Kerala

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂനിറ്റ് പ്രസിഡന്റ് അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തത്തെത്തി

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ പൂട്ടിയ യൂനിയന്‍ ഓഫിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബലമായി തുറന്നതിനെച്ചൊല്ലി എസ്എഫ്‌ഐ- ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റ് യൂനിറ്റ് പ്രസിഡന്റ് അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.കോളജ് യൂനിയന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും വിളിച്ചു ചേര്‍ത്തതിനു ശേഷം യൂനിയന്‍ ഓഫിസ് താഴിട്ട് പൂട്ടിയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ എത്തി പൂട്ട് പൊളിച്ച് ഓഫിസ് തുറന്നു. ഇതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി യൂനിയന്‍ ഓഫിസിനു മുന്നില്‍ എത്തി.എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു

.കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകരെക്കൂടാതെ പുറത്ത് നിന്നുളളവരും ചേര്‍ന്നാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂനിറ്റ് പ്രസിഡന്റ് അര്‍ഹംഷായെ ക്രൂരമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും ഇവര്‍ പറഞ്ഞു.അസ്‌നാന്‍,സെയാന്‍ എന്നിവര്‍ക്കും മര്‍ദനത്തില്‍ പരിക്കറ്റുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മര്‍ദനത്തില്‍ പരിക്കേറ്റന്ന പേരില്‍ ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തത്തെത്തി. കോളജ് മാഗസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് യൂനിയന്‍ ഓഫിസ് തുറന്നതെന്നാണ് എസ് എഫ് ഐ യുടെ വാദം.എന്നാല്‍ രണ്ടു വര്‍ഷമായി കോളജില്‍ മാഗസിന്‍ ഇറക്കിയിട്ടില്ലെന്നും യൂനിയന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ഇനി എന്ത് മാഗസിന്റെ ജോലി നടത്താനാണെന്നാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

Next Story

RELATED STORIES

Share it