Kerala

കേരകേരളം സമൃദ്ധകേരളം പദ്ധതി ഉദ്ഘാടനം നാളെ

2019 മുതല്‍ 2029 വരെയുള്ള 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ കര്‍മ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 10 ലക്ഷം ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാനും തേങ്ങയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

കേരകേരളം സമൃദ്ധകേരളം പദ്ധതി ഉദ്ഘാടനം നാളെ
X

തിരുവനന്തപുരം: കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ വേങ്ങേരി മാര്‍ക്കറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 500 പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും 75 തെങ്ങിന്‍തൈകള്‍ വീതം 50 ശതമാനം സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയതായി രൂപീകരിക്കപ്പെട്ട നാളികേര വികസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2019 മുതല്‍ 2029 വരെയുള്ള 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ കര്‍മ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 10 ലക്ഷം ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാനും തേങ്ങയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

സംസ്‌കരണ-വിപണന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതും മുഖ്യലക്ഷ്യമാണ്. കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 10 വര്‍ഷം കൊണ്ട് രണ്ടുകോടി മികച്ചയിനം തെങ്ങിന്‍തൈ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയ്യുന്നതിനും തൃശ്ശൂര്‍-പൊന്നാനി കോള്‍നിലങ്ങളുടെ പുറംബണ്ടുകളില്‍ അനുയോജ്യമായ തെങ്ങിന്‍തൈകള്‍ വ്യാപകമായി വച്ചുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജൂലൈ ആറിന് കേരളത്തില്‍ പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കും. പച്ചത്തേങ്ങയുടെ താങ്ങുവില കിലോയ്ക്ക് 25 രൂപയായിരുന്നത് 27 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നോഡല്‍ ഏജന്‍സിയായി കേരഫെഡിനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയാണ് സംഭരണം നടത്തുന്നത്. പ്രവൃത്തിപരിചയവും മുന്‍കാലങ്ങളില്‍ സംഭരണത്തില്‍ സുതാര്യതയും കാത്തുസൂക്ഷിച്ചിരുന്ന സംഘങ്ങളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കൂടുതല്‍ സംഘങ്ങളെയും നാളികേര ഉല്‍പ്പാദക കമ്പനികളെയും ഉള്‍പ്പെടുത്തുന്നത് പരിഗണനയിലാണ്.

Next Story

RELATED STORIES

Share it