സമുദ്രതാപം ഉയരുന്നു; മല്‍സ്യ സമ്പത്തിനെ ബാധിക്കുന്നതായി ശാസ്ത്രജ്ഞര്‍

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിവര്‍ഷം 0.1 മുതല്‍ 0.2 മില്ലിമീറ്റര്‍ വരെയാണ്. സമുദ്രനിരപ്പിലെ താപനില വര്‍ഷത്തില്‍ 0.6 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനവും സമുദ്ര ഉപരിതല താപനില കൂടുന്നതും ജൈവവൈവിധ്യനഷ്ടവും ആവാസവ്യവസ്ഥയില്‍ മാറ്റവും വരുത്തുന്നുണ്ട്. ഈ മാറ്റങ്ങള്‍ മത്തി, അയല തുടങ്ങിയ തീരക്കടല്‍ മല്‍സ്യങ്ങളെ ബാധിക്കുന്നു

സമുദ്രതാപം ഉയരുന്നു; മല്‍സ്യ സമ്പത്തിനെ ബാധിക്കുന്നതായി ശാസ്ത്രജ്ഞര്‍

കൊച്ചി: ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും സമുദ്ര ആവാസവ്യവസ്ഥയില്‍ വരുത്തുന്ന ആഘാതം കൊച്ചിയില്‍ നടക്കുന്ന ഫിഷറീസ് ശാസ്ത്ര സമ്മേളനത്തിന്റെ സമാപന ദിവസം പ്രധാന ചര്‍ച്ചാ വിഷയമായി.സമുദ്രത്തിന്റെ ഉപരിതല താപനിലയിലെ വര്‍ധനവ് മല്‍സ്യസമ്പത്തിനെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞരും മല്‍സ്യബന്ധനം, കൃഷി, സംഭരണം എന്നിവയുമായി ബന്ധപ്പെട്ടവരും ഒരുപോലെ അഭിപ്രായപ്പെട്ടു.സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിവര്‍ഷം 0.1 മുതല്‍ 0.2 മില്ലിമീറ്റര്‍ വരെയാണ്. സമുദ്രനിരപ്പിലെ താപനില വര്‍ഷത്തില്‍ 0.6 മുതല്‍ 1 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനവും സമുദ്ര ഉപരിതല താപനില കൂടുന്നതും ജൈവവൈവിധ്യനഷ്ടവും ആവാസവ്യവസ്ഥയില്‍ മാറ്റവും വരുത്തുന്നുണ്ട്. ഈ മാറ്റങ്ങള്‍ മത്തി, അയല തുടങ്ങിയ തീരക്കടല്‍ മല്‍സ്യങ്ങളുടെ വിതരണത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കുഫോസ് സ്ഥാപക വൈസ് ചാന്‍സലറും സംഘാടക ചെയര്‍മാനുമായ ഡോ. ബി മധുസൂദന കുറുപ്പ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം കാരണം കടല്‍ ചൂടാകുന്നതോടെ മല്‍സ്യങ്ങള്‍ വടക്കന്‍ അക്ഷാംശങ്ങളിലും കിഴക്കന്‍ രേഖാംശങ്ങളിലും അനുകൂല താപനില കണ്ടെത്തുന്നു, അതുവഴി ഇവയുടെ ലഭ്യത പുതിയ തീരപ്രദേശങ്ങളിലായി മാറുന്നു.നമ്മുടെ കടലുകള്‍ക്ക് താപമേറുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഗുജറാത്തിലും പശ്ചിമ ബംഗാള്‍ തീരത്തും ഈ മല്‍സ്യങ്ങളുടെ സമൃദ്ധി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവ നമ്മുടെ മല്‍സ്യസമ്പത്തിനെ എങ്ങനെ ബാധിക്കുമെന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള കരട് ശുപാര്‍ശകള്‍ സമ്മേളനം അംഗീകരിച്ചു.

ഒരു കാര്‍ബണ്‍ന്യൂട്രല്‍ സമൂഹത്തിലേക്കുള്ള സംയോജിത പരിവര്‍ത്തനം, വികസനത്തിനായുള്ള പരിസ്ഥിതി കേന്ദ്രീകൃത സമീപനങ്ങള്‍,മല്‍സ്യങ്ങളുടെ വിതരണ മാറ്റങ്ങളെ പറ്റി സൂക്ഷ്മ നിരീക്ഷണം,കാലാവസ്ഥാ സൗഹൃദ പുനസ്ഥാപന സാങ്കേതിക വിദ്യകള്‍ക്കുള്ള കര്‍മപദ്ധതി, പ്രകൃതിദത്തമായ രീതിയില്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള സമീപനങ്ങള്‍, പ്രകൃതിദത്ത ഇടപെടലുകള്‍ വഴി തീരദേശ വിപുലീകരണം, വെള്ളപ്പൊക്കം നേരിടാന്‍ ഫ്ലോട്ടിംഗ് വീടുകളുടെ രൂപകല്‍പ്പന, വികസനം, പരിസ്ഥിതി വ്യവസ്ഥയിലൂന്നിയ ഫിഷറീസ് മാനേജ്മെന്റ്, പ്രകൃതിദുരന്തങ്ങളും ദുരന്തസാധ്യതാ മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന നടപടികളും, മലിനീകരണ നിയന്ത്രണം,കാലാവസ്ഥാ പ്രതിരോധശേഷിയുള്ള മല്‍സ്യകൃഷി,സമുദ്രതീര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങള്‍,വികസന പദ്ധതികളില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കല്‍, തണ്ണീര്‍ത്തട പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണം എന്നിവയടങ്ങുന്നതാണ് ശുപാര്‍ശകള്‍.കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചത്.

RELATED STORIES

Share it
Top