Kerala

നിപ: പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യവകുപ്പ്; മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യം ഒരുക്കി

നിപ രോഗബാധ സംശയിച്ച് ആരെങ്കിലും ചികില്‍സയ്‌ക്കെത്തിയാല്‍ അവരെ പ്രവേശിപ്പിക്കുന്നതിനായി എറണാകുളം കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യവും വാര്‍ഡും ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കി.കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ അത് നേരിട്ട മെഡിക്കല്‍ ടീം എറണാകുളത്ത് മൂന്നു മണിയോടെ എത്തും.ആരോഗ്യമന്ത്രിയും എത്തും.എറണാകുളം ജില്ലയിലെ മറ്റു ആശുപത്രികളിലും നിപ റിപോര്‍ട് ചെയ്യുകയോ കണ്ടെത്തുകയോ ചെയ്താല്‍ എങ്ങനെ തുടര്‍ നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ചും തീരുമാനമെടുത്തു.കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.കണ്‍ട്രോള്‍ റൂം വഴി പൊതുജനങ്ങളുടെ സംശയത്തിനു മറുപടി നല്‍കും

നിപ: പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യവകുപ്പ്; മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യം ഒരുക്കി
X

കൊച്ചി: നിപ രോഗ ബാധ തടയാനുള്ള എല്ലാ മുന്‍കരുതലുകളും എറണാകുളം ജില്ലയില്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള എന്നിവര്‍ വ്യക്തമാക്കി.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ രോഗ ബാധയെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നത തല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ രോഗബാധ സംശയിച്ച് ആരെങ്കിലും ചികില്‍സയ്‌ക്കെത്തിയാല്‍ അവരെ പ്രവേശിപ്പിക്കുന്നതിനായി എറണാകുളം കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യവും വാര്‍ഡും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ കൂടുതല്‍ ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ അത് നേരിട്ട മെഡിക്കല്‍ ടീം എറണാകുളത്ത് മൂന്നു മണിയോടെ എത്തും.ആരോഗ്യമന്ത്രിയും എത്തും.തുടര്‍ന്ന് വീണ്ടും ഉന്നതതല യോഗം ചേരും.എറണാകുളം ജില്ലയിലെ മറ്റു ആശുപത്രികളിലും നിപ റിപോര്‍ട് ചെയ്യുകയോ കണ്ടെത്തുകയോ ചെയ്താല്‍ എങ്ങനെ തുടര്‍ നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ചും തീരുമാനമെടുത്തതായി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

രോഗബാധ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള അന്തിമ ഫലം വന്നതിനു ശേഷം മാത്രമെ വിദ്യാര്‍ഥിക് നിപയാണോയെന്നത് സംബന്ധിച്ച് വ്യക്തമാകുകയുള്ളുവെന്നു ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. നിലവില്‍ സംശയം മാത്രമാണ്.എന്നിരുന്നാലും ഫലം വരുന്നതിനു മുമ്പു തന്നെ മുന്‍കരുതല്‍ നടപടി ശക്തമാക്കാനാണ് തീരൂമാനം.ഇതിന്റെ ഭാഗമായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമായിരിക്കും അത്.കണ്‍ട്രോള്‍ റൂം വഴി പൊതുജനങ്ങളുടെ സംശയത്തിനു മറുപടി നല്‍കും.മീഡിയ സെല്ലും തുറന്നിട്ടുണ്ട്.നിരീക്ഷണം ശക്തമായി തുടരും. വിദ്യാര്‍ഥി എവിടെയെല്ലാം പോയി ആരെയെല്ലാം ബന്ധപ്പെട്ടു എന്നതു സംബന്ധിച്ച് വിശദമായ റിപോര്‍ട് തയാറാക്കി നടപടി സ്വീകരിക്കും.ഇതിനായി അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.വിദ്യാര്‍ഥിയെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കിയതായും കലക്ടര്‍ പറഞ്ഞു.രോഗ ബാധ സംശയിക്കുന്ന വിദ്യാര്‍ഥി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡിഎംഒ പറഞ്ഞു.എവിടെനിന്നാണ് രോഗ ബാധയുണ്ടായെന്നത് സംബന്ധിച്ച് പരിശോധന നടന്നു വരികയാണെന്നും അതിനു ശേഷം മാത്രമെ പറയാന്‍ കഴിയുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it