Kerala

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സിഎജി ഓഡിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സര്‍ക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. കിയാല്‍ സര്‍ക്കാര്‍ സ്ഥാപനമാണെന്നു ചൂണ്ടിക്കാട്ടി ഓഡിറ്റിങിനു വിധേയമാകണമെന്നു കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. കിയാല്‍ ഒരു സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സിഎജി ഓഡിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു
X

കൊച്ചി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ സിഎജി ഓഡിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സര്‍ക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. കിയാല്‍ സര്‍ക്കാര്‍ സ്ഥാപനമാണെന്നു ചൂണ്ടിക്കാട്ടി ഓഡിറ്റിങിനു വിധേയമാകണമെന്നു കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. കിയാല്‍ ഒരു സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിയാലില്‍ സ്വകാര്യവല്‍ക്കരണം നേരിടുന്ന ബിപിസിഎല്‍ അടക്കം കമ്പനികള്‍ക്ക് ഓഹരിയുണ്ട് . സര്‍ക്കാര്‍ കമ്പനിയാണങ്കില്‍ പോലും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരി ഉണ്ടങ്കില്‍ കമ്പനി നിയമത്തിലെ സെക്ഷന്‍ 139 (5) പ്രകാരം കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിംഗ് വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 63 ശതമാനം ഓഹരിയുണ്ടെന്നും കമ്പനി സര്‍ക്കാര്‍ കമ്പനിക്കു തുല്യമാണെന്നും സിഎജി ഓഡിറ്റിങിനു കമ്പനി വിധേയമാണെന്നും ചൂണ്ടിക്കാട്ടി കമ്പനികാര്യ മന്ത്രാലയം കിയാല്‍ എം.ഡിക്ക് കത്തിയച്ചിരുന്നു. 24 ശതമാനം ഓഹരി സര്‍ക്കാറിനും 24 ശതമാനം ബിപിസിഎലിനും 10 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണെന്നും 6 ശതമാനം ഓഹരി ഐഒസിക്കുമാണെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശ പ്രകാരമാണ് സിഎജി ഓഡിറ്റിന് വിധേയമാകേണ്ടതില്ലെന്നു കിയാല്‍ തീരുമാനത്തിലെത്തിയത്. സി എ ജി ഓഡിറ്റിംഗ് വേണമെന്ന് കേന്ദ്രം കര്‍ശനനിലപാടെടുത്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമിപിച്ചത് . മുഖ്യമന്ത്രിയാണ് കിയാലിന്റെ ചെയര്‍മാന്‍. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി ഗോപിനാഥ് മേനോന്‍ ഹാജരായി.

Next Story

RELATED STORIES

Share it