Kerala

കലൂര്‍ സ്റ്റേഡിയം: ജിസിഡിഎയുടെ വാദഗതികള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികള്‍ വാസ്തവത്തിന് നിരക്കാത്തതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു

കലൂര്‍ സ്റ്റേഡിയം: ജിസിഡിഎയുടെ വാദഗതികള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്‌സ്
X

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതേരിറ്റി(ജിസിഡിഎ)യും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു.ജിസിഡിഎ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്.കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികള്‍ വാസ്തവത്തിന് നിരക്കാത്തതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. നാലാം സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ കണക്കാക്കിയ തുക 53ലക്ഷമാണ് ഇതില്‍ 24ലക്ഷം രൂപ ജിസിഡിഎക്ക് നല്‍കി. ശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ നല്‍കിയ എസ്റ്റിമേറ്റ് തുക യഥാര്‍ഥ എസ്റ്റിമേറ്റ് തുകയെക്കാള്‍ ഭീമമായതിനാല്‍ (28.7ലക്ഷം) ബാക്കിയുള്ള അറ്റകുറ്റപണികള്‍ ക്ലബ്ബ് നേരിട്ട് നടത്തി സ്റ്റേഡിയം ഉപയോഗയോഗ്യമാക്കി എന്നിട്ടും പണം നല്‍കാനുണ്ടെന്ന വാദഗതി വാസ്തവങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

അഞ്ചാം സീസണ് ശേഷം ജിസിഡിഎ മെയ്ന്റനന്‍സ് തുക കണക്കാക്കിയപ്പോള്‍ നാലാം സീസണ് ശേഷം അറ്റകുറ്റപ്പണികള്‍ക്ക് ജിസിഡിഎ ആവശ്യപ്പെട്ട തുകയും ചേര്‍ത്താണ് ആകെ തുക കണക്കാക്കിയത്. ആ തുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ജിസിഡിഎ ക്ക് നല്‍കാന്‍ ഉണ്ടെന്ന് ജിസിഡിഎ അവകാശപ്പെടുന്ന 48.89ലക്ഷം. നാലാം സീസണിന് ശേഷം സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് മെയിന്റനന്‍സ് നടത്തിയിട്ടും പണം നല്‍കാന്‍ ഉണ്ടെന്ന വാദമാണ് ജിസിഡിഎ ഉയര്‍ത്തുന്നത്. മാത്രമല്ല ഐഎസ്എല്ലിന്റെ ആറാം സീസണിലേക്കായി സ്റ്റേഡിയം ക്ലബ്ബിന് വിട്ടുനല്‍കേണ്ട ദിവസമായ ഒക്ടോബര്‍ ഒന്നിന് രണ്ടു ദിവസം മുന്‍പ് മാത്രമാണ് ജിസിഡിഎ ഡാമേജ് റിപോര്‍ട്ട് നല്‍കിയതെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് വ്യക്തമാക്കി. തുടര്‍ന്ന് ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, ഇലക്ട്രിക്കല്‍ എന്നിവയിലെ കേടുപാടുകള്‍ ക്ലബ്ബ് അറ്റകുറ്റപണികള്‍ നടത്തി ഉപയോഗയോഗ്യമാക്കി.

വെള്ളം വൈദ്യുതി പാര്‍ക്കിംഗ് എന്നിവക്കായി ജിസിഡിഎ കണക്കാക്കിയ 11.79ലക്ഷം രൂപമാത്രമാണ് ക്ലബ്ബ് ജിസിഡിഎ ക്ക് നല്‍കാനായി ഉള്ളത്. അത് നല്‍കാന്‍ ക്ലബ് തയ്യാറുമാണ്. ഐഎസ് എല്‍ മല്‍സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായി ജിസിഡിഎയുമായി കരാറില്‍ ഒപ്പിട്ടില്ല എന്നവാദം ഉയര്‍ത്തുന്ന ജിസിഡിഎ അതിനുള്ള സാഹചര്യം പരിശോധിക്കണമെന്നും ബ്ലാസ്റ്റേഴ്‌സ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. അഞ്ചാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ജിസിഡിഎക്ക് ഓരോകളിക്കും വാടകയിനത്തില്‍ നല്‍കിയിരുന്ന തുക അഞ്ചു ലക്ഷവും നികുതിയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ജിസിഡിഎ യാതൊരു അറിയിപ്പും കൂടാതെ വാടക 20ശതമാനം വര്‍ധിപ്പിച്ചു 6 ലക്ഷമാക്കി മാറ്റി. കുത്തനെയുള്ള വാടക വര്‍ധന ഒഴിവാക്കി അനുഭാവ പൂര്‍വ്വം പരിഗണിക്കണം എന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യത്തില്‍ തീരുമാനമാകാത്തതാണ് കരാര്‍ ഒപ്പിടാന്‍ വൈകുന്നത് എന്നതാണ് യാഥാര്‍ഥ്യമെന്നും ഇവര്‍ പറഞ്ഞു.

വാടക ഇനത്തില്‍ തീരുമാനം ആകാതെ ഇരിന്നിട്ടും കഴിഞ്ഞ സീസണിലെ വാടക (5 ലക്ഷം)കണക്കാക്കി ക്ലബ്ബ് ഈ കഴിഞ്ഞ രണ്ട് കളികള്‍ക്കായി 10ലക്ഷം രൂപയും നികുതിയും ജിസിഡിഎ ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ 6 ലക്ഷം വീതം 12ലക്ഷം രൂപയും നികുതിയും ലഭിക്കണമെന്നാണ് ജിസിഡിഎ അവകാശപ്പെടുന്നത്. ഗോള്‍ കീപ്പിങ് സെഷന്‍, സെലക്ഷന്‍ ട്രയല്‍സ് എന്നിവക്കായി സൗജന്യമായി മൈതാനം വിട്ടുനല്‍കി എന്നാണ് ജിസിഡിഎ അവകാശപ്പെടുന്നത് എന്നാല്‍ വര്‍ഷം പൂര്‍ണമായും മൈതാനത്തിന്റെ മെയ്ന്റനന്‍സ് നടത്തുന്നത് ക്ലബ്ബാണ്.ക്ലബ്ബ് മികച്ച രീതിയില്‍ രാജ്യാന്തര നിലവാരത്തില്‍ പരിപാലിക്കുന്ന മൈതാനത്തിന് 2018ലെ അഞ്ചാം സീസണില്‍ 'ബസ്റ്റ് പിച്ച് ഇന്‍ ഇന്ത്യ അവാര്‍ഡ്' ലഭിച്ചതായും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.

സ്റ്റേഡിയത്തിനൊപ്പം കളികളുള്ള ദിനങ്ങളില്‍ പാര്‍ക്കിംഗ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി എന്നവാദവും തെറ്റാണെന്ന് ക്ലബ്ബ് വ്യക്തമാക്കുന്നു. സൗജന്യമായി സ്റ്റേഡിയത്തോടൊപ്പം ലഭ്യമാക്കേണ്ട പാര്‍ക്കിംഗ് സ്ഥലത്തിന് 2.36ലക്ഷം രൂപ നല്‍കാന്‍ ജിസിഡിഎ ആവശ്യപെട്ടിട്ടുള്ളത് രേഖകളില്‍ വ്യക്തമാണ്.കോംപ്ലിമെന്ററി പാസുകള്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന ജിസിഡിഎ വാദഗതികള്‍ തെറ്റാണെന്നു രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ചാം സീസണില്‍ ഒപ്പ് വച്ച ഉടമ്പടിയില്‍ ഓരോ ജിസിഡിഎ ജീവനക്കാര്‍ക്കും എല്ലാ കളികളും കാണാനുള്ള അവസരവും അവരോടൊപ്പം ഓരോ അതിഥികള്‍ക്ക് പ്രവേശനവും ജിസിഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കെബിഎഫ്സി 2400 ടിക്കറ്റുകള്‍ ഈ നിലയില്‍ ഓരോ കളികള്‍ക്കും നല്‍കുന്നുമുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി

Next Story

RELATED STORIES

Share it