Kerala

മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി 15 ലക്ഷം തട്ടിയ കേസ്; സൈനിക നേഴ്സ് അറസ്റ്റിലായത് വീണ്ടും തട്ടിപ്പിനു ശ്രമിക്കവെ

മിലിറ്ററി ക്യാംപില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കുള്ള നേഴ്സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസില്‍ സ്മിതയെ (43) ആണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്

മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി 15 ലക്ഷം തട്ടിയ കേസ്; സൈനിക നേഴ്സ് അറസ്റ്റിലായത് വീണ്ടും തട്ടിപ്പിനു ശ്രമിക്കവെ
X

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി 15 ലക്ഷം തട്ടിയ മിലിട്ടറി നേഴ്‌സ് പോലിസ് വലയില്‍ കുടുങ്ങിയത്് മറ്റൊരു പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പരാതിക്കാരനെ വീണ്ടും കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍.മാട്രി മോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി യുവാവില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മിലിറ്ററി ക്യാംപില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കുള്ള നേഴ്സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസില്‍ സ്മിതയെ (43)യെ കഴിഞ്ഞ ദിവസമാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കേരള മാട്രിമോണിയല്‍ ഏജന്‍സിയില്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട പേര് രജിസ്റ്റര്‍ ചെയ്ത പരാതിക്കാരന്‍ 2016 മേയ് മാസത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ ശ്രുതി ശങ്കര്‍ എന്ന പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ വിവാഹബന്ധത്തിന് താല്‍പ്പര്യമുണ്ടെന്നു കാണിച്ച് സന്ദേശം അയച്ചിരുന്നു. ബന്ധത്തിന് പെണ്‍കുട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന്‍ പ്രൊഫൈലില്‍ നല്‍കിയിരുന്ന നമ്പറില്‍ വിളിച്ച് പെണ്‍കുട്ടിയുടെ ബന്ധുവുമായി സംസാരിക്കുകയും തുടര്‍ന്ന് ജാതകം പരിശോധിച്ച് ആലോചനയുമായി മുന്നോട്ടുപോകാമെന്ന ധാരണയിലെത്തുകയും പരാതിക്കാരന് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. ഇവര്‍ തമ്മില്‍ സംസാരിക്കുകയും ഇഷ്ടത്തിലാവുകയും ചെയ്തു.

ശ്രുതി എംബിബിഎസ് എംഡിക്ക് കല്‍ക്കത്തയില്‍ പഠിക്കുകയാണെന്നും അവര്‍ കുടുംബമായി ബോംബെയില്‍ സ്ഥിരതാമസമാണെന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. പരാതിക്കാരന്റെ സാമ്പത്തികസ്ഥിതി മനസിലാക്കിയ ഇവര്‍ അത്യാവശ്യകാര്യത്തിനെന്നുപറഞ്ഞ് പണം ആവശ്യപ്പെട്ടു തുടങ്ങി. വിവാഹം ഉറപ്പിച്ചതിനാല്‍ ആവശ്യപ്പെടുമ്പോഴെല്ലാം പരാതിക്കാരന്‍ പണം അയച്ചു കൊടുക്കുമായിരുന്നു. തുടര്‍ന്ന് ശ്രുതിയുടെ ബന്ധുവായ സ്മിതയുടെ അക്കൗണ്ട് നമ്പറിലേക്കാണ് പരാതിക്കാരന്‍ 15 ലക്ഷം രൂപ അയച്ചുകൊടുത്തത്. ഇതിനിടയില്‍ പലപ്പോഴായി ശ്രുതിയുടെ ഫോട്ടോ എന്നുപറഞ്ഞ് വ്യാജ പ്രൊഫൈലില്‍ ഉള്ള ഫോട്ടോയും കുടുംബ ഫോട്ടോയും അയച്ചുകൊടുത്തിരുന്നു. ഒരിക്കല്‍പോലും പ്രതി വീഡിയോ ചാറ്റിങ്ങിലൂടെ പരാതിക്കാരനുമായി ബന്ധപ്പെട്ടിട്ടില്ല. അത് തെറ്റാണ് എന്ന വിധത്തില്‍ പരാതിക്കാരനെ ധരിപ്പിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല ഒഴിവുകളും ഇവര്‍ പറയാന്‍ തുടങ്ങി.ഇതിനിടയില്‍ ഇവര്‍ തനിക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞു പരാതിക്കാരനെ ഒഴിവാക്കി.

ഒരു മാസം മുമ്പ് വീണ്ടും പ്രതി നിയതി നാരായണന്‍ എന്ന പ്രൊഫൈലില്‍ മാട്രിമോണിയല്‍ സൈറ്റില്‍ ലോഗിന്‍ ചെയ്തു പരാതിക്കാരനെ ബന്ധപ്പെട്ടു. പ്രതിയുടെ സംസാരത്തില്‍ നിന്ന് തന്നെ കബളിപ്പിച്ച പഴയ പെണ്‍കുട്ടിയാണിതെന്ന് മനസിലായി. ഇതേത്തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ ലാല്‍ജിക്ക് പരാതി നല്‍കി. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ് ശങ്കറിന്റെ നേതൃത്വത്തില്‍ മാട്രിമോണിയില്‍ ഓഫിസിലും ബാങ്കിലും നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയുടേതായുള്ള രണ്ട് അക്കൗണ്ടുകളും വ്യാജ പ്രൊഫൈല്‍ ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആന്റിയുടെയാണെന്നു പറഞ്ഞ് പ്രതി അയച്ചുകൊടുത്ത സ്മിതയുടെ അക്കൗണ്ട് ഡീറ്റെയില്‍സ് പോലീസ് ശേഖരിച്ചു. സ്മിത തിരുവനന്തപുരം സ്വദേശിയാണെന്നു മനസിലാക്കിയ സെന്‍ട്രല്‍ പോലിസ് അന്വേഷണം തിരുവനന്തപുരം ഭാഗത്തേക്ക് വ്യാപിപ്പിച്ച് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍, എസ് ഐ വിബിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.സബ് ഇന്‍സ്പെക്ടര്‍ സുനു മോന്‍, എഎസ്‌ഐ അരുള്‍, എസ്‌സിപിഒ അനീഷ്, ജാക്ക്സണ്‍, സിപിമാരായ അജിത് ഇഗ്നേഷ്യസ് ഡബ്ല്യൂസിപിഒമാരായ ബീന. റീന എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it