന്ത്യം ഞായറാഴ്ച വൈകിട്ട് ആറരയോടെ വീട്ടില്‍ വെച്ചായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍.ഇടപ്പള്ളി പോണേക്കരയില്‍ ജനിച്ച അദ്ദേഹം ദീര്‍ഘകാലം നഗരസഭാ കൗണ്‍സിലറായും ഏഴുവര്‍ഷം മേയറായും പ്രവര്‍ത്തിച്ചു. 1979 മുതല്‍ കൗണ്‍സിലറും 1992-93 കാലയളവില്‍ മേയറുമായിരുന്നു. നഗരപാലിക നിയമം നിലവില്‍വന്നശേഷം ആദ്യമായി അഞ്ചുവര്‍ഷം അധികാരത്തില്‍ തുടര്‍ന്ന കൗണ്‍സിലിന്റെ മേയറായിരുന്നു സോമസുന്ദര പണിക്കര്‍. 1995-2000 കാലയളവിലായിരുന്നു ഇത്. നഗരവികസനത്തില്‍ നിര്‍ണായകമായ പല പദ്ധതികള്‍ക്കും തുടക്കമിടാനും പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന്റെ കാലത്ത് കഴിഞ്ഞു.

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിനായി ഭൂമി വാങ്ങിയതും സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസിപ്പിച്ചതും വെള്ളക്കെട്ട് പരിഹരിക്കാന്‍ പെട്ടിയും പറയും എന്ന ആശയം യാഥാര്‍ഥ്യമാക്കിയതും അക്കാലത്താണ്. ജനകീയാസൂത്രണ പദ്ധതി ആരംഭിച്ച ഘട്ടത്തില്‍ നഗരസഭയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്തു. കുടുംബശ്രീ പ്രസ്ഥാനം നഗരപരിധിയില്‍ വേരുറപ്പിച്ചതും സോമസുന്ദര പണിക്കര്‍ മേയറായിരിക്കെയാണ്. വിദ്യാര്‍ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം യുവജന ഫെഡറേഷനിലും കര്‍ഷകത്തൊഴിലാളി യൂനിയനിലും സജീവമായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലായിരുന്നു വിദ്യാഭ്യാസം. കല്‍ക്കത്ത മെറ്റല്‍ ബോക്‌സ് കമ്പനിയില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു. സിപിഎം എറണാകുളം ഏരിയ കമ്മിറ്റിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1950കളില്‍ രൂപീകരിച്ച നവയുഗം വായനശാലയുടെ സ്ഥാപകരില്‍ ഒരാളാണ്. ഇതാണ് പിന്നീട് ചങ്ങമ്പുഴ ലൈബ്രറിയായി മാറിയത്.ഭാര്യ: പി തങ്കം. മക്കള്‍: ടി എസ് മനോജ്, ടി എസ് വിനോദ്. മരുമക്കള്‍: പ്രസീത, ആശ.

Next Story

RELATED STORIES

Share it