Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍

തൃക്കാക്കര സ്വദേശി വിഷ്ണുവിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യയുടെ സുഹൃത്താണ് വിഷ്ണുവെന്നാണ് ലഭിക്കുന്ന വിവരം. ബാംഗ്ലൂരില്‍ ഐടി മേഖലയിലാണ് വിഷ്ണു പ്രവര്‍ത്തിക്കുന്നത്.കര്‍ദിനാളിനെതിരെ വ്യാജ രേഖ നിര്‍മിക്കാന്‍ ആദിത്യനെ വിഷ്ണു സഹായിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഒരാള്‍ കൂടി പോലിസ് കസ്റ്റഡിയില്‍
X

കൊച്ചി: സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ ഒരാളെക്കൂടി പോലിസ് കസ്റ്റഡിയില്‍ എടുത്തു. തൃക്കാക്കര സ്വദേശി വിഷ്ണുവിനെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നാം പ്രതി ആദിത്യയുടെ സുഹൃത്താണ് വിഷ്ണുവെന്നാണ് ലഭിക്കുന്ന വിവരം. ബാംഗ്ലൂരില്‍ ഐടി മേഖലയിലാണ് വിഷ്ണു പ്രവര്‍ത്തിക്കുന്നത്.കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമയ്ക്കാന്‍ ആദിത്യയെ വിഷ്ണു സഹായിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. സീറോമലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് കേസിലെ രണ്ടും നാലും പ്രതികള്‍. ഇവര്‍ക്ക് രണ്ടും പേര്‍ക്കും കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.കേസിലെ മൂന്നാം പ്രതിയായ ആദിത്യയാണ് വ്യജ രേഖ ചമച്ചതെന്നാണ് പോലിസ് കണ്ടെത്തല്‍. ഇയാളെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇതിനിടയില്‍ ആദിത്യയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച ഡിവൈഎസ്പി വിദ്യാധരനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുക,വൈദികരെയും വിശ്വാസികളെയും അകാരണമായി പ്രതിചേര്‍ക്കുന്ന പോലിസിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമിതി എന്ന പേരില്‍ ഒരു വിഭാഗം വിശ്വാസികള്‍ നാളെ കൊച്ചിയില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചിട്ടുണ്ട്. ആദിത്യ അനുഭവിച്ച പീഡനങ്ങള്‍ മനസിലാക്കിയ കോടതി സ്വമേധയ കസ്റ്റഡി മര്‍ദ്ദനത്തിന് കേസെടുത്തു. പരിക്കുകള്‍ നേരിട്ട് രേഖപ്പെടുത്തി. രഹസ്യമൊഴിയെടുത്തു. എന്നിട്ടും അധികാരികള്‍ ഇതുവരെ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. മാത്രമല്ല ഇപ്പോഴും പോലിസിന്റെ തിരക്കഥക്കനുസരിച്ച് മൊഴി നല്‍കാന്‍ ആദിത്യയെ നിര്‍ബന്ധിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. എറണാകുളം വഞ്ചി സ്‌ക്വയറില്‍ രാവിലെ 10ന് സത്യാഗ്രഹം ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് ഐജി ഓഫീസ് മാര്‍ച്ചും നടത്തും.വരും നാളുകളില്‍ കൂടുതല്‍ ശക്തമായ സമരവുമായി നീങ്ങാനാണ് ഇവരുടെ തീരുമാനം.

എന്നാല്‍ സമരത്തിനെതിരെ കര്‍ദിനാളിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്തെത്തിയിട്ടുണ്ട്.എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവര്‍ത്തകരുടെ സമര പ്രഖ്യാപനം പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം ആരോപിച്ചു. വ്യാജരേഖ കേസില്‍ അന്വേഷണം മുറുകുമ്പോള്‍ പോലിസിന്റെ ആത്മവീര്യം കെടുത്തി അന്വേഷണം നിര്‍വീര്യമാക്കാനാണ് വിമതര്‍ ശ്രമിക്കുന്നതെന്നും സ്ഥലം മാറിപോയ മുന്‍ ഡിവൈഎസ്പിക്കെതിരെ ഇപ്പോള്‍ ആരോപണവുമായി വരുന്നത് ദുരുദ്ദേശപരമാണെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം ആരോപിച്ചു.പ്രതിയെ അറസ്റ്റ് ചെയ്ത് കൃത്യമായ മെഡിക്കല്‍ പരിശോധനക്ക് ശേഷം, റിമാന്റ് ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഈ പ്രതിക്ക് പരാതിയില്ലായിരുന്നു. എന്നാല്‍ ചില വിമത തല്‍്പര കക്ഷികളുടെ ഉപദേശത്തിന്റെ ഫലമായി പിന്നീട് ആരോപണം ഉയര്‍ത്തുകയായിരുന്നു.ഇത് സംബന്ധിച്ചുള്ള രേഖകള്‍ കോടതിയുടെ മുമ്പിലുള്ളപ്പോള്‍ സമര പ്രഖ്യാപനം നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം ആരോപിക്കുന്നു.

Next Story

RELATED STORIES

Share it