പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനം ശാശ്വതമല്ല: മന്ത്രി വി എസ് സുനില്‍കുമാര്‍

2016 മുതല്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണമായി കേരളത്തെ മാറ്റിയിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന പാതയിലൂടെ കേരളത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതിദുരന്തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയെ ഒറ്റക്കെട്ടായി സഹായിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം

പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനം ശാശ്വതമല്ല: മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനം ശാശ്വതമല്ലെന്നാണ് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. എറണാകുളം കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിന പതാകയുയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.ഈ പേമാരിയില്‍ മാത്രം 103 ലധികം മനുഷ്യ ജീവനുകള്‍ കേരളത്തില്‍ പൊലിഞ്ഞുവെന്നത് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷത്തിനിടയിലും ദുഃഖിപ്പിക്കുന്നു. 2016 മുതല്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണമായി കേരളത്തെ മാറ്റിയിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന പാതയിലൂടെ കേരളത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതിദുരന്തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനതയെ ഒറ്റക്കെട്ടായി സഹായിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ജനങ്ങളുടെ സഹായത്തോടെ പ്രളയബാധിതരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായ പ്രകടനത്തിനുള്ള സമയമല്ലിത്. നാടിനെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും ഒരുമിച്ചെടുക്കണം. കഴിഞ്ഞ പ്രളയകാലത്ത് കേരളീയ ജനത ഉയര്‍ത്തിപ്പിടിച്ച മഹത്തായ ഐക്യ ബോധത്തോടുകൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ച് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടമുള്ള ജീവിതശൈലി സ്വീകരിച്ച് പരസ്പര ബഹുമാനത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുന്ന പൗരന്മാരാണ് ഭാരതത്തിന്റെ ശക്തി. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്‌ലിമെന്നോ പാഴ്‌സിയെന്നോ വ്യത്യസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹൃദയവിശാലതയാണ് നമ്മുടെ സവിശേഷത. ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. മാനവികതയിലൂന്നിയ മഹത്തായ മൂല്യമാണ് നമ്മുടെ ദേശീയത. അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ദേശീയബോധം. പകരം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ബഹിര്‍ഗമിക്കേണ്ടതാണത്. സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും എല്ലാവരെയും ഒന്നായി കാണുന്നതിന്റെയും പൈതൃകമാണ് നമുക്കുള്ളത്. ഇവിടെ എല്ലാവര്‍ക്കും ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ്, പി ടി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഐ ജി വിജയ് സാക്കറേ, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. കലക്ടര്‍ എം എസ് മാധവിക്കുട്ടി, അഡീഷണല്‍.കമ്മീഷണര്‍ കെ ഫിലിപ്പ്, ഡിസിപിമാരായ കെ പൂങ്കുഴലി, രമേശ് കുമാര്‍, ഡപ്യൂട്ടി കമാണ്ടന്റ് ഐവാന്‍, അസി.കമ്മീഷണര്‍മാരായ കെ ലാല്‍ജി, കെ ടി തോമസ് പങ്കെടുത്തു.ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാനെത്തി. വിവിധ സായുധ പ്ലാറ്റൂണുകളും ആയുധമില്ലാത്ത പ്ലാറ്റൂണുകളും ബാന്റ് ടീമും പരേഡില്‍ അണിനിരന്നു.

പോലീസ് സേനയിലെ കെ-9 ഡോഗ് സ്‌ക്വാഡിന്റെ പ്രദര്‍ശനവും നടന്നു. മികച്ച സേവനത്തിന് ജില്ലാ കലക്ടറുടെ സിവിലിയന്‍ പുരസ്‌കാരം നേടിയ ജീവനക്കാര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.തൃക്കാക്കര അസി. കമ്മീഷണര്‍ ആര്‍ വിശ്വനാഥ് പരേഡ് കമാണ്ട റായിരുന്നു. സായുധ പ്ലാറ്റൂണ്‍ വിഭാഗത്തില്‍ കൊച്ചി സിറ്റി എ ആര്‍ ക്യാംപ് ഒന്നാം സ്ഥാനവും കൊച്ചി സിറ്റി എക്‌സൈസ് പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും കേരള ആംഡ് പോലിസ് ബറ്റാലിയന്‍ തൃപ്പൂണിത്തുറ മൂന്നാം സ്ഥാനവും നേടി. എന്‍സിസി വിഭാഗത്തില്‍ എറണാകുളം സീ കേഡറ്റ് കോര്‍പ്‌സ് സീനിയര്‍ ഡിവിഷന്‍ ഒന്നാം സ്ഥാനവും എന്‍സിസി ആര്‍മി വിംഗ് 21 കെ ബറ്റാലിയന്‍ രണ്ടാം സ്ഥാനവും നേടി. ആയുധ മില്ലാത്ത പ്ലാറ്റൂണുകളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്പിസി പ്ലാറ്റൂണ്‍ എംആര്‍എസ് കീഴ്മാട് ഒന്നാം സ്ഥാനം നേടി. സീകേഡറ്റ് കോര്‍പ്‌സ് ജൂനിയര്‍ ഡിവിഷനാണ് രണ്ടാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്പിസി ഗേള്‍സ് പ്ലാറ്റൂണ്‍ തൃപ്പൂണിത്തുറക്കാണ് ഒന്നാം സ്ഥാനം. ഗൈഡ്‌സ് വിഭാഗത്തില്‍ ഞാറള്ളൂര്‍ ബെത്‌ലഹേം ദയറ ഹയര്‍ സെക്കണ്ടറി സ്‌കൂളും എന്‍സിസി വിഭാഗത്തില്‍ 21 കേരള ബറ്റാലിയന്‍ സീനിയര്‍ വിംഗും ഒന്നാം സ്ഥാനം നേടി.

RELATED STORIES

Share it
Top