Kerala

കലൂര്‍ സ്‌റ്റേഡിയം: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിസിഡിഎ

നാലാം സീസണിലെ ഒമ്പതു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌റ്റേഡിയത്തിലെ സംവിധാനങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഫീഷ്യലുമായി ചേര്‍ന്ന് വിലയിരുത്തിയപ്പോള്‍ 53.7 ലക്ഷം രൂപയുടേതായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ 24 ലക്ഷം രൂപ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് അടച്ചതെന്നും ചെയര്‍മാന്‍ വി സലിം വ്യക്തമാക്കി. അഞ്ചാം സീസണ്‍ കഴിഞ്ഞപ്പോള്‍ കേടുപാടുകള്‍ വിലയിരുത്തി മുന്‍ ബാധ്യത കൂടിച്ചേര്‍ത്തപ്പോള്‍ 48.89 ലക്ഷം രൂപയായി. ആറാം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് കേടുപാടുകള്‍ ബ്ലാസ്റ്റേഴ്‌സ് തന്നെ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മല്‍സരം നടത്താന്‍ സമ്മതം നല്‍കുകയായിരുന്നു.എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വാക്കു പാലിച്ചില്ലെന്നും പകരം സ്‌റ്റേഡിയത്തിലെ തകരാറിന്റെ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു

കലൂര്‍ സ്‌റ്റേഡിയം: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിസിഡിഎ
X

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സര നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കലൂര്‍ രാജ്യാന്തര സറ്റേഡിയത്തിന്റെ ഉടമകളായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോരിറ്റി(ജിസിഡിഎ).ജിസിഡിഎ യെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രചരിപ്പിക്കുന്നതെന്നും ഇതിനു പിന്നിലെ നിഷ്പിത താല്‍പര്യം പരിശോധിക്കേണ്ടതാണെന്നും ജിസിഡിഎ ചെയര്‍മാന്‍ അഡ്വ.വി സലീം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.2017 ല്‍ ഫിഫ ടൂര്‍ണമെന്റിന് അവരുടെ നിര്‍ദേശ പ്രകാരം അന്തര്‍ദേശീയ നിലവാരത്തില്‍ 24 കോടി രൂപ ചിലവഴിച്ച് പുനരുദ്ധരിച്ചതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. അതിനു തൊട്ടു പിന്നാലെയാണ് ഐ എസ് എല്‍ നാലാം സീസണ്‍ നടന്നത്. അന്നു മുതല്‍ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ മറ്റൊരു പരിപാടിക്കും സ്റ്റേഡിയം വിട്ടു നല്‍കിയിട്ടില്ല. നാലാം സീസണിലെ ഒമ്പതു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌റ്റേഡിയത്തിലെ സംവിധാനങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഫീഷ്യലുമായി ചേര്‍ന്ന് വിലയിരുത്തിയപ്പോള്‍ 53.7 ലക്ഷം രൂപയുടേതായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ 24 ലക്ഷം രൂപ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് അടച്ചതെന്നും ചെയര്‍മാന്‍ വി സലിം വ്യക്തമാക്കി.

അഞ്ചാം സീസണ്‍ കഴിഞ്ഞപ്പോള്‍ കേടുപാടുകള്‍ വിലയിരുത്തി മുന്‍ ബാധ്യത കൂടിച്ചേര്‍ത്തപ്പോള്‍ 48.89 ലക്ഷം രൂപയായി. ആറാം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് കേടുപാടുകള്‍ ബ്ലാസ്റ്റേഴ്‌സ് തന്നെ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മല്‍സരം നടത്താന്‍ സമ്മതം നല്‍കുകയായിരുന്നു.എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വാക്കു പാലിച്ചില്ലെന്നും പകരം സ്‌റ്റേഡിയത്തിലെ തകരാറിന്റെ ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.മല്‍സരം തുടങ്ങുന്നതിന് മുമ്പു തന്നെ ജിസിഡിഎയും ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. എന്നാല്‍ രണ്ടു മല്‍സരം കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കരാറില്‍ ഏര്‍പെടാന്‍ തയാറായിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ സീസണില്‍ ഒരു മല്‍സരത്തിന് ആറു ലക്ഷം രൂപയാണ് വാടക നിശ്ചയിച്ചിട്ടുള്ളത്.രണ്ടു മല്‍സരത്തിന്റെ വാടക കുടിശിഖയിനത്തില്‍ 2.16 ലക്ഷം രൂപ അടയ്ക്കാന്‍ ബാക്കിയുണ്ട്.നിരുത്തരവാദിത്വപരമായ സമീപനം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും മല്‍സരം തടസപ്പെടുത്താന്‍ ജിസിഡിഎ തയ്യാറായിട്ടില്ലെന്നും ചെയര്‍മാന്‍ വി സലിം വ്യക്തമാക്കി.സ്‌റ്റേഡിയം പരിപാലനത്തിന് പ്രതിവര്‍ഷം ഏഴു കോടി രൂപ ബ്ലാസ്റ്റേഴ്‌സ് ചിലവിടുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കണം. കഴിഞ്ഞ സീസണില്‍ വാടകയിനത്തില്‍ ഒമ്പതു മല്‍സരങ്ങള്‍ക്കായി 45 ലക്ഷം രൂപയും പുല്‍മൈതാനം പരിപാലനത്തിനായി 23 ലക്ഷം രൂപയും ഇലക്ട്രിസിറ്റി,വെള്ളം എന്നിവയുടെ ചാര്‍ജുള്‍പ്പെടെ ആകെ 78 ലക്ഷം രൂപയാണ് ബ്ലാസ്‌റ്റേഴ്‌സ് മൈതാനത്തിനായി ചിലവാക്കിയിട്ടുളളതെന്നും ചെയര്‍മാന്‍ പറഞ്ഞു.

വസ്തുത ഇതായിരിക്കെ ഏഴു കോടി രൂപ ജിസിഡിഎ വാങ്ങുന്നുവെന്നതിന്റെ കണക്ക് ബോധ്യപെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ് തയാറാകണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും ജിസിഡിഎ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഗോള്‍ കീപ്പിംഗ് സെക്ഷനുവേണ്ടി ഒരു മാസക്കാലം സ്‌റ്റേഡിയം സൗജന്യമായി വിട്ടു നല്‍കി. ഇതു കൂടാതെ സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ അഞ്ചു ദിവസം സൗജന്യമായി നല്‍കി. പ്രതിദിനം 1.10 ലക്ഷം രൂപ വാടക ലഭിക്കുന്ന മുന്‍വശത്തെ ഗ്രൗണ്ട് മല്‍സരം നടക്കുന്ന ദിവസങ്ങളില്‍ സൗജന്യമായി വിട്ടു നല്‍കിയിട്ടുണ്ട്.ഒരു കോടി രൂപ ഡെപോസിറ്റായി ജിസിഡിഎ വാങ്ങുന്നുവെന്നാണ് മറ്റൊരാക്ഷേപം. ജിസിഡിഎ വാടകയ്ക്ക് നല്‍കുന്ന ചെറുതും വലുതുമായ എല്ലാ സംവിധാനങ്ങള്‍ക്കും സെക്യൂരിറ്റി ഡെപോസിറ്റ് വാങ്ങുന്നുണ്ട്.തിരികെ നല്‍കാത്ത 10 ലക്ഷം രൂപ ജിസിഡിഎയ്ക്ക് നല്‍കിയിട്ടില്ല.മല്‍സരങ്ങളുടെ കോംപ്ലിമെന്ററി പാസുകള്‍ ജിസിഡിഎ നിര്‍ബന്ധിച്ചു വാങ്ങുന്നുവെന്നത് തെറ്റായ പരാമര്‍ശമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ദേശ പ്രകാരം വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബ്ലാസ്റ്റേഴ്‌സ് നല്‍കുന്ന കോംപ്ലിമെന്ററി പാസുകള്‍ നല്‍കുക എന്ന ചുമതല മാത്രമാണ് ജിസിഡിഎ നിര്‍വഹിച്ചിട്ടുള്ളത്. ഫിഫ വേള്‍ഡ് കപ്പ് നടന്ന സന്ദര്‍ഭത്തിലും കോപ്ലിമെന്ററി പാസ് ജിസിഡിഎയ്ക്ക് ലഭിച്ചിട്ടുണ്ട്.കോംപ്ലിമെന്ററി പാസ് നല്‍കുന്നത് ബ്ലാസ്റ്റേഴ്‌സിന് ഭീമമായ നഷ്ടം വരുത്തുന്നു എന്ന് പറഞ്ഞ സാഹചര്യത്തില്‍ ജിസിഡിഎയ്ക്ക് ഇനി കോംപ്ലിമെന്ററി പാസുകള്‍ നല്‍കേണ്ടതില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.എപ്പോള്‍ വേണമെങ്കിലും ടൂര്‍ണമെന്റ് നടത്താന്‍ പറ്റിയ സ്‌റ്റേഡിയം ഉണ്ടെന്ന് ജിസിഡിഎയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഭാഗമായതെന്നും ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു സീസണുകളില്‍ ഇല്ലാതിരുന്ന വിവാദമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ബോധപൂര്‍വം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.ജിസിഡിഎയെ അപകീര്‍ത്തിപ്പെടുത്തുന്ന അപവാദ പ്രചരണങ്ങളില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പിന്‍മാറണമെന്നും ചെയര്‍മാന്‍ ആവശ്യപ്പട്ടു.

Next Story

RELATED STORIES

Share it