Top

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണം ; നിലപാടിലുറച്ച് വൈദികരും വിശ്വാസികളും

തങ്ങള്‍ ഉയര്‍ത്തിയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറല്ല.കഴിഞ്ഞ ഒരു വര്‍ഷമായി സത്യത്തിനും നീതിക്കും വേണ്ടിയുള്ള ധാര്‍മിക പോരാട്ടത്തിലാണ് എറണാകുളം-അങ്കമാലി അതിരൂപത.തങ്ങള്‍ കണ്ടെത്തിയ സത്യങ്ങള്‍ക്കുവേണ്ടി ശക്തമായ നിലപാട് എടുത്തതിന്റെ പേരിലാണ് ഇവിടുത്ത വൈദികരും അല്‍മായരും തങ്ങളുടെ ജീവിതം തന്നെ ബലി കൊടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു,ഏറെ ആരോപണങ്ങളിലൂടെയും തെറ്റദ്ധാരണകളിലൂടെയും അവസാനം പോലിസ് കേസിലൂടെയും തങ്ങള്‍ കടന്നു പോകുകയാണ്.ഈ ധാര്‍മിക പോരാട്ടത്തിനൊടുവില്‍ സത്യവും നീതിയും വിജയിക്കും

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണം ; നിലപാടിലുറച്ച്  വൈദികരും വിശ്വാസികളും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന നിലപാടില്‍ ഉറച്ച് അതിരുപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും.തങ്ങള്‍ ഉയര്‍ത്തിയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറല്ലെന്ന്് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ,സെബാസ്റ്റ്യന്‍ തളിയന്‍,വക്താവ് ഫാ.ജോസ് വൈലിക്കോടത്ത്, അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി പി ജെരാര്‍ദ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി സത്യത്തിനും നീതിക്കും വേണ്ടിയുള്ള ധാര്‍മിക പോരാട്ടത്തിലാണ് എറണാകുളം-അങ്കമാലി അതിരൂപത.സീറോ മലബാര്‍ സഭയില്‍ അടിഞ്ഞുകൂടിയ കച്ചവട മനോഭാവത്തിനും ധാര്‍മിക മൂല്യച്യുതിക്കുമെതിരെ വൈദികരും അല്‍മായരും തുടക്കം കുറിച്ച ശക്തമായ മുന്നേറ്റത്തിന്റെ ലക്ഷ്യം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചൈതന്യത്തിലുള്ള സഭാ നവീകരണമായിരുന്നു.

തങ്ങള്‍ കണ്ടെത്തിയ സത്യങ്ങള്‍ക്കുവേണ്ടി ശക്തമായ നിലപാട് എടുത്തതിന്റെ പേരിലാണ് ഇവിടുത്ത വൈദികരും അല്‍മായരും തങ്ങളുടെ ജീവിതം തന്നെ ബലി കൊടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു,ഏറെ ആരോപണങ്ങളിലൂടെയും തെറ്റദ്ധാരണകളിലൂടെയും അവസാനം പോലിസ് കേസിലൂടെയും തങ്ങള്‍ കടന്നു പോകുകയാണ്.ഈ ധാര്‍മിക പോരാട്ടത്തിനൊടുവില്‍ സത്യവും നീതിയും വിജയിക്കുമെന്നു തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.ഭൂമിയിടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനെന്ന നിലയില്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അദ്ദേഹത്തിന്റെ കൂട്ടാളികളും സഭയുടെ കാനോനിക നിയമങ്ങളും രാജ്യത്തിന്റെ നിയമങ്ങളും നഗ്നമായി ലംഘിച്ചു. .അതിരൂപതയിലെ വൈദികരും അല്‍മായരും ആവശ്യപ്പെടുന്നതുപോലെ അധികാരങ്ങള്‍ പൂര്‍ണമായും കൈയ്യാളുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപിനെ സിനഡ അതിരൂപതയ്ക്കായി നിര്‍ബന്ധമായും നിയമക്കണം.അദ്ദേഹം അതിരൂപതാംഗമായ മുതിര്‍ന്ന ബിഷപ് ആയിരിക്കണമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നേരത്തെ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് എന്ന സ്ഥാനം ഇല്ലാതാക്കുകയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ വൈദികര്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ പാലിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.

സഹായമെത്രാന്മാരെ സസ്‌പെന്റു ചെയ്തതിന്റെ കാരണം അറിയിക്കാനുള്ള ആര്‍ജവം സിനഡ് കാണിക്കണം.വിവാദ രേഖ കേസില്‍ സിനഡിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഫാ.പോള്‍ തേലക്കാട്ടിലിനെയും ബിഷപ് ജേക്കബ് മനത്തോടത്തിനെയും പ്രതികളാക്കിയുള്ള പ്രാഥമിക അന്വേഷണ മൊഴി നല്‍കിയ ഫാ.ജോബി മാപ്രക്കാവിലിനെതിരെ നടപടി വേണം.ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലിസ് നടപടിയുണ്ടായാല്‍ അത് നേരിടും എന്നാല്‍ അത്തരം നടപടികളോടുള്ള വൈദികരുടെയും അല്‍മായരുടെയും പ്രതികരണം പ്രവചനാതീതമായിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.അതിരൂപതയുടെ എല്ലാ തീരൂമാനങ്ങളും നടപടികളും വില്‍ക്കലും വാങ്ങലുമെല്ലാം സുതാര്യവും സത്യസന്ധവുമായി നടത്താനുള്ള നടപടിക്രമങ്ങള്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.സഭയില്‍ തീരുമാനമെടുക്കുന്ന ആലോചന സമിതിപോലുള്ള സഭാ ഘടനയില്‍ അല്‍മായര്‍ക്ക് പ്രാതിനിധ്യം ഉണ്ടാകണം. അതിനായി സഭാ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഷൈജു ആന്റണി,ജോമോന്‍ തോട്ടപ്പിള്ളി, ഷിജോ മാത്യു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it