Kerala

കുഴല്‍ക്കിണറുകളുടെ ആധിക്യം; കേരളത്തില്‍ ഭൂഗര്‍ഭ ജലവും കിട്ടാക്കനിയെന്ന് പഠനറിപ്പോര്‍ട്ട്

വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളും മഴക്കുറവും കാരണം കാസര്‍കോഡും പാലക്കാടും വന്‍ദുരന്തമാണ് നേരിടാന്‍ പോവുന്നതെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്നറിയിപ്പും താക്കീതും വകവെയ്ക്കാതെ അശാസ്ത്രീയവും മുന്‍കരുതലില്ലാത്തതുമായ ജലവിനിയോഗം മൂലമാണ് ഭൂഗര്‍ഭജലം വറ്റിത്തീരുന്നത്.

കുഴല്‍ക്കിണറുകളുടെ ആധിക്യം; കേരളത്തില്‍ ഭൂഗര്‍ഭ ജലവും കിട്ടാക്കനിയെന്ന് പഠനറിപ്പോര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ചില ജില്ലകള്‍ കടുത്ത ജലദൗര്‍ലഭ്യ ഭീഷണിയിലേക്കെന്ന് വ്യക്തമാക്കി കേന്ദ്ര ഭൂഗര്‍ഭ ജലവിഭവശേഷി പഠന കമ്മിറ്റിയുടെ റിപോര്‍ട്ട്. വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളും മഴക്കുറവും കാരണം കാസര്‍കോഡും പാലക്കാടും വന്‍ദുരന്തമാണ് നേരിടാന്‍ പോവുന്നതെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്നറിയിപ്പും താക്കീതും വകവെയ്ക്കാതെ അശാസ്ത്രീയവും മുന്‍കരുതലില്ലാത്തതുമായ ജലവിനിയോഗം മൂലമാണ് ഭൂഗര്‍ഭജലം വറ്റിത്തീരുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കിണറുകളുമുള്ളത് കാസര്‍കോഡ് ജില്ലയിലാണ്. വന്‍ദുരന്തമാണ് സമീപ ഭാവിയില്‍ ജില്ല നേരിടാന്‍ പോകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഭൂഗര്‍ഭ ജലത്തിന്റെ ആനുപാതികമായി മഴവെള്ളം ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യപ്പെടുന്നില്ല. കാസര്‍കോഡിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര ഭൂഗര്‍ഭ അതോറിറ്റി സംഘം ഈ മാസം ജില്ലയിലെത്തും. കേന്ദ്ര പദ്ധതിയായ ജല്‍ശക്തി അഭിയാന്‍ പ്രകാരം ജില്ലയിലെ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാരംഭിക്കും. ജലശക്തി അഭിയാന്റെ നടത്തിപ്പിനായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി എന്നിവരെ നോഡല്‍ ഓഫീസറായി നിയമിച്ചു. ജലവിനിയോഗ നയം രൂപീകരിക്കും. കാസര്‍കോഡ് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗര്‍ഭജലവും ഉപയോഗിച്ചുവെന്നാണ് കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ (ജിഇസി) 2017ലെ റിപ്പോര്‍ട്ട്. 2013ല്‍ അത് 90.52 ശതമാനമായിരുന്നു. സംസ്ഥാനത്ത് തന്നെ അതീവ ഗുരുതരമായ സ്ഥിതിയാണെന്നും ജിഇസി വിലയിരുത്തുന്നു.


2005ല്‍ കാസര്‍കോട്, കോഴിക്കോട്, ചിറ്റൂര്‍ (പാലക്കാട്), കൊടുങ്ങല്ലൂര്‍ (തൃശൂര്‍), അതിയന്നൂര്‍ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു 'ഓവര്‍ എക്‌സ്‌പ്ലോയിറ്റഡ്' മേഖലയായി നിര്‍ണയിച്ചത്. 2017 ആവുമ്പോഴേക്കും ചിറ്റൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ബ്ലോക്കുകള്‍ ജലവിനിയോഗത്തില്‍ സുരക്ഷിത (സേഫ്) സ്ഥാനത്തെത്തിയിരുന്നു. പക്ഷേ കാസര്‍കോഡ് 2017ലെ സ്ഥിതിവിവര കണക്ക് പ്രകാരം മഞ്ചേശ്വരം, കാറഡുക്ക കാഞ്ഞങ്ങാട് ബ്ലോക്കുകള്‍ അര്‍ദ്ധഗുരുതര സാഹചര്യത്തിലാണ്. 83.96 ശതമാനം, 82.03 ശതമാനം, 77.67 ശതമാനം എന്നിങ്ങനെയാണ് ഈ ബ്ലോക്കുകളിലെ ഭൂഗര്‍ഭ ജലവിനിയോഗം. ജില്ലയില്‍ നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ മാത്രമായിരുന്നു സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. 2005ല്‍ 57.57 ശതമാനം, 55.34 ശതമാനം എന്നിങ്ങനെ ആയിരുന്നെങ്കില്‍ 2017ല്‍ 69.52, 66.97 ശതമാനമായി. വ്യാവസായിക സംരംഭങ്ങള്‍ കുറവായ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണം അശാസ്ത്രീയവും അനിയന്ത്രിതവുമായ കാര്‍ഷിക ജലസേചനമെന്ന് സംസ്ഥാന ഹൈഡ്രോളജി വിഭാഗം കണ്ടെത്തി.

ഉപരിതല ജലനിരപ്പിനൊപ്പം ഭൂഗര്‍ഭ ജലവും ഏറ്റവും കൂടുതല്‍ താഴ്ന്നുകൊണ്ടിരിക്കുന്ന മറ്റൊരു ജില്ലയാണ് പാലക്കാട്. ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ 38 ഡിഗ്രിക്കു മുകളില്‍ ചൂട് പാലക്കാട് രേഖപ്പെടുത്തികഴിഞ്ഞു. ഇപ്പോള്‍തന്നെ കുഴല്‍ക്കിണറുകളില്‍ നിലവിലുള്ള ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇത് കുഴല്‍ കിണറുകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെ ബാധിക്കും. ഭൂഗര്‍ഭ ജലനിരപ്പ് വളരെ താഴ്ന്നതിനാല്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിനു ഭൂജല വകുപ്പിന്റെ അനുമതി വേണമെന്നുണ്ട്. എന്നാല്‍ ഒരു അനുമതിയും ഇല്ലാതെ തന്നെയാണ് കുഴല്‍ കിണര്‍ കുഴിച്ചും ജില്ല ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്.



ജില്ലയിലെ കുഴല്‍ കിണറുകളുടെ കണക്കെടുപ്പ് സര്‍ക്കാര്‍ 2008 ല്‍ നടത്തിയിരുന്നു. കണക്കെടുപ്പ് നടത്തിയത് രണ്ടായിരത്തോളം കുഴല്‍ക്കിണറുകളാണ് അന്നു കണ്ടെത്തിയത്. എന്നാല്‍ കുറച്ചുകാലങ്ങളായി വേനല്‍ തുടങ്ങുമ്പോള്‍ തന്നെ ആഴ്ച്ചയില്‍ നൂറിലേറെ കുഴല്‍ കിണറുകളാണ് കുഴിക്കുന്നത്. ഇങ്ങിനെ നോക്കിയാല്‍ പതിനായിരക്കണക്കിനു കുഴല്‍ കിണറുകള്‍ ജില്ലയില്‍ കാണും. ഒരാഴ്ച കൊണ്ട് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ച ഗ്രാമവും പാലക്കാടുണ്ട്. കാവശ്ശേരി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 150 ഓളം കുഴല്‍ കിണറുകള്‍ കുഴിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇവിടെയുള്ള ആയിരത്തോളം വീടുകളില്‍ കുഴല്‍ കിണര്‍ ഇല്ലാത്തത് 150 ല്‍ താഴെ മാത്രമാണ്.

വരള്‍ച്ചയില്‍ മുന്നിലായിട്ടും ജനങ്ങള്‍ക്ക് ആവശ്യത്തിനു കുടിവെള്ളം കിട്ടാതെയിരുന്നിട്ടും മദ്യകമ്പനികള്‍ക്കും കുപ്പിവെള്ള കമ്പനികള്‍ക്കും യഥേഷ്ടം വെള്ളം നല്‍കുന്നതും പാലക്കാട് തന്നെയാണ്. കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന മദ്യ കമ്പനികള്‍ക്കു പുറമെ 11 കുപ്പിവെള്ള കമ്പനികളും പാലക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം വെള്ളം എടുക്കുന്നതു കുഴല്‍ കിണറുകളില്‍ നിന്നു തന്നെയാണ്. എന്നാല്‍ ഭൂജല വകുപ്പ് ഒരു കമ്പനിക്ക് ഒരു കുഴല്‍ കിണര്‍ കുഴിക്കാന്‍ മാത്രമേ അനുമതി നല്‍കിയിട്ടുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം.

Next Story

RELATED STORIES

Share it