Kerala

ആലുവയില്‍ മയക്ക് മരുന്ന് വേട്ട തുടരുന്നു; രണ്ട് യുവാക്കള്‍ പിടിയില്‍

ഇവരുടെ പക്കല്‍ നിന്ന് 102 എണ്ണം നൈട്രോ സെപാം മയക്ക് മരുന്ന് ഗുളികകള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവരുടെ തലവനായ സ്‌നിപ്പര്‍ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെ 120 എണ്ണം നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ ഇരുവരും ഏറെ നാളുകളായി സ്‌നിപ്പര്‍ ഷേക്കിന്റെ കീഴില്‍ മയക്ക് മരുന്ന് വിപണനത്തില്‍ പങ്കാളികളാണ്. എന്നാല്‍ മയക്കുമരുന്നുകളുമായി ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. സ്‌നിപ്പര്‍ ഷേക്കിന്റെ നിര്‍ദ്ദേശ പ്രകാരം മയക്ക് മരുന്നുകള്‍ സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് എടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റ്മാര്‍ക്ക് കൈമാറിയിരുന്നത് ഇവര്‍ ഇരുവരുമാണ്

ആലുവയില്‍ മയക്ക് മരുന്ന് വേട്ട തുടരുന്നു; രണ്ട് യുവാക്കള്‍ പിടിയില്‍
X

കൊച്ചി: ആലുവ കേന്ദ്രികരിച്ച് ലഹരി മരുന്ന് വില്‍പ്പന നടത്തി വരുന്ന വന്‍ മാഫിയ സംഘത്തിലെ രണ്ട് പ്രധാന കണ്ണികള്‍ കൂടി പിടിയില്‍. അറക്കപ്പടി വലിയകുളം കരയില്‍ പാണ്ടി രാജു എന്ന് വിളിക്കുന്ന നവനീത് (22) അറക്കപ്പടി വലിയകുളത്ത് തന്നെ താമസിക്കുന്ന അന്തകാരം ബാബു എന്ന് വിളിക്കുന്ന രാഹുല്‍ (21) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം അറസ്റ്റു ചെയ്തത്്. ഇവരുടെ പക്കല്‍ നിന്ന് 102 എണ്ണം നൈട്രോ സെപാം മയക്ക് മരുന്ന് ഗുളികകള്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവരുടെ തലവനായ സ്‌നിപ്പര്‍ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെ 120 എണ്ണം നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ ഇരുവരും ഏറെ നാളുകളായി സ്‌നിപ്പര്‍ ഷേക്കിന്റെ കീഴില്‍ മയക്ക് മരുന്ന് വിപണനത്തില്‍ പങ്കാളികളാണ്. എന്നാല്‍ മയക്കുമരുന്നുകളുമായി ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. സ്‌നിപ്പര്‍ ഷേക്കിന്റെ നിര്‍ദ്ദേശ പ്രകാരം മയക്ക് മരുന്നുകള്‍ സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് എടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റ്മാര്‍ക്ക് കൈമാറിയിരുന്നത് ഇവര്‍ ഇരുവരുമാണ്. ഇവരുടെ പ്രവര്‍ത്തനം പ്രധാനമായും കോളജുകളും, ഹോസ്റ്റലുകളുമാണ്. അവധി കാലത്ത് വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തന്നെ തങ്ങുന്ന വിദ്യാര്‍ഥി , വിദ്യാര്‍ഥിനികളാണ് ഇവര്‍ വിരിക്കുന്ന ലഹരി വലയില്‍ കൂടുതലും അകപ്പെട്ട് പോകുന്നത്. മയക്ക് മരുന്നിന്റെ ടെസ്റ്റ് ഡോസ് ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന യുവതി , യുവാക്കളെ ചതി പ്രയോഗത്തിലൂടെ ഇവര്‍ വലയിലാക്കും. ശീതളപാനിയത്തില്‍ ഇത്തരം മയക്കുമരുന്നു ഗുളികകള്‍ ചേര്‍ത്ത് ലഹരിക്ക് അടിമയായ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ വഴി നിരപരാധികളായ ആളുകളിലേയ്ക്ക് എത്തിക്കുകയും അവരും അതിലൂടെ ഇവരുടെ ലഹരിയ്ക്ക് അടിമകളാകുകയും, അങ്ങനെ ഇവരുടെ സാമ്രാജ്യം വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഇവരുടെ ഭീഷിണി ഭയന്ന് ഇക്കാര്യങ്ങള്‍ ഒന്നും പുറത്ത് പറയാനാവാതെ യുവതി, യുവാക്കള്‍ ഇവരുടെ ലഹരിക്കെണിയില്‍ പെട്ടു പോവുകയാണ്. സോഷ്യല്‍ മീഡിയ വഴി മയക്ക് മരുന്നുകള്‍ കൈമാറുന്ന ഇവര്‍ യഥാര്‍ഥ പേര് വെളിപ്പെടുത്താതെ കോഡ് നൈമിലാണ് പരക്കെ അറിയപ്പെടുന്നത്. സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ദിനം പ്രതി നിരവധി യുവാക്കള്‍ മയക്ക് മരുന്ന് ഗുളികകള്‍ വാങ്ങാന്‍ എത്താറുള്ളതായും ഇവര്‍ പറയുന്നു. ഈ മാസം ഇതുവരെ നാലു പേരെയാണ് ലഹരി മരുന്ന് ഗുളികകകളുമായി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുക്കുന്നത്. 312 എണ്ണം നൈട്രോസഫാം ഗുളികകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സേലം ബസ് സ്റ്റാന്റിന് സമീപം ഇറ്റാലിയന്‍ നിര്‍മ്മിത ആഢംഭര വാഹനത്തില്‍ എത്താറുള്ള ചിന്നദുരൈ എന്ന് പരിചയപെടുത്തിയ ആളില്‍ നിന്നാണ് മയക്ക് മരുന്ന് ഗുളികകള്‍ വാങ്ങുന്നതെന്നും സ്‌നിപര്‍ ഷേക്കാണ് ഇയാളെ വിളിച്ച് മയക്ക് മരുന്ന് അറേഞ്ച് ചെയ്യുന്നതെന്നും ഇവര്‍ക്ക് ചിന്ന ദുരൈയുമായി നേരിട്ട് ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്‌നിപ്പര്‍ ഷേക്ക് പിടിയിലായതിനെ തുടര്‍ന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷന് സമീപം കാട് പിടിച്ച് കിടക്കുന്ന ഇവരുടെ രഹസ്യ സങ്കേതമായ 'അന്തര്‍' എന്ന് ഇവര്‍ പറയുന്ന ഇവരുടെ താവളത്തിലേയ്ക്ക് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം ഇടിച്ച് കയറുകയായിരുന്നു. തല്‍ സമയം അവിടെയുണ്ടായിരുന്ന ഇവര്‍ ഇരുവരും കൈവശമുണ്ടായിരുന്ന മയക്ക് മരുന്ന് ഗുളികകള്‍ വലിച്ചെറിഞ്ഞ ശേഷം 'പിന്‍' എന്ന് ഇവര്‍ പറയുന്ന ചെറിയ കത്തി ഷാഡോ സംഘത്തിന് നേരെ ചൂണ്ടി ന്യൂ ജനറേഷന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി ഷാഡോ സംഘം ഇവരെ കീഴ്‌പെടുത്തുകയായിരുന്നു. പിടിക്കപ്പെട്ടു എങ്കിലും അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചു വിട്ട അന്തകാരം ബാബു എന്ന രാഹുലിനെ പ്രാധമിക ചികിത്സക്കായി ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കി. തുടര്‍ന്ന് ഇരുവരേയും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവരുടെ കെണിയില്‍ അകപ്പെട്ട് പോയ യുവതി, യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ എ വാസുദേവന്‍, എ ബി സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി. അജിത് കുമാര്‍, സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it