Kerala

കൊവിഡ്-19: എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളെ ആക്ഷേപിക്കുന്നത് ജാള്യത മറയ്ക്കാന്‍:യുഡിഎഫ് കണ്‍വീനര്‍

പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളും വസ്തുതാപരവും കണക്കുകളുടെ അടിസ്ഥാനത്തില്‍ ഉള്ളവയുമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തിയതും സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ അപാകതകള്‍ ശ്രദ്ധയില്‍ പെടുത്തിയതും സാലറി ചലഞ്ച് പോലെയുള്ള നടപടിയിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടുകയുമാണ് പ്രതിപക്ഷ നേതാക്കള്‍ ചെയ്തത്

കൊവിഡ്-19: എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളെ ആക്ഷേപിക്കുന്നത് ജാള്യത മറയ്ക്കാന്‍:യുഡിഎഫ് കണ്‍വീനര്‍
X

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിയും സര്‍ക്കാരും നടത്തുന്ന രാഷ്ട്രീയവല്‍്ക്കരണം പുറത്തു വന്നപ്പോഴുള്ള ജാള്യത മറയ്ക്കുന്നതിനായാണ് പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ശ്രമിക്കുന്നതെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും കലവറയില്ലാത്ത പിന്തുണയാണ് യു ഡി എഫ് നല്‍കിയത്. രാഷ്ട്രീയം നോക്കാതെയുള്ള സഹകരണം സര്‍ക്കാരിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന് വന്ന വീഴ്ചകളും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളും ചൂണ്ടിക്കാട്ടുക എന്ന പ്രതിപക്ഷ ധര്‍മ്മമാണ് കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ നിര്‍വഹിച്ചതെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളും വസ്തുതാപരവും കണക്കുകളുടെ അടിസ്ഥാനത്തില്‍ ഉള്ളവയുമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തിയതും സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലെ അപാകതകള്‍ ശ്രദ്ധയില്‍ പെടുത്തിയതും സാലറി ചലഞ്ച് പോലെയുള്ള നടപടിയിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടുകയുമാണ് പ്രതിപക്ഷ നേതാക്കള്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജില്‍ പതിനാലായിരം കോടി രൂപ കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയും കൊവിഡിന്റെ മറവില്‍ പാക്കേജ് പ്രഖ്യാപിച്ചുള്ള തട്ടിപ്പായിരുന്നു. ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളികളുടെ തന്നെ വിഹിതമാണ് ആശ്വാസധനമായി പ്രഖ്യാപിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള ഫണ്ട് ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസ് ശുചീകരണത്തിനായി ഉപയോഗിച്ചതും അഴിമതിയാണ്. പ്രളയകാലത്ത് കിട്ടിയ ദുരിതാശ്വാസ ഫണ്ടില്‍ നടന്ന കോടികളുടെ അഴിമതിയും പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടികാട്ടിയതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതുമെന്നും ബെന്നി ബഹനാന്‍ എംപി വ്യക്തമാക്കി.വസ്തുതകള്‍ പുറത്തു വന്നപ്പോള്‍ ഇടതു നേതാക്കള്‍ നടത്തുന്ന ആക്ഷേപങ്ങള്‍ കൊവിഡിന്റെ മറ പിടിച്ചു നടക്കുന്ന തട്ടിപ്പുകളും രാഷ്ട്രീയവല്‍ക്കരണവും മൂടി വെയ്ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്ന യു ഡി എഫ് നിലപാട് തുടരുമെന്നും ആരെതിര്‍ത്താലും വീഴ്ചകളും തെറ്റുകളും ഇനിയും തുറന്നു പറയുക തന്നെ ചെയ്യുമെന്നും ബെന്നി ബെഹനാന്‍ എംപി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it