Top

ലഹരിയെ അകറ്റാം; ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാം

ആഗോളതലത്തില്‍ കോടികള്‍ കൈമറിയുന്ന വന്‍ബിസിനസ്സാണ് മയക്കുമരുന്ന് കടത്ത്. കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കിയതോടെ പുതിയ രൂപങ്ങളിലുള്ള ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവരികയാണ്.

ലഹരിയെ അകറ്റാം; ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാം

'നീതിക്കായി ആരോഗ്യം, ആരോഗ്യത്തിനായി നീതി' (ഹെല്‍ത്ത് ഫോര്‍ ജസ്റ്റിസ്, ജസ്റ്റിസ് ഫോര്‍ ഹെല്‍ത്ത്) എന്ന സന്ദേശം ഉയര്‍ത്തിയാണ് ഈ വര്‍ഷം അന്താരാഷ്ട്രാ ലഹരിവിരുദ്ധദിനം ആചരിക്കുന്നത്. മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ സമൂഹത്തില്‍ അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യത്തിനും നീതിക്കും പ്രാധാന്യം നല്‍കുന്ന ഈ സന്ദേശം ഉയര്‍ത്തുന്നത്. ലഹരിവസ്തുക്കളുടെ കാര്യത്തില്‍ ആരോഗ്യപരിപാലനവും നീതിനിര്‍വഹണവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നു കാണാം.

മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന് ആരോഗ്യ-സാമൂഹ്യമേഖലകളുടെയും നീതിനിര്‍വഹണസംവിധാനത്തിന്റെയും ഒരേപോലെയുള്ള ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണ്. അവ അന്താരാഷ്ട്രതലത്തിലുള്ള ലഹരിവിരുദ്ധസമീപനം അനുസരിച്ചുള്ളതും മനുഷ്യാവകാശങ്ങളെ ഹനിക്കാത്തതും ആയിരിക്കണമെന്നാണ് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നത്.

വര്‍ധിച്ചുവരുന്ന ലഹരിഉപയോഗം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറുകയാണ്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വേരാഴ്ത്താന്‍ ലഹരിമാഫിയ നിരന്തരശ്രമം നടത്തുന്നു. ചെറുപ്പത്തിലേ അടിമകളാക്കി മാറ്റി ദീര്‍ഘകാലം അവരെ ഉപഭോക്താക്കളാക്കി പണം കൊയ്യുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. മയക്കുമരുന്നിന് അടിമപ്പെടുന്നവര്‍ വ്യക്തിയെന്ന നിലയില്‍ തങ്ങള്‍ക്കുള്ള എല്ലാ ഉത്തരവാദിത്വവും വിസ്മരിക്കും. അത് വ്യക്തിപരമായ നാശത്തിലേക്കും കുടുംബത്തിന്റെ തകര്‍ച്ചയിലേക്കുമാണ് ചെന്നെത്തുക. ലഹരിഉപയോഗം സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായി ഒട്ടേറെ ഗുരുതര പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യപുരോഗതിയെ അത് സാരമായി ബാധിക്കും. നാടിന്റെ വികസനപ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഏതൊരു സമൂഹത്തിന്റെയും ഭാവി നിര്‍ണയിക്കേണ്ടവരാണ് വിദ്യാര്‍ഥികളും യുവാക്കളും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുവരുന്ന കൗമാരക്കാരുടെ ദൗര്‍ബല്യങ്ങളാണ് ലഹരിവിതരണക്കാര്‍ മുതലെടുക്കുന്നത്. കുട്ടികളുടെ സാമാന്യബോധത്തെ ലഹരിക്കും അനാശാസ്യപ്രവണതകള്‍ക്കും അടിമപ്പെടുത്തി നശിപ്പിക്കുന്നു.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയിലെ ലഹരി ഉപയോഗം ഗൗരവമായി കണ്ട് ലഹരിമാഫിയക്കെതിരെ സാമൂഹിക കൂട്ടായ്മ വളര്‍ത്തിയെടുക്കണം. കുടുംബത്തിലും സമൂഹത്തിലും മയക്കുമരുന്നുകള്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കണം. എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തിയതിന്റെ ഫലമായി വന്‍തോതില്‍ മയക്കുമരുന്നും ഇതര ലഹരിവസ്തുക്കളും പിടിച്ചെടുക്കാന്‍ എക്‌സൈസ് വകുപ്പിന് കഴിയുന്നുണ്ട്. പോലിസും ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ചുവരികയാണ്. നിയമപരമായ ഇടപെടലുകള്‍ക്കൊപ്പം ബഹുജനപങ്കാളിത്തത്തോടെ ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്.

ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കള്‍ക്കു പിറകെ പോകുന്നത്. ആരോഗ്യത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ അവര്‍ ആശങ്കാകുലരല്ല. അറിയാനുള്ള ആകാംക്ഷയില്‍ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവര്‍ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതില്‍ പ്രധാനകാരണമാകുന്നുണ്ട്. ആരോഗ്യം ക്ഷയിച്ച് ലക്ഷ്യബോധമില്ലാത്തവരായി മാറുന്നവരെ തങ്ങള്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടാത്തവരായെന്ന ബോധം വേട്ടയാടുന്നു. കുടുംബാംഗങ്ങളുടെ നല്ല ഇടപെടലും ശ്രദ്ധയും ഉണ്ടായെങ്കിലേ ലഹരിയുടെ പിടിയിലകപ്പെടാതെ യുവതലമുറയെ സംരക്ഷിക്കാനാവൂ.

ലഹരിവിപണനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമപ്പുറത്ത് ലഹരിമാഫിയയുടെ അതിവിപുലമായ ഒരു ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ കോടികള്‍ കൈമറിയുന്ന വന്‍ബിസിനസ്സാണ് മയക്കുമരുന്ന് കടത്ത്. കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കിയതോടെ പുതിയ രൂപങ്ങളിലുള്ള ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവരികയാണ്. ഇവിടെ സാധാരണയായി ഉപയോഗത്തിലില്ലാത്ത ഹാഷിഷ് ഓയില്‍, എംഡിഎംഎ, ഓപ്പിയം, എല്‍എസ്ഡി തുടങ്ങിയവ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ക്കു പുറമെ കൃത്രിമ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിക്കുന്നു. എല്‍എസ്ഡി, മാജിക്ക് മഷ്‌റൂം, വൈറ്റ്‌നര്‍, പെയിന്റ്, ഷൂപോളിഷ്, കഫ്‌സിറപ്പ്, തുടങ്ങി കണ്ണില്‍കാണുന്നതെന്തും ലഹരിക്കായി ഉപേയാഗിക്കുന്ന അവസ്ഥയുമുണ്ട്.

രക്ഷിതാക്കള്‍ നല്ല ജാഗ്രത പുലര്‍ത്തേണ്ടതിലേക്കാണ് വര്‍ധിച്ചുവരുന്ന ലഹരിഉപയോഗം വിരല്‍ചൂണ്ടുന്നത്. വിദ്യാര്‍ഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അധ്യാപകരും തയ്യാറാകണം. പെരുമാറ്റത്തിലെ നേരിയ വ്യതിയാനം പോലും മനസ്സിലാക്കാനും ശ്രദ്ധിക്കാനും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ 'വിമുക്തി' നേതൃത്വത്തില്‍ മൂന്നു വര്‍ഷമായി കേരളത്തില്‍ നടന്നുവരുന്ന ലഹരിവിരുദ്ധബോധവൽകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞത് ആശാവഹമായ കാര്യമാണ്. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥി-യുവജന-മഹിളാസംഘടനകള്‍, സന്നദ്ധസംഘടനകള്‍, സ്റ്റുഡന്റ് പോലിസ് കാഡറ്റ്, എന്‍സിസി, സ്‌കൂള്‍-കോളജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവൽകരണ- പ്രചാരണ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ 2761 സ്‌കൂളുകളിലും 511 കോളജുകളിലും ലഹരിവിരുദ്ധക്ലബ്ബുകള്‍ നിലവിലുണ്ട്. എക്‌സൈസ് കമ്മീഷണര്‍ മുതല്‍ സിവില്‍ എക്‌സെസ് ഓഫീസര്‍ വരെയുള്ളവരുടെ ചുമതലയിലാണ് ഇവ. ലഹരിവിരുദ്ധക്ലബ്ബുകള്‍ കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും. ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ സ്‌കൂള്‍-കോളജ് അധികൃതരും അധ്യാപക രക്ഷാകര്‍തൃ സമിതികളും മുന്‍കൈയെടുക്കണം. ഇതിനാവശ്യമായ എല്ലാ പിന്തുണയും എക്‌സൈസ് വകുപ്പില്‍ നിന്നുണ്ടാകും.

ആദിവാസി മേഖലക്കായുള്ള ലഹരിമുക്തഗ്രാമം പദ്ധതിപ്രകാരം കരിയര്‍ ഗൈഡന്‍സ് സെന്റര്‍, കായികപരിശീലനം, ലൈബ്രറി സൗകര്യം, പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ കണ്ടെത്തി തിരികെ വിദ്യാലയങ്ങളില്‍ എത്തിക്കുന്ന പദ്ധതി തുടങ്ങിയവ നടപ്പാക്കിവരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് 'ലഹരിക്കെതിരെ കായികലഹരി'തുടങ്ങി വിവിധ പദ്ധതികളും നടപ്പാക്കിവരികയാണ്.

ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ എല്ലാ ജില്ലയിലും ഒന്നു വീതം പതിനാല് ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ സേവനം കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള സെന്ററില്‍ ലഭിക്കും. പല ജില്ലകളിലും ബാഹുല്യം കാരണം കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടിയാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് മേഖലാ കൗണ്‍സലിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാര്‍ അധികാരമേറ്റശേഷം അതിശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്. മൂന്നുവര്‍ഷത്തിനിടയില്‍ 19,000 ത്തിലേറെ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിലുണ്ടായ വര്‍ധനവ് എക്‌സൈസ് വകുപ്പ് പ്രത്യേക ശ്രദ്ധയോടെ കാണുന്നുണ്ട്. മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുമായും സംസ്ഥാനത്ത് പോലിസ് അടക്കമുള്ള വിഭാഗങ്ങളുമായും സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് കര്‍ശനമാക്കുന്നതിനൊപ്പം വിപുലമായ ബോധവൽകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ദൗത്യത്തിന് സമൂഹത്തിന്റെയാകെ പിന്തുണ ഉണ്ടാകണം. 'ജീവിതമാകട്ടെ ലഹരി''' എന്ന സന്ദേശമുയര്‍ത്തി ലഹരിമുക്തകേരളം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നേറാം.

Next Story

RELATED STORIES

Share it