Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള വിസ്താരം വിചാരണക്കോടതിയില്‍ പുരോഗമിക്കുകയാണ്

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം വിചാരണക്കോടതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുന്നത്.

കേസില്‍ എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള വിസ്താരം വിചാരണക്കോടതിയില്‍ പുരോഗമിക്കുകയാണ്. പള്‍സര്‍ സുനിയും മറ്റ് രണ്ടുപ്രതികളും ഗൂഢാലോചന നടത്തി, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, പണം തട്ടാന്‍ ശ്രമിച്ചു എന്നിവയായിരുന്നു ദിലീപ് നല്‍കിയ പരാതിയിലെ പ്രധാന ആരോപണങ്ങള്‍. താന്‍ ഇരയും വാദിയുമായ കേസുകളില്‍ ഒരുമിച്ച് കുറ്റം ചുമത്തിയത് റദ്ദാക്കണമെന്നും ഇത്തരത്തില്‍ ഒരുമിച്ച് കുറ്റം ചുമത്തി വിചാരണ നടത്തുന്നത് പതിവില്ലാത്തതാണെന്നുമായിരുന്നു ദിലീപിന്റെ വാദം.

എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നടിയെ ആക്രമിച്ചതിന് ദിലീപ് നല്‍കാം എന്നുപറഞ്ഞ പ്രതിഫലം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.പള്‍സര്‍ സുനിക്കെതിരെ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയത് പിഴവാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പോലീസിന്റ അന്തിമ റിപോര്‍ട്ടില്‍ ഇക്കാര്യം പറയുന്നില്ലെന്നും ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്തിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.

Next Story

RELATED STORIES

Share it