Kerala

മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മിച്ചത് ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപോര്‍ട്ട്

ഇന്നലെ അറസ്റ്റിലായ ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് കമ്പനി എം ഡി സാനി ഫ്രാന്‍സിസ്, മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കവെ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലാണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാണിച്ചിരിക്കുന്നത്

മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മിച്ചത് ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപോര്‍ട്ട്
X

കൊച്ചി: തീര പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് ഫ്‌ളാറ്റ് നിര്‍മാതാവിനും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടികാട്ടി ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപോര്‍ട്.ഇന്നലെ അറസ്റ്റിലായ ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് കമ്പനി എം ഡി സാനി ഫ്രാന്‍സിസ്, മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കവെ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലാണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഒന്നാംപ്രതി രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളുമായി ഗൂഡാലോചന നടത്തി ചതി ചെയ്ത് അന്യായ ലാഭവും പരാതിക്കാരന് നഷ്ടവും ഉണ്ടാകണമെന്നുള്ള ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചു. 92.585 സെന്റ് സ്ഥലത്ത് 19 നിലകളിലായി ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് സാനി ഫ്രാന്‍സിസ് മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫും മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫും തമ്മില്‍ ഗൂഡാലോചന നടത്തി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു.2006 ലാണ് നിര്‍മാണത്തിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. തീരദേശ പരിപാലന നിയമത്തിന് വിരുദ്ധമായാണ് നിര്‍മാണം നടത്തുന്നതെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല പ്രസ്തുത സ്ഥലം നിലമാണെന്നും രേഖകള്‍ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഒന്നാംപ്രതിയുടെ ആവശ്യത്തിന് മറ്റു പ്രതികള്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് ഒന്നാംപ്രതി ഫ്ളാറ്റ് വില്‍പന നടത്തിയത്.

അപാര്‍ട്ടുമെന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ഭാഗത്ത് നിന്നും കുറ്റകരമായ പെരുമാറ്റ ദൂഷ്യവും ഗുരുതരമായ കൃത്യവിലോപവുമാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള സെക്ഷന്‍ 13 (1) (ഡി), 13 (2) എന്നീ വകുപ്പുകളും ഇന്‍ഡ്യന്‍ പീനല്‍കോഡ് സെക്ഷന്‍ 120 (ബി), 34 വകുപ്പുകളും കൂട്ടിച്ചേര്‍ത്താണ് റിമാന്‍ഡ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി മരട് പഞ്ചായത്തില്‍ നിന്നുള്ള പെര്‍മിറ്റ് ഫയല്‍, നിര്‍മാണവുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍, ഫയലുകള്‍, മരട് പഞ്ചായത്ത് അധികാരികള്‍ തയാറാക്കി സമര്‍പ്പിച്ച സത്യവാങ്മൂലം, കെട്ടിട നിര്‍മാണ പെര്‍മിറ്റിനുവേണ്ടി ആര്‍ക്കിടെക്ട് തയാറാക്കിയ സൈറ്റ് പ്ലാന്‍, ഡ്രോയിങുകള്‍ തുടങ്ങിയ രേഖകളും മരട് വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കെട്ടിട നികുതി രജിസ്റ്റര്‍, സ്‌കെച്ച് എന്നിവ പരിശോധിച്ച് കസ്റ്റഡിയില്‍ എടുത്തതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it