Kerala

തോട്ടപ്പള്ളിയില്‍ നിന്ന് ചെല്ലാനത്തേക്ക് മണല്‍ നീക്കാനുള്ള ശ്രമം ഉപേക്ഷിച്ചു

ചെല്ലാനത്തെ 2500 ഓളം വരുന്ന കുടുംബങ്ങളെ നേരിട്ടും അതിന്റെ ഇരട്ടി കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് കടൽകയറ്റവും അനുബന്ധ പ്രശ്നങ്ങളും.

തോട്ടപ്പള്ളിയില്‍ നിന്ന് ചെല്ലാനത്തേക്ക് മണല്‍ നീക്കാനുള്ള ശ്രമം ഉപേക്ഷിച്ചു
X

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തു നിന്ന് ചെല്ലാനത്തേക്ക് മണൽ കടത്താനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്ന് ഉച്ചയോടെയാണ് എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം ഇറിഗേഷൻ ഉദ്യോഗസ്ഥർ മണൽ കൊണ്ടുപോകാനെത്തിയത്. ചെല്ലാനം ഭാഗത്തെ കടൽ ക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കലക്ടർ മണലെടുക്കാൻ ഉത്തരവ് കൈമാറിയത്.

ഈ വിവരം പുറക്കാട് പഞ്ചായത്തിനെ അറിയിച്ചിരുന്നുവെങ്കിലും പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തോട്ടപ്പള്ളി തുറമുഖത്തെ മണൽ ഉപയോഗിക്കണമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. പഞ്ചായത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ഉദ്യോഗസ്ഥർ മണലെടുത്തത്. 8750 ക്യംബിക് മീറ്റർ മണലെടുക്കാനായിരുന്നു തീരുമാനം. ഏകദേശം 500 ടോറസ് മണലാണ് എടുക്കാൻ തീരുമാനിച്ചത്.

7 ലോഡ് മണലെടുത്ത ശേഷമാണ് വിവിധ സംഘടനകൾ തടഞ്ഞത്. പിന്നീട് മന്ത്രി ജി സുധാകരൻ, ജില്ലാ കലക്ടർ, ജില്ലാ പോലിസ് മേധാവി, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ടതിന് ശേഷം ഇറിഗേഷൻ ഉദ്യോഗസ്ഥർ മണലെടുപ്പ് നിർത്തിവെച്ചു. പിന്നീട് ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കാമെന്ന ഉറപ്പിൽ ടോറസുകൾ തിരിച്ചയ്ക്കുകയായിരുന്നു.

കടൽഭിത്തി തകർന്ന ചെല്ലാനത്തെ വാച്ചാക്കൽ, കമ്പനിപ്പടി,ബസാർ,വേളാങ്കണ്ണി, ചെറിയകടവ് എന്നീ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജിയോ സിന്തറ്റിക് ട്യൂബ് കൊണ്ട് കടൽ ഭിത്തി പുനർനിർമിക്കാനുള്ള പദ്ധതി നടപ്പിലാക്കാത്തതിനെതിരേ ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രദേശവാസികൾ സമരത്തിലാണ്. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ പദ്ധതിയിൽ തീരശോഷണ ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ചെല്ലാനം.

ചെല്ലാനത്തെ 2500 ഓളം വരുന്ന കുടുംബങ്ങളെ നേരിട്ടും അതിന്റെ ഇരട്ടി കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് കടൽകയറ്റവും അനുബന്ധ പ്രശ്നങ്ങളും. തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന കടൽകയറ്റം മൂലം ഈ പ്രദേശത്തെ വീടുകൾ ഇപ്പോൾ തന്നെ ദുർബലാവസ്ഥയിൽ ആണ്. ഈ വർഷക്കാലത്തും കടൽകയറ്റം നേരിടേണ്ടി വന്നാൽ തീർത്താൽ തീരാത്ത നഷ്ടങ്ങളായിരിക്കും ചെല്ലാനത്തെ ജനങ്ങൾ നേരിടേണ്ടി വരിക.

Next Story

RELATED STORIES

Share it