മമ്മാക്കുന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്

മമ്മാക്കുന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: മമ്മാക്കുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. മമ്മാക്കുന്നിലെ ശിഹാബിന്റെ വീടിനു നേരെയാണ് ശനിയാഴ്ച അര്‍ധരാത്രി 12.10ഓടെ സിപിഎം പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞത്. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ശിഹാബിന്റെ ഉമ്മാമ മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം മരണാനന്തര ചടങ്ങുകള്‍ക്കായി മുതുകുറ്റിയിലെ സഹോദരിയുടെ വീട്ടില്‍ പോയതായിരുന്നു. രാത്രി ഒന്നോടെ തിരിച്ചെത്തിയപ്പോഴാണ് ബോംബെറിഞ്ഞ കാര്യം വീട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ് എടക്കാട് പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഒരു നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണു പോലിസ് നിഗമനം. ബോംബേറില്‍ വീടിന്റെ മുന്‍വാതില്‍ തകര്‍ന്നു. ഓടിട്ട വീടിന്റെ മേല്‍ക്കൂരയുടെ ഞാലി തകരുകയും ചുവരിനു കേടുപാട് സംഭവിക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരായ വാര്‍ഡ് മെംബര്‍ എ സി നസീര്‍, മുത്തേടത്തില്‍ റംഷീദ്, മച്ചമാര്‍ക്കണ്ടി പ്രദീപന്‍, നിട്ടൂര്‍വീട്ടില്‍ മണി, കെ കെ ജയരാജന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പ്രദേശത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിനെ ശിഹാബ് ചോദ്യം ചെയ്തപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു ബോംബേറെന്നാണു നിഗമനം.

ആക്രമിക്കപ്പെട്ട വീട് എസ്ഡിപിഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി ടി വി ശംസീര്‍, മണ്ഡലം പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി അന്‍സാരി ധര്‍മ്മടം, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നിയാസ് തറമ്മല്‍, മമ്മാക്കുന്ന് മഹല്ല് പ്രസിഡന്റ് മുസ്തഫ ഹാജി, സെക്രട്ടറി അസീസ്, ഖത്തീബ് മുഹ്‌യദ്ധീന്‍ ബാഖവി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.


നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ശ്രമം: എസ് ഡിപിഐ

കണ്ണൂര്‍: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ വെപ്രാളത്തിലായ സിപിഎം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവിച്ചു. യാതൊരുവിധ സംഘര്‍ഷവുമില്ലാത്ത മമ്മാക്കുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ശിഹാബിന്റെ വീടിനു നേരെയുണ്ടായ ബോബേറ് പ്രതിഷേധാര്‍ഹമാണ്. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ശിഹാബിനെ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. പോലിസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. അക്രമികളെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് ഒറ്റപ്പെടുത്തണം. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.




RELATED STORIES

Share it
Top