Kerala

കര്‍ദിനാളിനെതിരെ വൈദികരുടെ സമരം തുടരുന്നു; സിനഡുമായി വീണ്ടും ഇന്ന് ചര്‍ച്ച

വൈദിക പ്രതിനിധികളും സിനഡിലെ മെത്രാന്മാരും തമ്മില്‍ ഇന്നലെ രാത്രി വൈകിയും നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് സമരം ഇന്നും തുടരുകയാണ്. സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ എട്ടു മെത്രാന്‍മാരാണ് എറണാകുളം-അങ്കമാലി വൈദീക പ്രതിനിധികളായ 9 വൈദീകരുമായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചര്‍ച്ച നടത്തിയത്. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചര്‍ച്ച രാത്രി 8.30 ഓടെയാണ് പൂര്‍ത്തിയായത്

കര്‍ദിനാളിനെതിരെ വൈദികരുടെ സമരം തുടരുന്നു; സിനഡുമായി വീണ്ടും ഇന്ന് ചര്‍ച്ച
X

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചുനല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് കര്‍ദിനാള്‍ വിരുദ്ധവിഭാഗം വൈദികര്‍ ബിഷപ് ഹൗസിനുള്ളില്‍ ആരംഭിച്ച സമരം തുടരും. വൈദിക പ്രതിനിധികളും സിനഡിലെ മെത്രാന്മാരും തമ്മില്‍ ഇന്നലെ രാത്രി വൈകിയും നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് സമരം ഇന്നും തുടരുകയാണ്.സീറോ മലബാര്‍ സ്ഥിരം സിനഡ് അംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ എട്ടു മെത്രാന്‍മാരാണ് എറണാകുളം-അങ്കമാലി വൈദീക പ്രതിനിധികളായ 9 വൈദീകരുമായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ചര്‍ച്ച നടത്തിയത്. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചര്‍ച്ച രാത്രി 8.30 ഓടെയാണ് പൂര്‍ത്തിയായത്. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുംതോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോള്‍ ആലപ്പാട്ട്, കുരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയാപുരക്കല്‍ എന്നവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് മെത്രാന്മാര്‍.

അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അഞ്ചു കാര്യങ്ങളാണ് വൈദികര്‍ പ്രധാനമായും ഉന്നയിച്ചത്.സഹായമെത്രാന്‍മാരെ പൂര്‍ണ ചുമതല നല്‍കി തിരിച്ചെടുക്കുക, വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്നു മാറ്റുക. പ്രത്യേക അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക.കര്‍ദിനാളിനെ മാറ്റിനിര്‍ത്തി മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിരീക്ഷണത്തില്‍ സിനഡ് സമ്മേളനം നടത്തുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും വൈദികര്‍ ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചത്. വൈദികര്‍ ഉന്നയിച്ച കാര്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ സമരം നടത്തുന്ന വൈദികരോട് ആലോചിക്കാതെ തീരുമാനം അറിയിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ മെത്രാന്മാരെ അറിയിച്ചു.

തുടര്‍ന്ന് രാത്രി വൈകി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്യുന്ന വൈദികര്‍ യോഗം ചേര്‍ന്ന് കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിനു ശേഷം മാത്രമെ സമരം പിന്‍വലിക്കുകയുള്ളുവെന്ന് തീരുമാനിച്ചു. ഈ വിവരം ഇന്നലെ രാത്രി തന്നെ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദീക പ്രതിനികള്‍ അറിയിച്ചു. ഇതു പ്രകാരം ഇന്നും സിനഡുമായി ചര്‍ച തുടരും.കര്‍ദിനാള്‍ വിരുദ്ധ പക്ഷത്തെ ഫാ.ജോസഫ് പാറേക്കാട്ടിലാണ് കഴിഞ്ഞ ദിവസം മുതല്‍ ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദഹത്തിന് പിന്തുണയുമായി നിരവധി വൈദികരും അതിരൂപത ആസ്ഥാനത്ത് തുടരുന്നുണ്ട്

Next Story

RELATED STORIES

Share it