Kerala

സഹകരണ സംഘങ്ങള്‍ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ 50 വയസിന് താഴെ പ്രായമുള്ളവര്‍ 23 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം.115 വര്‍ഷത്തെ പഴക്കമുള്ളവയാണ് സംസ്ഥാനത്തെ സഹകരണ മേഖല. അത് കാലത്തിനനുസരിച്ച് മാറണം. ഈ ലക്ഷ്യത്തോടെയാണ് കേരള ബാങ്കിന്റെ രൂപീകരണം. വന്‍കിട ബാങ്കുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അന്യമാകുകയാണ്. എസ്ബിടി - എസ്ബിഐ ലയനം തന്നെ ഇതിന് ഉദാഹരണമാണ്

സഹകരണ സംഘങ്ങള്‍ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
X

കൊച്ചി: നിക്ഷേപമുണ്ടാക്കുന്നതോടൊപ്പം തന്നെ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുവാനും സഹകരണ സംഘങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്തര്‍ദേശീയ സഹകരണ ദിനാചരണ ഉദ്ഘാടനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സഹകരണ ബാങ്കുകളിലെ ഇടപാടുകാരില്‍ 50 വയസിന് താഴെ പ്രായമുള്ളവര്‍ 23 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം. അവര്‍ ആഗ്രഹിക്കുന്ന ആധുനിക സേവനങ്ങള്‍ ലഭിക്കാത്തതാണ് തടസം. സ്മാര്‍ട് ഫോണില്‍ എല്ലാ സേവനവും നല്‍കുന്ന ബാങ്കുകള്‍ക്ക് പിന്നാലെയാണ് അവര്‍. സര്‍വീസ് ചാര്‍ജ് ഈടാക്കിയാലും സേവനം എളുപ്പത്തില്‍ കയ്യില്‍ ലഭിക്കണം എന്നതാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 115 വര്‍ഷത്തെ പഴക്കമുള്ളവയാണ് സംസ്ഥാനത്തെ സഹകരണ മേഖല. അത് കാലത്തിനനുസരിച്ച് മാറണം. ഈ ലക്ഷ്യത്തോടെയാണ് കേരള ബാങ്കിന്റെ രൂപീകരണം.

വന്‍കിട ബാങ്കുകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് അന്യമാകുകയാണ്. എസ്ബിടി - എസ്ബിഐ ലയനം തന്നെ ഇതിന് ഉദാഹരണമാണ്. ഒന്നരലക്ഷം കോടിയോളമുള്ള പ്രവാസികളുടെ നിക്ഷേപം മറ്റ് ബാങ്കുകളിലാണ്. അത് സഹകരണ മേഖലയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ അവസാനഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മരണാനന്തര കര്‍മ്മങ്ങളില്‍ മുതല്‍ ഐ.ടി വ്യവസായം വരെയുള്ള സര്‍വ്വ മേഖലകളിലും സഹകരണ സംഘങ്ങളുടെ സ്വാധീനമുണ്ട്. സംസ്ഥാനത്താകെ വിവിധ മേഖലകളിലായി 15428 സഹകരണ സംഘങ്ങളുണ്ട്. ഇതില്‍ പന്തീരായീരവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവകളില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നേരിട്ടും 12 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. ദേശീയ ക്ഷീര വികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 9 വിഭാഗങ്ങളിലായി 33 സഹകരണ സംഘങ്ങളെ സംസ്ഥാന തലത്തില്‍ മികച്ച സഹകരണ സംഘങ്ങളായി തിരഞ്ഞെടുത്തിരുന്നു. ഇവര്‍ മന്ത്രിയില്‍ നിന്ന് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

Next Story

RELATED STORIES

Share it