Kerala

പ്രളയം: പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

പ്രളയത്തെ തുടർന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടത്തില്‍ കേരളത്തിന്റെ പൊതുതാൽപര്യങ്ങളെ ബലികഴിക്കുവിധം പ്രതിപക്ഷം നിലപാടെടുത്തു. നിശബ്ദതകൊണ്ട് കേരളത്തിന്റെ താൽപര്യങ്ങളെ യുഡിഎഫ് ഒറ്റികൊടുത്തു. സംസ്ഥാനത്തിന്റെ വിഭവസമാഹരണ ശ്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു.

പ്രളയം: പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടത്തില്‍ കേരളത്തിന്റെ പൊതുതാൽപര്യങ്ങളെ ബലികഴിക്കുവിധം പ്രതിപക്ഷം നിലപാടെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന് ശേഷം രൂപീകരിച്ച റീബിൽഡ് കേരള പദ്ധതി പരാജയമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. നിശബ്ദതകൊണ്ട് കേരളത്തിന്റെ താൽപര്യങ്ങളെ യുഡിഎഫ് ഒറ്റികൊടുത്തു. സംസ്ഥാനത്തിന്റെ വിഭവസമാഹരണ ശ്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതൊക്കെ ചെയ്തശേഷം നിയമസഭയിൽ വന്ന് വിഭവ സമാഹരണത്തില്‍ പരാജയപ്പെട്ടുവെന്ന് ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സര്‍ക്കാരും സമൂഹവും എങ്ങനെ സമാനതകളില്ലാത്ത പ്രളയദുരന്തത്തെ നേരിട്ടുവെന്നത് ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയ അനുഭവമാണ്. ഇത് കാണാതിരിക്കുകയും അതില്‍ പങ്കാളികളാകാതിരിക്കുകയും പങ്കാളികളായവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തവരാണ് ആര്‍കെഐ പരാജയപ്പെട്ടുവെന്ന് പകല്‍കിനാവ് കാണുന്നത്. ആര്‍കെഐ അടിയന്തരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒന്നല്ല. ദീര്‍ഘകാല പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒന്നാണ് എന്ന കാഴ്ചപ്പാടോടെയാണ് ഇതിനെ കാണേണ്ടത്.

പ്രളയം മൂലം 31,000 കോടിയുടെ നഷ്ടമുണ്ടായി. കേന്ദ്രം ഇതിന്റെ ആറിലൊന്നുപോലും തന്നില്ല. ആ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരു വാക്കെങ്കിലും പ്രതികരിച്ചോ?. സാലറിചലഞ്ച് വഴി തുക സമാഹരിക്കാന്‍ ശ്രമിച്ചു. അതിനെ തടയിടാന്‍ നിങ്ങള്‍ ആകാവുന്നതെല്ലാം ചെയ്തു. നിങ്ങളുടെ വിലക്ക് മറികടന്ന് ജീവനക്കാര്‍ 1,112 കോടി തന്നു എന്നതു മറ്റൊരു കാര്യം. വിദേശത്തുപോയി അവിടത്തെ മലയാളികളില്‍ നിന്നും സഹായം ശേഖരിക്കാന്‍ ശ്രമിച്ചു. അതിനായി പോകാനിരുന്ന മന്ത്രിമാരുടെ യാത്ര തടഞ്ഞു. നിങ്ങള്‍ ഒരു വാക്ക് മിണ്ടിയോ. സഹായിക്കാന്‍ ചില ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവന്നു. ആ സഹായം കൈപ്പറ്റുന്നതില്‍ നിന്നും വിലക്കി. നിങ്ങള്‍ അതിനെതിരെ പ്രതികരിച്ചോ. കേരളത്തിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി വായ്പാപരിധി ഉയര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടു. കേന്ദ്രം അതുപോലും വിസമ്മതിച്ചു. അപ്പോഴും നിങ്ങള്‍ ഒരു വാക്കെങ്കിലും പ്രതികരിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോണ്‍ഗ്രസ്സുകാര്‍ 1,000 വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചല്ലോ? എവിടെ ആ വീടുകള്‍? പറയാന്‍ എളുപ്പമാണ്. പ്രവൃത്തിയാണ് വിഷമം. പ്രവൃത്തിയെടുക്കുന്നവരെ ആക്ഷേപിക്കല്‍ എളുപ്പമാണെന്നു കൂടി നിങ്ങള്‍ തെളിയിക്കുകയാണ്. ഇത് ജനങ്ങള്‍ മനസ്സിലാക്കും. പലര്‍ക്കും സഹായം കിട്ടിയില്ലെന്ന് പറയുന്നു. എല്ലാവര്‍ക്കും ആദ്യ ഗഡു കിട്ടിയെന്നതാണ് സത്യം. ചിലര്‍ സ്വന്തം നിലയ്ക്ക് വീടുകള്‍ കെട്ടിക്കൊള്ളാമെന്ന് ഏറ്റു. ഇവര്‍ക്ക് രണ്ടാം ഗഡു സഹായം നല്‍കണമെങ്കില്‍ ആദ്യ ഗഡു സഹായം ചിലവാക്കിയിരിക്കണം. രണ്ടാം ഗഡുവിനുള്ള പണവും സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. പല ജില്ലകളിലും ഒരേ വേഗത്തിലല്ല അവിടുത്തെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഇതിലെ വ്യത്യാസം എടുത്തുവെച്ച് ഒന്നും നടക്കുന്നില്ല എന്നു ചിത്രീകരിക്കാനാണ് യുഡിഎഫ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിനു ശേഷം ഉടന്‍സഹായമായ 10,000 രൂപ ഇതിനകം 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പൂര്‍ണ്ണമായും തകര്‍ന്ന 15,324 വീടുകളില്‍ ഇന്നുവരെ 5422 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ സന്നദ്ധരായ 10,426 പേരില്‍ 9,967 പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു. വീട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നല്‍കുന്നത്. പൂര്‍ണ്ണമായി തകര്‍ന്ന കേസുകള്‍ എന്ന് കരുതുന്നവയില്‍ അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തില്‍ 34,275 ഉം തീര്‍പ്പാക്കിക്കഴിഞ്ഞു. ഭാഗികമായി തകര്‍ന്നതായി ലഭിച്ച 2,54,260 കേസുകളില്‍ 2,40,738 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. അപ്പീലായി ലഭിച്ച 1,02,479 കേസുകളില്‍ 1,01,878 കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. 31.01.2019 വരെ ലഭിച്ച അപ്പീലുകള്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ലഭിച്ചിരുന്നു. എന്നാല്‍ 30.06.2019 വരെ ലഭിക്കുന്ന അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. നാശനഷ്ടം നേരിട്ട ഏതെങ്കിലും കുടുംബം ഉണ്ടെങ്കില്‍ ഒരു കാരണവശാലും അവര്‍ ഒഴിവാക്കപ്പെടരുത് എന്ന ഉറച്ച ബോധ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

കാര്‍ഷികമേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങളെ ഏറ്റവും അനുഭാവപൂര്‍വ്വം പരിഗണിച്ച സര്‍ക്കാരാണിത്. 3,54,810 കര്‍ഷകര്‍ക്കായി 1,651 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. ഇതിനു പുറമെ 2,38,376 കര്‍ഷകര്‍ക്ക് ദേശീയ ദുരന്തപ്രതിരകരണ നിധിയുടെ മാനദണ്ഡം അനുസരിച്ചുള്ള സഹായവും നല്‍കി. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ 1,52,350 കുടുംബങ്ങള്‍ക്ക് 51 കോടി രൂപ വിതരണം ചെയ്തു. നെല്ലും പച്ചക്കറിയും വിത്തുകളും പുതുതായി കൃഷിയിറക്കാനായി സര്‍ക്കാര്‍ നല്‍കി. കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കാര്‍ഷികമേഖലയിലെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുവാനും കൃഷിയെ കൂടുതല്‍ കാര്യക്ഷമമാക്കുവാനു ഉദ്ദേശിച്ചുകൊണ്ട് 65.81 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ അനുമതി ലഭിച്ചു. കിസ്സാന്‍ കാര്‍ഡ് ഉള്ള കര്‍ഷകര്‍ തേനീച്ച കര്‍ഷകര്‍, അലങ്കാരമത്സ്യ കര്‍ഷകര്‍ എന്നിങ്ങനെ ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കര്‍ഷകരെക്കൂടി പരിഗണിച്ചുകൊണ്ട് ഉജ്ജീവന വായ്പാപദ്ധതി മുഖാന്തിരം കര്‍ഷകന്‍ ഒരാള്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള സഹായം ലഭ്യമാക്കിയിട്ടുണ്ട്.

പ്രളയദുരിതാശ്വാസത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടത്തിന്റെ ഭാഗമായാണ് കേരള പുനര്‍നിര്‍മ്മാണ വികസനപരിപാടി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സമഗ്രമായ ഒരു നിര്‍മ്മാണ പദ്ധതിയാണ് ആര്‍കെഐ. പ്രളയത്തിനുശേഷം പഴയതിലേക്കുള്ള മടങ്ങിപ്പോക്കല്ല ആര്‍കെഐ. നദികളെ സംരക്ഷിക്കാന്‍ റിവര്‍ ബേസിന്‍ അതോറിറ്റിയുടെ രൂപീകരണം. സംയോജിത ജല മാനേജ്‌മെന്റ് പദ്ധതി, വിദേശവിദഗ്ധരുടെ (ഡച്ച് വിദഗ്ധരുടെ) സാങ്കേതിക സഹായത്തോടെ കുട്ടനാട്ടിലും തോട്ടപ്പള്ളിയിലും മൂന്ന് ഘട്ടങ്ങളായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പുനരധിവാസം, എന്നിവ ഉള്‍പ്പെടെ ദുരാന്താഘാത ശേഷി താങ്ങാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തെ സജ്ജമാക്കുന്ന ഒരു പദ്ധതിയാണ് ആര്‍കെഐ. പ്രാരംഭദിശയില്‍ നിന്നും ചിട്ടയായും വേഗതയോടുംകൂടി ഇത് മുന്നേറുകയാണ്. ലോക ബാങ്ക് സഹായം ഇതിനകം ലഭ്യമായിക്കഴിഞ്ഞു. മറ്റു ഏജന്‍സികളുടെ സഹായം ലഭ്യമാകുന്നുണ്ട്. ജൂലായ് മാസം വിപുലമായ ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ച് മുന്നോട്ടുള്ള പ്രയാണം എങ്ങനെയെന്ന് വിദഗ്ധരുടെ നിര്‍ദ്ദേശത്തോടുകൂടി തയ്യാറാക്കുന്നതാണ്. ഇങ്ങനെ മുന്നേറുന്ന ആര്‍കെഐ പരാജയമാണെന്ന് പറയുന്നത് ഒരു പ്രത്യേക മനഃസ്ഥിതിയുടെ ഉൽപന്നമാണ്. ഇത് കേവലം ദിവാസ്വപ്നമാണെന്നുള്ളത് ചിന്തിക്കുന്ന ഏവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it