Kerala

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇനി അധികാരികളുടെ മാത്രം ഇഷ്ടത്തിനു മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് അതിരൂപത സംരക്ഷണ സമിതിയും അല്‍മായ മുന്നേറ്റവും

കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവം അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും പ്രബുദ്ധരാക്കിയിട്ടുണ്ട് അതുകൊണ്ടു തന്നെ ഇനിമുതല്‍ അതിരൂപതയുടെ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കു.ഭൂമിയിടപാടിലെ നഷ്ടം നികത്താനായി സിനഡ് ക്രിയാത്മകമായ നിര്‍ദേശം നല്‍കാത്തതില്‍ നിരാശയുണ്ട്.സിനഡിന്റെ പേരില്‍ അനാവശ്യമായി ഫാ.ജോബി മപ്രക്കാവില്‍ നല്‍കിയ വിവാദ രേഖ കേസിന്റെ കാര്യത്തില്‍ സിനഡ് തീരുമാനമെടുക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇനി അധികാരികളുടെ മാത്രം ഇഷ്ടത്തിനു മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്ന് അതിരൂപത സംരക്ഷണ സമിതിയും അല്‍മായ മുന്നേറ്റവും
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ എല്ലാ കാര്യങ്ങളിലും കൃത്യമായ ആലോചനയും കര്‍മ പദ്ധതികളുമില്ലാതെ അധികാരികളുടെ മാത്രം ഇഷ്ടത്തിനു മുന്നോട്ടു പോകാന്‍ ഇനി തങ്ങള്‍ അനുവദിക്കില്ലെന്ന് അതിരൂപത സംരക്ഷണ സമിതി,അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവം അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും പ്രബുദ്ധരാക്കിയിട്ടുണ്ട് അതുകൊണ്ടു തന്നെ ഇനിമുതല്‍ അതിരൂപതയുടെ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിനഡ് കാണിച്ച സന്മനസിന് നന്ദി പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച് ബിഷപ് എന്ന നിലയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും ഭൂമിയിടപാടില്‍ തെറ്റു പറ്റിയിരുന്നു.അതു കണ്ടെത്തിയ ഫാ.ബെന്നി മാരാംപറമ്പില്‍ കമ്മിറ്റിയുടെ റിപോര്‍ട് അംഗീകരിച്ച് തെറ്റ് തിരുത്താനും നിയമനടപടികള്‍ക്ക് വിധേയനാകാനും തയാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.ഇതു പ്രകാരം അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ പൂര്‍ണവും സ്വതന്ത്രവുമായ ചുമതലയുമായി ആര്‍ച് ബിഷപ് ആന്റണി കരിയിലിനെ മേജര്‍ ആര്‍ച് ബിഷപിന്റെ വികാരിയായി നിയമിച്ചതിനെ സ്വാഗതം ചെയ്യുകയാണെന്നും ഇവര്‍ പറഞ്ഞു.സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്ക് വീണ്ടും നിയമനം നല്‍കിയത് സന്തോഷകരമാണ്.അതേ സമയം ഭൂമിയിടപാടിലെ നഷ്ടം നികത്താനായി സിനഡ് ക്രിയാത്മകമായ നിര്‍ദേശം നല്‍കാത്തതില്‍ നിരാശയുണ്ട്.

അനാവശ്യമായി സിനഡിന്റെ പേരില്‍ ഫാ.ജോബി മപ്രക്കാവില്‍ നല്‍കിയ വിവാദ രേഖ കേസിന്റെ കാര്യത്തില്‍ സിനഡ് തീരുമാനമെടുക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.പോലിസ് ഇപ്പോഴും ഈ കേസിന്റെ ഉറവിടത്തിലേക്ക് അന്വേഷണം കൊണ്ടുപോകുന്നില്ല.അതിരുപതയിലെ അഞ്ചുലക്ഷം വരുന്ന വിശ്വാസികളെയും ആയിരക്കണക്കിന് സമര്‍പ്പിതരെയുമാണ് സര്‍ക്കാരും പോലിസും ഇതിലൂടെ പരീക്ഷിക്കുന്നത്.ചെയ്യാത്ത തെറ്റിനാണ് വൈദികരും വിശ്വാസികളും പീഡിപ്പിക്കപ്പെടുന്നതെന്നും ഇവര്‍ പറഞ്ഞു.പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്ന ഫാ.അഗസ്റ്റിന്‍ വട്ടോലിയെക്കുറിച്ചുള്ള സിനഡിന്റെ നിരുത്തരവാദിത്വപരവും സത്യവിരുദ്ധവുമായ പ്രസ്താവനയെ അപലപിക്കുന്നതായും ഇവര്‍ വ്യക്തമാക്കി.അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റിയന്‍ തളിയന്‍,ഫാ.ജോസ് വൈലിക്കോടത്ത്,അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി പി ജെരാര്‍ദ്്, റിജു കാഞ്ഞൂക്കാരന്‍, മാത്യു കാറോണ്ടുകടവില്‍, ഷൈജു ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it