Kerala

നിര്‍മാതാക്കളുടെ വിലക്ക്: തനിക്ക് നീതി ലഭിക്കണം; നിലപാട് വ്യക്തമാക്കി നടന്‍ ഷെയിന്‍ നിഗം

ജനങ്ങളെ എങ്ങനെയെങ്കിലും തനിക്കെതിരെ തിരിക്കണം.അതിനു വേണ്ടി കുറെ നുണകള്‍ ചിലര്‍ പറയുകയാണെന്നും ഷെയിന്‍ നിഗം പറഞ്ഞു.നീതി ഇവിടെ ലംഘിക്കപെടുകയാണ്. നീതി തീരെ കിട്ടാത്ത സാഹചര്യമാണ്.എല്ലാ സമയവും താന്‍ മാത്രം ക്ഷമിച്ചുകൊണ്ടിരുന്നിട്ട് എന്താണ് കാര്യം.തനിക്കെതിരെ വധഭീഷണിയുണ്ടായിട്ടും താന്‍ പോയി ആ സിനിമ ചെയ്തതാണ്.എന്നിട്ടും തനിക്ക് എന്തൊക്കെ അനുഭവങ്ങളാണ് ഉണ്ടായതെന്നും ഷെയിന്‍ നിഗം ചോദിച്ചു

നിര്‍മാതാക്കളുടെ വിലക്ക്: തനിക്ക് നീതി ലഭിക്കണം; നിലപാട് വ്യക്തമാക്കി നടന്‍ ഷെയിന്‍ നിഗം
X

കൊച്ചി: നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വിഷയം പരിഹരിക്കുന്നതിനായിതാരസംഘടനയായ അമ്മയും മലയാള സിനിമ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയും ഇടപെട്ട് ചര്‍ച്ചകള്‍ നടത്താനിരിക്കെ നിലപാട് വ്യക്തമാക്കി ഷെയിന്‍ നിഗം. തനിക്ക് നീതി ലഭിക്കണമെന്നും എല്ലാവരും സഹകരിച്ചാല്‍ മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ തയാറാണെന്നും ഷെയിന്‍ നിഗം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ജനങ്ങളെ എങ്ങനെയെങ്കിലും തനിക്കെതിരെ തിരിക്കണം.അതിനു വേണ്ടി കുറെ നുണകള്‍ ചിലര്‍ പറയുകയാണെന്നും ഷെയിന്‍ നിഗം പറഞ്ഞു.മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ തയാറാണ് അവരും അതിനു തായാറാകണം.മുടങ്ങിയ സിനിമകളില്‍ താന്‍ മാത്രമല്ല നടനായിട്ടുള്ളതെന്നും ഷെയിന്‍ പറഞ്ഞു.

നീതി ഇവിടെ ലംഘിക്കപെടുകയാണ്. നീതി തീരെ കിട്ടാത്ത സാഹചര്യമാണ്.എല്ലാ സമയവും താന്‍ മാത്രം ക്ഷമിച്ചുകൊണ്ടിരുന്നിട്ട് എന്താണ് കാര്യം.തനിക്കെതിരെ വധഭീഷണിയുണ്ടായിട്ടും താന്‍ പോയി ആ സിനിമ ചെയ്തതാണ്.എന്നിട്ടും തനിക്ക് എന്തൊക്കെ അനുഭവങ്ങളാണ് ഉണ്ടായതെന്നും ഷെയിന്‍ നിഗം ചോദിച്ചു.പണം കടം മേടിച്ച് എന്തിനാണ് സിനിമ ചെയ്യുന്നത്.താനാണെങ്കില്‍ അത് ഒരിക്കലും ചെയ്യില്ല.സിനിമ പൂര്‍ത്തീകരിക്കാന്‍ താന്‍ തയാറാണ്. താനല്ല സിനിമ പായ്ക്ക് അപ്പ് പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് അത് ചെയ്തത്.ഈ സിനിമ ചെയ്യില്ലെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.തനിക്ക് നീതി ലഭിക്കാതെ വന്നപ്പോള്‍ ചില മാനസിക ബുദ്ധിമുട്ടുകള്‍ തനിക്കുണ്ടായിട്ടുണ്ട്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് തനിക്കുണ്ടായത്.

സിനിമയോടും അതിനപ്പുറത്തേയ്ക്ക് വ്യക്തിയോടുമാണ് കടപ്പാട്. എന്നാല്‍ ആ വ്യക്തിയില്‍ നിന്നും വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായത്.സംവിധായകനില്‍ നിന്നാണ് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായത്.അതില്‍ തനിക്ക് നീതി കിട്ടണമെന്നും ഷെയിന്‍ നിഗം പറഞ്ഞു.മുടി താന്‍ എടുത്തത് തന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതല്ലാതെ വേറൊരു മാര്‍ഗവും തനിക്ക് ഇപ്പോഴും ആലോചിച്ചിട്ട് കിട്ടുന്നില്ല.ഇതു കൂടാതെ വാക്കാല്‍ പറഞ്ഞിരിക്കുന്നതും എഗ്രിമെന്റ് ചെയ്തതുമായ സിനിമകള്‍ ചെയ്യാനുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട കഥകളാണ് താന്‍ ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഷെയിന്‍ നിഗം പറഞ്ഞു.

അബിയുടെ മകന്‍ എന്നതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ഷെയിന് പരിഗണന നല്‍കുന്നതെന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അതിന്റെ പേരിലാണ് ഇതെല്ലാം ഉണ്ടാകുന്നതെന്നാണ് താന്‍ ഇപ്പോള്‍ കരുതെന്നായിരുന്നു ഷെയിന്‍ നിഗമിന്റെ മറുപടി.ഇതില്‍ കൂടുതല്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ താന്‍ ഒന്നും പറയുന്നില്ലെന്നും പറഞ്ഞു കഴിഞ്ഞാല്‍ തനിക്കല്ല മറ്റു പലര്‍ക്കും ബുദ്ധിമുട്ടാകുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.തന്നെ അറിയാവുന്നവര്‍ക്ക്് എന്നും തന്നെ അറിയാം. അവര്‍ തന്റെ കൂടെ എന്നുമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷെയിന്‍ പറഞ്ഞു.സിനിമയ്ക്കുവേണ്ടിയാണ് താന്‍ എല്ലാം ചെയ്തിട്ടുള്ളതെന്നും ഷെയിന്‍ നിഗം പറഞ്ഞു.പല തരത്തിലുള്ള പീഡനങ്ങളാണ് താന്‍ സെറ്റില്‍ നേരിട്ടത്. അത്തരത്തില്‍ പീഡനങ്ങള്‍ സഹിച്ചുകൊണ്ട് എങ്ങനെ ഒരു സീന്‍ അഭിനയിക്കാന്‍ പറ്റും. സഹിക്കാന്‍ പറ്റാതായതിനാലാണ് താന്‍ പ്രതിഷേധിച്ചതെന്നും ഷെയിന്‍ നിഗം പറഞ്ഞു.

Next Story

RELATED STORIES

Share it