Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ:കുടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍;വൈദികരുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് 11 ലേക്ക് മാറ്റി

വൈദികരെ അറസ്റ്റു ചെയ്യരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് അതുവരെ തുടരും.കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി നേരത്തെ കോടതിയ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇവരോട് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.വൈദികരെ ചോദ്യം ചെയ്യാന്‍ കോടതി പോലിസിന് അനുവദിച്ച സമയ പരിധി അവസാനിച്ചു

കര്‍ദിനാളിനെതിരെ വ്യാജ രേഖ:കുടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍;വൈദികരുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് 11 ലേക്ക് മാറ്റി
X

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ ഒന്നും നാലും പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 11 ലേക്ക് മാറ്റി.കേസില്‍ എതിര്‍ വാദത്തിനായി പ്രോസിക്യൂഷന്‍ കുടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ സെഷന്‍ കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. വൈദികരെ അറസ്റ്റു ചെയ്യരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് അതുവരെ തുടരും.കേസിലെ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ട്, നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി നേരത്തെ കോടതിയ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇവരോട് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ വൈദികരെ ചോദ്യം ചെയ്യാമെന്നും ഏഴു ദിവസത്തിനുള്ളില്‍ വൈദികരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ വൈദികരെ അറസ്റ്റു ചെയ്യരുതെന്നും കോടതി അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം റിപോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.ഇതു പ്രകാരം അന്വേഷണ സംഘത്തിനു മുമ്പാകെ വൈദികര്‍ ഹാജരായി ചോദ്യം ചെയ്യലിനു വിധേയരായിരുന്നു. കോടതി നിര്‍ദേശിച്ച സമയ പരിധിയായ ഏഴുദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്. എന്നാല്‍ അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കാത്തതിനാല്‍ കേസിന്റെ വാദത്തിനായി കുടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതോടെയാണ് കേസ് പരിഗണിക്കുന്നത് 11 ലേക്ക് മാറ്റിയത്.

കേസിലെ മൂന്നാം പ്രതിയായ ആദ്യത്യയെ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്ന് ഈ രേഖ ആദിത്യ ഇ മെയില്‍ വഴി ഫാ. പോള്‍ തേലക്കാട്ടിനും ഫാ.ടോണി കല്ലൂക്കാരനും അയച്ചു നല്‍കി. ഫാ.പോള്‍ തേലക്കാട്ട് ഇത് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനു കൈമാറി. അദ്ദേഹം ഇത് കര്‍ദിനാളിന് കൈമാറുകയായിരുന്നു.രേഖ വ്യാജമാണെന്ന് വ്യക്തമാക്കിയ കര്‍ദിനാള്‍ ഇത് മെത്രാന്‍ സിനഡില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് സിനഡിന്റെ നിര്‍ദേശ പ്രകാരം പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലിസ് ഫാ.പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ പോലിസ് അറസ്റ്റു ചെയ്യുന്നത്. ആദിത്യയുടെ മൊഴി പ്രകാരമാണ് ഫാ.ടോണി കല്ലൂക്കാരനെ കേസില്‍ നാലാം പ്രതിയാക്കിയിരിക്കുന്നതെന്നാണ് പോലിസ് പറയുന്നത്.അന്വേഷണ വേളയില്‍ രണ്ടു വൈദികരുടെയും ലാപ് ടോപ്പും പോലിസ് ക്‌സ്റ്റഡിയില്‍ എടുത്ത് സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ പരിശോധിച്ചിരുന്നു.പരിശോധനയില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലിസ് അവകാശപ്പെടുന്നത്.ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാകും പോലിസ് കോടതിയില്‍ അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കുകയെന്നാണ് വിവരം.

Next Story

RELATED STORIES

Share it