Kerala

ഫ്‌ളക്‌സ് നിരോധനം ഫലപ്രദമല്ലെന്ന്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി

കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ അധികാരം ഇല്ലാതെ ഇറക്കിയതാണോ എന്നും കോടതി ആരാഞ്ഞു. കോടതിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ആത്മാര്‍ഥത വേണമെന്നും കോടതി വിമര്‍ശിച്ചു

ഫ്‌ളക്‌സ്  നിരോധനം ഫലപ്രദമല്ലെന്ന്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി
X

കൊച്ചി: ഫ്‌ളക്‌സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ അധികാരം ഇല്ലാതെ ഇറക്കിയതാണോ എന്നും കോടതി ആരാഞ്ഞു. കോടതിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ആത്മാര്‍ഥത വേണമെന്നും കോടതി വിമര്‍ശിച്ചു.ഫ്‌ളക്‌സുകള്‍ വ്യാപകമായിട്ടുണ്ടെന്ന് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അധികാരം ഇല്ലാതെ എങ്ങനെ നിയമം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചത്.

റോഡ് സുരക്ഷാ അതോറിറ്റിക്കാണ് നിയമം നടപ്പാക്കാന്‍ കൃത്യമായ അധികാരമുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ പോലിസിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ വകുപ്പില്ലെന്നാണോ പറയുന്നത്. റോഡരികിലും റോഡിന്റെ മധ്യത്തിലും ഫ്‌ളക്സുകള്‍ സ്ഥാപിക്കുന്നതിനെതിരെ എന്തു കൊണ്ട് റോഡ് സുരക്ഷാ അതോറിറ്റി കര്‍ശനമായ നടപടി സ്വീകരിച്ചില്ലെന്നും ഡിജിപിയോട് സര്‍ക്കുലര്‍ ഇറക്കാന്‍ ആവശ്യപ്പെട്ടിട്ട് ഇതുവരെ അതുണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു. ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം പോലുമില്ലെങ്കില്‍ പിന്നെന്തിനാണ് ഇവിടെയൊരു ഡിജിപിയെന്നും കോടതി ചോദിച്ചു. ലോകത്ത് എവിടെയും സംഭവിക്കാതെ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. നിക്ഷേപക സംഗമമോ, ടൂറിസം പ്രൊമോഷനോ കൊണ്ട് എന്ത് കാര്യമെന്നും കേരളത്തിലെത്തുന്ന വിദേശികള്‍ ഇതൊക്കെ തന്നെയല്ലേ കാണുന്നതെന്നും കോടതി ചോദിച്ചു.

കോടതിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത വേണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു. റോഡിന്റെ മധ്യത്തിലുള്ള മീഡിയനുകളില്‍ ഫ്‌ളക്‌സ് വയ്ക്കുന്നതിനെതിരേയും രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. ലോകത്തൊരിടത്തും നടുറോഡിലെ മീഡിയനുകളില്‍ ഫ്‌ളക്‌സ് സ്ഥാപിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. റോഡിന്റെ നടുവില്‍ ഫ്ളെക്സ് വെയ്ക്കുന്നവര്‍ അതുമൂലം ഉള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ല. ഇത്തരത്തില്‍ ഫ്ളെക്സ് സ്ഥാപിക്കുന്നത് തടയാന്‍ അധികൃതര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it