Kerala

എൽഡിഎഫിലേക്ക് പോവേണ്ട; കേരളാ കോണ്‍ഗ്രസില്‍ സമവായനീക്കവുമായി യുഡിഎഫ്

ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിട്ടാണ് സിപിഎം ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താന്‍ നോക്കുന്നത്. മുന്‍പ് മാണി ഉണ്ടായിരുന്നപ്പോഴും ഇത്തരം ശ്രമം ഇടതുമുന്നണിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കേരളാ കോൺഗ്രസിലെ തര്‍ക്കത്തില്‍ ഇടപെടെണ്ടെന്ന മുന്‍തീരുമാനം യുഡിഎഫ് മാറ്റിയെന്ന് വേണം കരുതാന്‍.

എൽഡിഎഫിലേക്ക് പോവേണ്ട; കേരളാ കോണ്‍ഗ്രസില്‍ സമവായനീക്കവുമായി യുഡിഎഫ്
X

തിരുവനന്തപുരം: പാലായില്‍ അടക്കം ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യം പരിഗണിച്ച് കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം തീര്‍ക്കാന്‍ സമവായ ശ്രമത്തിനായി യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടാന്‍ സിപിഎം രംഗത്തെത്തിയ റിപ്പോര്‍ട്ടും യുഡിഎഫിന്റെ പുതിയ നീക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്നലെ രാവിലെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ സാന്നിധ്യത്തില്‍ ജോസഫ് വിഭാഗവുമായി ചര്‍ച്ച നടന്നതും ഇതിന്റെ ഭാഗമായാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമേ ഉമ്മന്‍ചാണ്ടി, ലീഗ് നേതാവ് എം കെ മുനീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ജോസഫിനൊപ്പം മോന്‍സ് ജോസഫുമുണ്ടായിരുന്നു. ഉടന്‍ തന്നെ യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുമായും കൂടികാഴ്ച നടത്തും.

ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രകോപനമുണ്ടാക്കാതെ നീങ്ങണമെന്നാണ് പ്രധാനമായും ജോസഫിനോട് നേതാക്കള്‍ നിര്‍ദ്ദേശിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍ നില്‍ക്കെ, തര്‍ക്കം തിരഞ്ഞെടുപ്പിനെയൊന്നും ബാധിക്കരുതെന്ന് നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ സമവായത്തിന്റെ പക്ഷത്താണെന്നും ജോസ് കെ മാണിയുമായി നേതാക്കള്‍ സംസാരിക്കുകയാണെങ്കില്‍ അതിന് ശേഷം വേണ്ടിവന്നാല്‍ ഒരുമിച്ചിരിക്കാനും തയ്യാറാണെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ച് ഒരു വിഭാഗം ഏകപക്ഷീയമായി നീങ്ങിയതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് ജോസഫ് പക്ഷത്തിന്റെ ആക്ഷേപം. ഈ നിലയ്ക്ക് ഇനി ഒരുമിച്ച് പോകാനാകുമോയെന്നതില്‍ അവര്‍ സംശയം പ്രകടിപ്പിച്ചു. യുഡിഎഫിന് ദോഷമാകുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും ജോസഫ് നേതാക്കളോട് വ്യക്തമാക്കി.

ക്രിസ്ത്യന്‍ വോട്ടുകള്‍ നോട്ടമിട്ടാണ് സിപിഎം ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താന്‍ നോക്കുന്നത്. മുന്‍പ് മാണി ഉണ്ടായിരുന്നപ്പോഴും ഇത്തരം ശ്രമം ഇടതുമുന്നണിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ കേരളാ കോൺഗ്രസിലെ തര്‍ക്കത്തില്‍ ഇടപെടെണ്ടെന്ന മുന്‍ തീരുമാനം യുഡിഎഫ് മാറ്റിയെന്ന് വേണം കരുതാന്‍. പോരാത്തതിന് ജോസ് കെ മാണിയെ കൂട്ടാന്‍ സിപിഎം നിയോഗിച്ചിരുക്കുന്നത് ഇടതുമുന്നണിയില്‍ ഇപ്പോഴുള്ള കേരളാ കോണ്‍ഗ്രസ് നേതാവിനെയാണ്. ഇടതുമുന്നണിയിലേക്കുള്ള പാത കൂടി തുറന്നതോടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി. കെ എം മാണി ഇടതുമുന്നണിയോടൊപ്പം പോകാന്‍ തയ്യാറായപ്പോള്‍ യുഡിഎഫില്‍ പിടിച്ചു നിര്‍ത്തിയത് തങ്ങളാണെന്ന് ചര്‍ച്ചകളില്‍ പി ജെ ജോസഫ് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നതും ഇതിനാലാണ്.

Next Story

RELATED STORIES

Share it