Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേരിപ്പോര്: വത്തിക്കാന്റെ തീരുമാനവുമായി മുന്നോട്ടു പോകാന്‍ സ്ഥിരം സിനഡിന്റെ തീരുമാനം

വത്തിക്കാന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള വൈദികര്‍ ഇതില്‍ നിന്നും പിന്മാറണമെന്ന് സിനഡ് നിര്‍ദേശം നല്‍കിയതാണ് അറിയുന്നത്.സീറോ മലബാര്‍ സഭാ അസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലായിരുന്നു സിനഡ് ചേര്‍ന്നത്. അതിരൂപതയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുത്ത സിനഡ്് ഇക്കാര്യങ്ങള്‍ വികാരി ജനറാളിനെയും ചാന്‍സിലറെയും അറിയിച്ചതായാണ് വിവരം

എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേരിപ്പോര്: വത്തിക്കാന്റെ തീരുമാനവുമായി മുന്നോട്ടു പോകാന്‍ സ്ഥിരം സിനഡിന്റെ തീരുമാനം
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചു നല്‍കിയതിനെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി.വത്തിക്കാന്റെ തീരുമാനത്തിനനുസരിച്ച് മുന്നോട്ടു പോകാന്‍ സ്ഥിരം സിനഡ് തീരൂമാനിച്ചതായാണ് വിവരം.വത്തിക്കാന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള വൈദികര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും സിനഡ് നിര്‍ദേശം നല്‍കിയതാണ് അറിയുന്നത്.സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലായിരുന്നു സിനഡ് ചേര്‍ന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച് ബിഷപ്മാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്,മാര്‍ മാത്യു മൂലക്കാട്ട്,മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങള്‍.ഇതില്‍ മാര്‍ ജേക്കബ് മനത്തോടത്ത് റോമിലായിരുന്നതിനാല്‍ സിനഡില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിനു പകരമായി പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലാണ് സിനഡില്‍ പങ്കെടുത്തത്.

നേരത്തെ ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും കഴിഞ്ഞ ദിവസം അതിരൂപതയുടെ ചുമതലയില്‍ മാര്‍പാപ്പ നിയമിച്ചിരുന്നു. ഒപ്പം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റും ചെയ്തിരുന്നു. വത്തിക്കാന്റെ ഈ തിരുമാനത്തിനെതിരെ അതിരൂപതയിലെ നല്ലൊരു വിഭാഗം വൈദികരും രംഗത്തു വരികയും തീരുമാനത്തിനെതിരെ യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അതിരൂപതയക്ക് തങ്ങള്‍ക്കറിയാവുന്ന തങ്ങളെ അറിയുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി സഹകരിക്കേണ്ടതില്ലെന്നുള്ള നിലപാടിലാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്ന വൈദികര്‍.ഈ വിവരം ഇവര്‍ സിനഡിനെ അറിയിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യങ്ങളെല്ലാം സിനഡില്‍ ചര്‍ച്ചയായിട്ടുണ്ട്.തുടര്‍ന്ന് ഇതു സംബന്ധിച്ച് ഏതു വിധത്തിലുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിനഡ് ചര്‍ച ചെയ്ത് തീരൂമാനമെടുത്തിട്ടുണ്ട് ഈ തീരുമാനം അതിരൂപതയുടെ വികാരി ജനറാളിനെയും ചാന്‍സിലറെയും അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം.

Next Story

RELATED STORIES

Share it