Kerala

എറണാകുളം ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ള 544 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്.

എറണാകുളം ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു
X

കൊച്ചി: എറണാകുളം ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം 39 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 142 ആയി.

ജൂലൈ മൂന്നാം തീയതി ചെല്ലാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച് 13 ദിവസം പിന്നിടുമ്പോൾ പ്രദേശത്ത് നിന്നുള്ള രോഗികളുടെ എണ്ണം 142ൽ എത്തി നിൽക്കുന്നു. അതിവ്യാപനം തടയാൻ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ചെല്ലാനത്ത് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേർക്ക്.

പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ള 544 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതിൽ എഴുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ അടക്കമുള്ള മറ്റ് ടെസ്റ്റുകൾ വഴി രോഗം സ്ഥിരീകരിച്ചത് 72 പേർക്കും. രോഗം ബാധിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ തന്നെ നിരവധി പേരുള്ളത് ആശങ്ക കൂട്ടുന്നു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളായ കണ്ണമാലി, കുമ്പളങ്ങി എന്നിവിടങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. നിലവിൽ ചെല്ലാനത്ത് രോഗലക്ഷണമുള്ളവർക്ക് ടെലി മെഡിസിൻ സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചെല്ലാനം സെന്റ് ആന്റണീസ് പള്ളിയോട് ചേർന്നുള്ള കെട്ടിടം 50 കിടക്കകൾ ഉള്ള താത്കാലിക ആശുപത്രിയാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചെല്ലാനത്ത് നിന്ന് ആലപ്പുഴയിലെ തീരദേശങ്ങളിലേക്ക് രോഗവ്യാപനം തടയാനുള്ള ശ്രമം തുടരുകയാണ് ആരോഗ്യവകുപ്പ്. ചെല്ലാനം, മുനമ്പം, കാളമുക്ക് എന്നീ ഹാർബറുകൾ മുൻകരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it