Kerala

കൊവിഡ്-19: എറണാകുളത്ത് മൂന്നു പേര്‍ക്ക് കൂടി രോഗം;രണ്ടു പേര്‍ ഫ്രാന്‍സില്‍ നിന്നും വന്നവര്‍; ഒരാള്‍ രോഗബാധിതനുമായി ഇടപഴകിയ ആള്‍

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 22 ഉം 23 ഉം വയസുള്ള രണ്ടു യുവാക്കള്‍ 15 ന് ഫ്രാന്‍സില്‍ നിന്നും എത്തിയവര്‍. രണ്ടു പേരും നീരീക്ഷണത്തിലായിരുന്നു. മാര്‍ച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച 61 വയസുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍

കൊവിഡ്-19: എറണാകുളത്ത് മൂന്നു പേര്‍ക്ക് കൂടി രോഗം;രണ്ടു പേര്‍ ഫ്രാന്‍സില്‍ നിന്നും വന്നവര്‍; ഒരാള്‍ രോഗബാധിതനുമായി ഇടപഴകിയ ആള്‍
X

കൊച്ചി:എറണാകുളത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ച മുന്നു പേരില്‍ രണ്ടു പേര്‍ ഫ്രാന്‍സില്‍ നിന്നും തിരികെ വന്നവരും മൂന്നാമത്തെയാള്‍ നേരത്തെ കൊവിഡ്-19 സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ വ്യക്തിയും.ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 22 വയസ്സുള്ള, എറണാകുളം സ്വദേശിയായ യുവാവ്, ഈ മാസം 15ന് ഫ്രാന്‍സില്‍ നിന്നും ഫ്‌ളൈറ്റില്‍ ഡല്‍ഹിവരെയും, തുടര്‍ന്ന് മാര്‍ച്ച് 16 ന് ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്കും വന്ന ശേഷം മാനദണ്ഡ പ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്‌ളൈറ്റില്‍, ഫ്രാന്‍സില്‍ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. മാനദണ്ഡ പ്രകാരമുള്ള നിരീക്ഷണത്തില്‍ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇദ്ദേഹത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്കയക്കുകയായിരുന്നു. മാര്‍ച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച 61 വയസുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാള്‍.

ഇന്നലെ രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 3 പേരും വീട്ടില്‍ നിരീക്ഷണത്തില്‍ തന്നെ തുടരുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയ എല്ലാവരുടെയും വിശദ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഇന്ന് പുതിയതായി 61 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 1134 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3308 ആണ്.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3274 ആണ്.ഇന്ന് പുതുതായി 3 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ രണ്ട് പേരെയും മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയും ആണ് ഇന്ന് പുതുതായി പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി. ഇതില്‍ 26 പേര്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലും, 8 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ആണുള്ളത്.

ജില്ലയില്‍ നിന്നും ഇന്ന് 33 സാമ്പിളുകള്‍ കൂടി പരിശോനയ്ക്ക് അയച്ചു.ഇനി 68 സാമ്പിളുകളുടെ കൂടി ഫലം ആണ് ഇനി ലഭിക്കാനുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ ബാധകമാണ്. 0484 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമിന്റെ സേവനം ലഭ്യമാണ്.കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനത്തിന് തയാറുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

Next Story

RELATED STORIES

Share it